Thursday, September 8, 2011

DEMOക്രസി

ഓരോ തിരഞ്ഞെടുപ്പിനൊടുവിലും

മൂലക്കുരു പൊട്ടിയൊലിക്കുന്നതുപോലെ

മഷിയൊലിക്കുന്ന  വിരല്‍

കര്‍മ്മഫലമെന്ന് വിധിച്ച്
ഓരോ വീതം വെക്കലിനും ശേഷം
ഞാന്‍ കൂരയിലേക്ക് മടങ്ങുന്നു.

എന്റെ രാഷ്ട്രീയം മാരത്തോണില്‍
വീണുപോയ ഓട്ടക്കാരന്റെതുപോലെ
ഒറ്റക്കാലനും ഏറെ മുന്നിലെത്തിയിരിക്കുന്നു

ആസനത്തില്‍ ആല്‍ മുളച്ചവരെ കണ്ടു
അവര്‍ അതിന്റെ തണലില്‍
ചെറുകാറ്റിന്റെ ഊഷ്മളതയിൽ

എന്നാലും ചിരിക്കുന്നില്ലെങ്കിലും
ചിരിച്ചെന്നുവരുത്താനുള്ള
എന്റെ അവകാശം ഞാന്‍ ഇഷ്ടപ്പെടുന്നു

എന്നാലും എന്റെ വാക്കുകള്‍
വാക്കുകളായി ശേഷിക്കുന്നതിനാല്‍
ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു


Sunday, August 14, 2011

സ്വാതന്ത്ര്യമേ...

പടിയിറക്കപ്പെട്ട എന്നെ  തിരിച്ചു വിളിക്കുക..
കാലം മുറിപ്പെടുത്തിയതെല്ലാം നമുക്ക് മറക്കാം
മുറിപ്പാടുകളിൽ നിന്ന് ഇറ്റിവീഴുന്ന ചോരത്തുള്ളികൾ
നമ്മുടെ പ്രണയത്തെ ഓർമ്മപ്പെടുത്തട്ടെ

വെടിയൊച്ചകൾ മുഴങ്ങുന്ന തെരുവുകൾ
രക്തം അഴുക്കായി മാറിയ ചാലുകൾ
കത്തിയമരുന്ന കുടിലുകൾ
അർബുദം ബാധിച്ച മനസ്സുകൾ

നമ്മുക്ക് മഴ കാണാം
അതിലെ ഓരോ തുള്ളിയും എത്ര കണിശം
നമുക്ക് അവ വേർതിരിക്കുന്നില്ല
ഒരേ ദാഹം ഒരേ ശമനം

നമുക്ക് വേനൽ കാണാം
അതിന്റെ ചൂട് നമുക്ക് തുല്യം
നമുക്ക് അവ വേർതിരിക്കുന്നില്ല
ഒരേ തീ ഒരേ വരൾച്ച

ഇനി നിനക്ക് എന്നെ കാണാം
നിനക്കായ് കരുതിവെച്ച കറുത്ത പൊട്ട്
അശാന്തി പൂക്കുന്നത് ഭയന്ന്
ഞാൻ സ്വയം അടച്ച മനസ്സ്

എന്റെ വാക്കുകൾ ശ്രവിക്കുന്നില്ല
എന്റെ മനം അറിയുന്നില്ല
നിങ്ങൾ എന്റെ ജാതകം നോക്കുന്നു
ഭ്രഷ്ടനാക്കുന്നു, പടിയടക്കുന്നു

എങ്കിലും കത്തിയമരുന്നതിനുമുൻപ്
ഒരു പിടി ചാരം കയ്യിലുയർത്തി
ഇതാ എന്റെ മണ്ണ് എന്ന്
എനിക്കു വിളിച്ചുപറയാന്‍ കഴിയണമേ..

