
അന്നം പാർപ്പിടം എന്നിവ തേടി പ്രവാസത്തിൽ ആയിപ്പോകുന്നവന്റെ വേദന. നീതി നടപ്പാക്കവെ അത് അനീതിയായും പരിണമിക്കുകയും ചെയ്യുന്ന ദുരന്തപൂർണ്ണമായ വർത്തമാനജീവിതത്തെ കോവിലൻ ഭരതനിലൂടെ നമുക്ക് കാണിച്ചു തരുന്നു.
മുതലാളിത്ത ജീവിതങ്ങളുടെ പൊള്ളത്തരങ്ങളും അതിന്റെ ക്രൂരതകളും തിരിച്ചറിഞ്ഞും അറിയാതെയും അധികാരത്തിന്റെ പങ്കുകാരാകുന്നവർ തന്നെ അതിന്റെ ഇരകളാകുന്നതും അധികാരം അതിന്റെ നിസ്സഹായാവസ്ഥയിൽ കുറ്റവാളികളെ സ്രുഷ്ടിക്കുന്നതും അവർ എങ്ങിനെ വിചാരണചെയ്യപ്പെടുന്നു എന്നും ഒരു പക്ഷെ നാം പരിചിതമായ ചില യാഥാർത്ത്യങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്.
വിശദമായ പഠനവുമായി ആർ നരേന്ദ്രപ്രസാദ് മാത്രുഭൂമിയിൽ എഴുതിയ വായനാനുഭവം ചുവടെ:
ഭാവങ്ങളുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരു ആയം (intensity) കോവിലന്‍ കൃതികളുടെ ജീവചൈതന്യത്തിന് നിസ്തുലപ്രഭ നല്‍കുന്നു. കോവിലനെന്ന നോവലിസ്റ്റ് ഒരളവില്‍ വസ്തുനിഷ്ഠത കൈക്കൊള്ളാന്‍ ബാധ്യസ്ഥനാണ്. കാരണം റിയലിസ്റ്റിക്കായ ഒരു തലത്തില്‍ നിന്നുണരുന്ന നോവല്‍സങ്കല്പമാണദ്ദേഹത്തിന് പ്രാഥമികമായ ഊര്‍ജം നല്‍കുന്നത്. എന്നാല്‍ തന്റെ മാധ്യമമായ റിയലിസ്റ്റിക് നോവലിന്റെ വസ്തുനിഷ്ഠതയെ വ്യക്തനിഷ്ഠമായ സത്യാനുഭവങ്ങളുടെ ഒരു പ്രത്യേക സമീകരണമാക്കി അവതരിപ്പിക്കാനാണ് കോവിലന്‍ ആദിമുതലേ ശ്രമിച്ചു കാണുന്നത്. പട്ടിണിയെക്കുറിച്ചെഴുതുമ്പോള്‍ പട്ടിണി കിടക്കുന്ന മനുഷ്യന്റെ അവബോധത്തെ സ്വാനുഭവപ്രതീതിയുടെ മാന്ത്രികതയില്‍ വേഗച്ചിറകുള്ള ഭാഷയിലേക്കു സംക്രമിപ്പിക്കാന്‍ കോവിലന് കഴിയുന്നു.
