Friday, January 10, 2014

ദേശചരിത്രത്തിന്റെ സൂക്ഷിപ്പുകാർ

ചരിത്രം ചികയവേ
വെല്ലിമ്മയോളം പോന്ന
ചരിത്രകാരി ദേശത്തുണ്ടായിട്ടില്ല

കാലഗണനയുടെ
ആധുനികസംവിധാനങ്ങൾക്കപ്പുറത്ത്
കണക്കുകൂട്ടലുകളുടെ സാമൂഹിക
മാർക്സിയൻ വീക്ഷണമായിരുന്നു
വെല്ലിമ്മ അവലംബിച്ചത്

സംഭവങ്ങളുടെ തുടർച്ചയെതന്നെ
കാലഗണനയിൽ ഒരുക്കിച്ചേർത്ത്
ചരിത്രം പറയുമ്പോൾ
ഞങ്ങൾ ചരിത്രവിദ്യാർത്ഥികൾക്ക്
ഒരാശങ്കയും ഉണ്ടായിരുന്നില്ല

തിങ്കളോട് തിങ്കൾ എട്ടെന്ന്
രേഖപ്പെടുത്തുമ്പോൾ
കൃത്യമായ ഒരാഴ്ചവട്ടം തന്നെ പൂർത്തിയാകുന്നു


ബേബീടെ മൂത്തമോന്റെ നാല്പതെന്നാൽ
ചരിത്രം വ്യക്തമാക്കുന്നതാകട്ടെ
ബേബീടെ പ്രസവത്തിനു മുപ്പത്തിയെട്ടാം നാളെന്നർത്ഥം
അംഗൻവാടിയിലെ ഗോതമ്പ്
ബീരാൻകാടെ റൊട്ടിക്കച്ചവടം എല്ലാം പഠനവിഷയങ്ങൾ

മനുഷ്യനെന്ന ജീവബിന്ധുവിലാണ് ചരിത്രമെങ്കിലും
കമലൂന്റെ പയ്യിന്റെ പേറുചരിതം വരെ കൃത്യം


എങ്കിലും വിവരസാങ്കേതികവിദ്യ
പാട്ടിത്തള്ളയുടെ കുത്തകയായിരുന്നതിനാൽ
ചരിത്രസത്യങ്ങൾ പലതും കൈമാറുന്നത്
അവരിലൂടെ ആയിരുന്നു താനും

പ്രകോപനപരമായ ചർച്ചകളിലല്ലാതെ
വിവരദാതാവിനെ ഉദ്ധരിക്കാറേയില്ല
കടപ്പാടെന്ന പിങ്കുറി വഴക്കവും ഇല്ലതന്നെ
എന്തെന്നാൽ ചരിത്രം ദേശത്തിനായി സമർപ്പിക്കേണ്ട ഒന്നാണ്.

1 comment:

ഷംസ്-കിഴാടയില്‍ said...

പഴമ്പാട്ട് ചരിതം