Thursday, June 2, 2011

വിശുദ്ധയായ അഭയ

അടിവയറിലെ വേദന ശീതീകരണിയുടെ തണുപ്പ്
കുരിശിലേറ്റപ്പെട്ടപോല്‍ ത്രേസ്യാമകിടന്നു
അകലെ പള്ളിമണിയുടെ ആരവങ്ങള്‍
മുറിയില്‍ പുകകലര്‍ന്ന മദ്യഗന്ധം

അന്തര്‍ചോദനയാല്‍ അന്നേ ദിവസം
ത്രേസ്യാമക്ക് ഒരു ഉള്‍വിളിയുണ്ടായി
സ്വപനദര്‍ശനത്തില്‍ മാതാവ് അവളില്‍ വന്നു
അവള്‍ അഭയമാതാവിനെ അറിഞ്ഞു

ത്രേസ്യാമ്മ മാതാവിന്റെ കാല്‍പാദം മുത്തി
മാതാവിന് രക്തഗന്ധമെന്ന് തിരിച്ചറിഞ്ഞു
ത്രേസ്യാമ്മ ഉലക്കണ്ഠപ്പെടുന്നുവെന്നറിഞ്ഞ്
മാതാവ് സാത്വികമായ ചിരിയാല്‍ മൊഴിഞ്ഞു

എന്റേതല്ലാത്ത എന്റെ രക്തമാകുന്നു
നിന്നിലേക്കും നിന്റെ തലമുറയിലേക്കും പകരും
എന്നിൽ ആര്‍ക്കുവേണ്ടീയോ ചീന്തിയ രക്തം
ആര്‍ക്കോവേണ്ടി തകര്‍ത്തെറിഞ്ഞ മാംസം

മാതാവിന്റെ മുഖത്ത് ചുംബനം അര്‍പ്പിച്ചു
കണ്ണീര്‍ തുള്ളികളാല്‍ സ്നാനപ്പെടുത്തി
അര്‍പ്പിക്കപ്പെട്ട മാസത്താല്‍, രക്തത്താല്‍
ത്രേസ്യാമ്മ അഭയമാതാവിനെ വിശുദ്ധയാക്കി

Tuesday, May 10, 2011

ഒരു കേശ കഥ

ഒരു കേശ കഥ പറയുമ്പോള്‍
നിങ്ങള്‍ എന്നെ തൂക്കിലേറ്റരുത്
നാളെ ചന്ദനവും കളഭവുമായി
നാല്പാത്കോടിപ്പള്ളിയിലെത്തും
ചില്ല് കൂടിനകത്ത് ഒരു മൈര്
അതില്‍ തൊട്ടുവണങ്ങുന്ന മുല്ലമാര്‍.....
ജീവനില്‍ കൊതിയുള്ളതിനാല്‍
ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കാം,
നിങ്ങളോട് മാപ്പുചോദിക്കയാല്‍
ഉടയതമ്പുരാന്‍ എനിക്ക് മാപ്പ് തരില്ല
ഒരു ദൈവദാസന്റെ രോമം
എങ്ങിനെയാണ് പൂജനീയമാകുന്നത്
അങ്ങിനെയെങ്കില്‍, ചിത്രകാരാ
രോമത്തിന്‍റെ ഉടമയുടെ ചിത്രം വരക്കൂ
അതില്‍ പൂക്കള്‍ വര്‍ഷിക്കാമല്ലൊ
എന്നും പാലും തേനും ഒഴുക്കാമല്ലൊ
അതല്ലെ ഇതിനേക്കാള്‍ പുണ്ണ്യം

Tuesday, May 3, 2011

പ്രണയം





പ്രണയം
നിങ്ങൾ
ഇരുവരുടെ
മാത്രം കരാറില്‍
ഒതുങ്ങുന്നു
ആനന്ദമാണ്
പക്ഷെ
ബന്ധനമാണ്
നിങ്ങളെ
ഭൂമിയിൽ നിന്ന്
അദൃശ്യമാക്കുന്നു.
മലമുകളിലേക്ക്
പോകുംവരെ
മാത്രം
മുകളില്‍
ഏകാന്തത
ശൂന്യത
പക്ഷെ
വഴിയിൽ
ഉയർത്തിവിട്ട
കൊടുകാറ്റുകളെയും
പ്രളയത്തേയും
മഹാമാരികളെയും
നിങ്ങൾ
അറിയാതെ പോയി.