കോവിലന്റെ കൃതികളിലെ അനുഭവങ്ങളെ അടക്കി ഭരിക്കുന്ന സവിശേഷമായൊരു വികാരസാന്ദ്രതയുണ്ടെന്നു പറഞ്ഞല്ലോ. വസ്തുനിഷ്ഠമായ ഭാഷയിലേക്ക് പകര്‍ന്നു വീഴുന്ന കോവിലന്റെ ആത്മാംശം തന്നെയാണത്. ഈ വികാരസാന്ദ്രത അല്ലെങ്കില്‍ ആയം കാല്പനികമല്ല. അസ്തിത്വസംബന്ധിയാണ്. പരുക്കനായ കോവിലന്‍, കരുത്തനായ കോവിലന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നവര്‍ അറിയാതെതന്നെ ഈ എഴുത്തുകാരന്റെ രചനാവ്യക്തിത്വത്തിലെ അകാല്പനികമായ അസ്തിത്വാന്വേഷണതൃഷ്ണയിലേക്ക് വിരല്‍ചൂണ്ടുക തന്നെയാണ് ചെയ്യുന്നത്. മനഃശാസ്ത്രപരമായ റിയലിസത്തിന്റെ ഒരു സ്വയംകൃതമണ്ഡലത്തിലാണ് കോവിലന്റെ നോവലുകളും കഥകളും വ്യാപരിക്കുന്നത്. എ മൈനസ് ബി മുതല്‍ ഭരതന്‍ വരെയുള്ള നോവലുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുന്ന കാര്യങ്ങളിലൊന്ന് ഇതാണ്: റിയലിസ്റ്റ് ആഖ്യാനത്തിന്റെ പുറംചട്ടകളെല്ലാം അദ്ദേഹം ഒന്നൊന്നായി അഴിച്ചുകളയുന്നുവെന്ന്.
നമ്മുടെ നോവല്‍റിയലിസം പലപ്പോഴും പെരുമാറ്റചിത്രീകരണത്തിന്റെ (behaviourism) വളപ്പിനപ്പുറത്തേക്കു പോകാനറച്ചുനിന്നിട്ടുണ്ട്. റിയലിസമല്ല, റിയാലിറ്റിയാണ് പ്രശ്‌നമെന്നും ആ റിയാലിറ്റിതന്നെ മാനുഷികമായ റിയാലിറ്റിയാണെന്നും, മാനുഷിക റിയാലിറ്റിയെന്നാല്‍ മാനസിക സത്യമാണെന്നും അറിയുന്ന എഴുത്തുകാരനാണ് കോവിലന്‍. ഒരുവശത്ത് കാല്പനികതയുടെ തരളതയും പ്രശ്‌നപരിഹാരങ്ങളും മോഹചിന്തയും ഉപേക്ഷിക്കുക; മറുവശത്ത് റിയലിസത്തിന്റെ ചട്ടക്കൂടുകള്‍ ഉപേക്ഷിച്ച് വ്യക്തിമനസ്സിലൂടെ സാമൂഹ്യാനുഭവങ്ങളെ ഉള്‍ക്കൊള്ളുക-ഇതായിരുന്നു കോവിലന്റെ പ്രതിഭ നേരിട്ട രചനാപരമായ വെല്ലുവിളി. ഒരര്‍ത്ഥത്തില്‍ കോവിലന്റെ നോവലുകള്‍ സാമൂഹ്യപ്രശ്‌നനോവലുകള്‍ തന്നെ; തകഴിയുടെ നോവലുകള്‍ പോലെ. എങ്ങനെ തകഴിയന്‍ മാര്‍ഗത്തില്‍ നിന്നു ചുവടു മാറ്റാന്‍ കഴിയും? കാല്പനികതയും ബാഹ്യറിയലിസവും തമ്മില്‍ വളരെ രുചികരമായ രീതിയില്‍ കൂട്ടിക്കലര്‍ത്താന്‍ ശ്രമിച്ച തകഴിയുടെ രചനാതന്ത്രത്തില്‍, പൊടിക്കൈ ഏറെയുണ്ട്. ഈ 'പൊടിക്കൈ'- ക്രാഫ്റ്റിനെക്കുറിച്ചും അത് വായനക്കാരിലുണ്ടാക്കിയേക്കാവുന്ന ഇഫക്ടിനെക്കുറിച്ചുമുള്ള കണക്കുകൂട്ടലുകള്‍-ഇത് കോവിലനുണ്ടാവുകയില്ല. വായനക്കാരന്റെ സാമാന്യാഭിരുചിക്കടിയറവയ്ക്കാതെ, അനുഭവങ്ങളുടെ നഗ്നമായ ആന്തരികതയിലേയ്ക്കിറങ്ങിച്ചെന്ന നമ്മുടെ ആദ്യത്തെ നോവലെഴുത്തുകാരിലൊരാളാണ് കോവിലന്‍.