Saturday, April 23, 2011

Wednesday, April 20, 2011

മാര്‍ക്ക് ലിസ്റ്റ്


അമ്മ
എന്റെ ജീവിതം
വരിതെറ്റാതെ
എഴുതാന്‍ പഠിപ്പിക്കുന്നു

എന്നിട്ടും
അമ്മയുടെ
പുസ്തകത്തില്‍
അക്ഷരതെറ്റുകള്‍

മുത്തശ്ശി
കണക്കുകള്‍ തെറ്റി
തെക്കെചെരുവില്‍
കരഞ്ഞുകൂടി

ചേച്ചി
കിനാവുകള്‍ക്ക്
ചെവികൊടുക്കാതെ
ജീവിതം ഹോമിച്ചു

ഞാന്‍
എന്റെ അക്ഷരങ്ങള്‍ക്ക്
നിറം നല്‍കാനാകാതെ
ഏകാന്തതയില്‍

ആരുടെ
ജീവിതമാണ്
ശരിയുത്തരം
നൂറില്‍ നൂറ്

Sunday, March 27, 2011

പതിവ്രത

തിരണ്ടലുകള്‍
ജീവിതം
മാറ്റിയപ്പോള്‍
ഒരുപാട്
നഷ്ടങ്ങള്‍

കണ്ണിമാങ്ങ
കാവ്
പൂരങ്ങള്‍
ബലൂണ്‍കാരന്
കുപ്പിവളകള്‍
ബന്ധങ്ങള്‍


കൂട്ടം 
തെറ്റാതിരിക്കാന്‍
അമ്മക്കൂട്ട്

എല്ലാം ഭയം
പൂച്ച, ഒച്ച

തെന്നല്‍, മഴ

ജാഗ്രത

പതിവ്രതയാകുക
എത്ര ദുഷ്കരമാണ്


ജീവിതം ഒരു ദിവസം


പുലര്‍ച്ച
ചായ അപ്പം
പൊതിച്ചോര്‍
ചുംബനം

ഉച്ച
ഉപ്പില്ലാ
എരുവില്ലാ
പിണക്കം


സന്ധ്യ
മദ്യം
മര്‍ദ്ദനം
പുലയാട്ട്

രാത്രി
പ്രണയം
ചുംബനം
രതി

ഇന്നലെ
ആത്മഹത്യ
ഇന്ന്
ഉയര്‍ത്തെഴുനേല്പ്


സത്രീ ജന്മം പുണ്ണ്യജന്മം

കാല്‍ പന്തു പോലെ ജീവിതം- മിനിയേച്ചര്‍



കാല്‍ പന്തുകളിക്കാര്‍ന്റെ
കാല്‍ പന്തു പോലെ ജീവിതം
പുറം കാഴ്ച്ചയില്‍ ധീരം
അകം നോവേറ്റു പായുന്നു

ചവിട്ടി കണംകാലുകൊണ്ട്
നിലത്തടിച്ചുയര്‍ത്തി
ഇരുകാലുകളില്‍ തട്ടി
കാല്‍ വിട്ട് വിടാതെ അച്ചന്‍

മെല്ലെ തട്ടി തൊട്ടു തൊടാതെ
ഗോള്‍ മുഖത്തെ ലക്ഷ്യമാക്കി
നീളന്‍ ഷോട്ടുകള്‍ ഇല്ലാതെ
മൈതാനത്തില്‍ ഒതുങ്ങി അമ്മ

വഴിയില്‍ തടഞ്ഞുനിത്തി
മെല്ല പെരുവിരലില്‍ വെച്ച്
ഡിഫന്‍ഡറുടെ നീളന്‍ ഷോട്ട്
ദൂരം മത്രമായി കാമുകന്‍

പക്ഷിയെ പോല്‍ പറന്ന്
ഗോള്‍ വലയില്‍ കയറാതെ
പന്ത്‌  എത്തിപ്പിടിച്ച്  ഗോളിപോലെ
മാറോട് ചേര്‍ത്ത് ഭര്‍ത്താവ്

Tuesday, February 15, 2011

Wednesday, February 2, 2011

ശ്മശാനം




ശ്മശാനമൊരുങ്ങിക്കഴിഞ്ഞു
ശവങ്ങള്‍ വേണം
വര്‍ണ്ണാഭമായവര്‍
വര്‍ണ്ണാശ്രമധര്‍മ്മര്‍


പലതരം ശവങ്ങള്‍
പ്രണയപാപമറിഞ്ഞവര്‍
പാതാളം അറിഞ്ഞവര്‍
പ്രാപിച്ചവര്‍
പ്രാപിക്കപ്പെട്ടവര്‍

പലതരം ശവങ്ങള്‍
അരുതാ‍തെ പിറന്നവര്‍
അരുതാത്തത് ചൈയ്തവര്‍
അരുവിയില്‍ ഇല്ലാതെ ആയവര്‍
ആത്മത്തെ അറിഞ്ഞവര്‍

പലശവങ്ങള്‍
നേതാക്കളായവര്‍
നേടാതെ പോയവര്‍
നേരിനോട് എതിരിട്ടവര്‍
നെറികേട് കാട്ടിയവര്‍

പലശവങ്ങള്‍
ദാമ്പത്യം മുറിഞ്ഞവര്‍
ദാരിദ്ര്യം അറിഞ്ഞവര്‍
ദാഹനീരിനു കേണവര്‍
ദൈര്യമില്ലാതൊടുങ്ങിയവര്‍

എങ്കിലും ശവങ്ങള്‍
എത്ര മൂല്യമുള്ളവ
ഒന്നു കത്തിചു കാണിച്ച്
പിന്നെ വീണ്ടും അറവുകാരന്റെ
ആശുപത്രിമേശയില്‍

Tuesday, January 25, 2011

ഫോര്‍ത്ത് എസ്റ്റേറ്റ്


എന്‍റെ വലത്തെ ചെവിക്കടിയില്‍
ഒരു കറുത്ത മറു കുണ്ട്
ഇടക്കിടെ എന്‍റെ കാമിനി
അതില്‍ ചുംബിക്കാറുണ്ട്

ഇന്നലെ ആ മറുക് എന്നോട്
പതിവില്ലാത്ത ഒന്നു പറഞ്ഞു
ഇത് ഉറക്കെ വിളിച്ചുകൂകും
ഞാന്‍ ചൂണ്ടു വിരല്‍ ചുണ്ടില്‍ ശ്ശ്..

മറുക് പിന്നെ തുടര്‍ന്നു പറഞ്ഞു
എന്‍റെയും നിന്‍റെയും നാവ്
ഒന്നുമാത്രമായിരിക്കെ
ഞാന്‍ ആരോടും പറയില്ല

എങ്കിലും ഇനിയും നിന്‍റെ
കാമിനിയുടെ ചുംബനം
എന്നില്‍ തന്നെ ആയിരിക്കണം
മറുകിന്‍റെ വാക്കുകളില്‍ കാമം

കണ്ണും എന്‍റെ , കാതും എന്‍റെ
നാക്കും എന്‍റെ
നാലാമത് നീയും എന്‍റെ
സര്‍വ്വതന്ത്ര സ്വതന്ത്രം

Sunday, January 16, 2011

മദ്യഷാപ്പുകള്‍



ഗ്രാമത്തിലെ ഷാപ്പുകള്‍ക്ക്
സായന്തനത്തിന്‍റെ ഇളം ചുവപ്പ്
മനം തുറന്ന് അപ്പൂപ്പന്താടി പോലെ
പറക്കാന്‍ കൊതിക്കുന്നവര്‍

ഒറ്റക്കണ്ണിന്റെ ഏകാഗ്രതയില്‍
ഒരിറ്റ് ചോരാതെ വാസുവേട്ടന്‍
രാമേട്ടന്‍ വേദനയോളം നിറച്ച്
സൈക്കിള്‍ ബെല്ലിന്റെ ഈണത്തില്‍

കല്ലും മണ്ണും ഇറക്കിത്തളര്‍ന്നവന്റെ
വേദനസംഹാരി തേടിയെത്തുന്ന സഖാവ്
ഒഴിഞ്ഞ കുപ്പികളില്‍ ശേഷിക്കുന്ന
ലഹരി നുണയുന്ന കുഞ്ഞിത്തള്ള

നഗരം വര്‍ണ്ണരാജികള്‍ പോലെ
അരണ്ടവെളിച്ചമായി ഒറ്റക്ക്
ചിലപ്പോള്‍ നിറങ്ങളുടെ മേളമായി
ആള്‍കൂട്ടങ്ങളുടെ ആരവം

ബാറിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകളില്‍
ഒഴുകിപ്പോകുന്ന ജോസേട്ടന്‍
സിപ്പുകളുടെ അളവുകള്‍ ക്രിത്യമാക്കി
പുകച്ചുരുളുകള്‍ക്കിടയിലെ താടിക്കാരന്‍

സംഘശക്തിയുടെ പ്രകാശിതവലയത്തില്‍
ഖദറിന്റെ തിളക്കമുള്ള ഖാദര്‍ക്ക.
വ്യവഹാരങ്ങളുടെ കരിമ്പടം പൊഴിച്ച്
സത്യം‍ ഒഴുക്കിക്കളയുന്ന വക്കീല്‍

അകക്കാഴ്ച്ചകളില്‍ കാണാം
ഒറ്റപ്പെട്ടുപോകുന്ന വേദനകളുടെ
നിരാലംബമാകുന്ന വാര്‍ധക്യത്തിന്റെ
അറ്റുപോകുന്ന പ്രണയത്തിന്‍റെ ദ്രുശ്യങ്ങള്‍

മദ്യഷാപ്പിലെത്തുന്നവര്‍ ഒന്നുകില്‍
ജീവിതത്തിന്റെ ആഘോഷങ്ങലില്‍ രമിച്ച്
അല്ലെങ്കില്‍ വേദനയുടെ നെരിപ്പോടില്‍ തകര്‍ന്ന്
ഒര്‍ല്പനേരത്തിന് അത്മാഹുതിചെയ്യുന്നവര്‍


നിയമപരമായ മുന്നറിയിപ്പ്: മദ്യം വിഷമാണ്. ആരോഗ്യത്തിന് ഹാനി കരം

Monday, January 3, 2011

പശു പ്രൊഫൈല്‍


എന്‍റെ ആന നന്നായി മെലിഞ്ഞതിനാല്‍
ഞാന്‍ അതിനെ തൊഴുത്തില്‍ കെട്ടി
കഴിഞ്ഞ മാന്ദ്യത്തില്‍ കുലം മുടിഞ്ഞുപോയ
പശു പരമ്പരയുടെ   ഓര്‍മ്മക്ക്

ആന ഒന്നുരണ്ടുദിവസത്തെ
മുക്കലിനും മൂളലിനും ശേഷം
തൊഴുത്തിന്റെ അഴികള്‍ക്കിടയിലൂടെ

ശാന്തമായി ലോകത്തെ നോക്കി





ഇന്നലെ ആനയെ ബന്ധിച്ച
ഇരുമ്പ് ചങ്ങല എടുത്തുമാറ്റി 
തളപ്പാടുകള്‍ വീണ കാലുകളെ സ്വതന്ത്രമാക്കി
കഴുത്ത്,
കയറിനാല്‍ മരയഴിയില്‍  കെട്ടി

കാലിത്തീറ്റയും കഞ്ഞിവെള്ളവും
മൊരിഞ്ഞ വൈക്കോലിന്റെ 
മധുരിമയും  
എന്‍റെ ആന തിന്ന് അയവിറക്കി
പനമ്പട്ടയുടെ പച്ചചൂരിനെ മറന്നു