നോവലിലെ സന്ദര്‍ഭത്തില്‍ കോവിലന്‍ പറയുന്നു... 'നാം ഇവിടെ ഒരു കഥയുടെ ഇതിവൃത്തം രചിക്കുന്നില്ല, ഒരു സംഭവത്തിന്റെ മൂലക്കല്ലിളക്കി നോക്കുകയാണ്.'
എന്തിനാണ് മൂലക്കല്ലിളക്കിനോക്കുന്നത്? ഭരതനിലെ മറ്റൊരു ഭാഗം പരിശോധിക്കുക.
'എനിക്ക് നിങ്ങളെ അറിഞ്ഞുകൂടാ. നാം തമ്മില്‍ കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല. നിങ്ങളുടെ പേര്‍ ഭരതന്‍, നിങ്ങളും ഒരു മനുഷ്യന്‍, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ഒരു കാലത്തും മനസ്സിലാക്കുകയില്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഒരു മനുഷ്യന്‍ തനതായ ഒരു പ്രപഞ്ചമാകുന്നു. ഒരു വിദൂരനക്ഷത്രമാകുന്നു. ആ പ്രപഞ്ചത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്, സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മറ്റൊരു മനുഷ്യന്‍ ഊഹിക്കുകയേ ഉള്ളൂ. ഊഹം യഥാതഥം ആയിക്കൊള്ളണം എന്നില്ല. ഞാന്‍ ഇങ്ങനെ ആയതുകൊണ്ട് അവനും അങ്ങനെ ആയിരിക്കും. അന്യനെ മനസ്സിലാക്കാനുള്ള നിരവധി ഉപാധികളിലൊന്ന് അവന്റെ വാക്കാകുന്നു.'
മര്‍ദ്ദകന്റെ പ്രസ്താവമാണിത്. കാഥികന്‍ ഇവിടെ ഐറണി ഉപയോഗിച്ചിട്ടുണ്ട്. കാരണം ഈ ഗീര്‍വാണത്തിനു ശേഷവും ഭരതന്റെ വാക്കുകള്‍ മര്‍ദ്ദകന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, മനുഷ്യന്റെ ആത്യന്തികമായ ഏകാന്തസ്വഭാവം, മറ്റൊരാള്‍ക്കൊരിക്കലും തുറന്നു കൊടുക്കാത്ത അവബോധം-ഇതിനോട് കോവിലന് അഭിപ്രായവ്യത്യാസമുണ്ടെന്നും തോന്നുന്നില്ല.
ഈ അവബോധത്തെ താന്‍ അറിയുകതന്നെ ചെയ്യുമെന്ന വാശിയാണ് കോവിലന്റെ മാനവികത. കോവിലന്‍ മനസ്സിലാക്കുന്ന മനുഷ്യന്‍, മനുഷ്യന്റെ അവബോധമല്ല, അവന്റെ ആത്മീയ ഭാഗധേയമാകുന്നു. നോവലിലെ നായകനായ ഭരതനെക്കാള്‍ മിഴിവ് കിട്ടിയിട്ടുള്ള കഥാപാത്രമാണ് കിഷന്‍ലാല്‍. കിഷന്‍ലാലിന്റെ ഭാഗധേയം അറിയവേ, ഇന്ത്യന്‍ ഗ്രാമത്തിന്റെ ജീവിതത്തുടിപ്പുകളിലേക്കാണ് കോവിലന്‍ ആഴ്ന്നിറങ്ങുന്നത്. വ്യക്തിയുടെ ആത്മീയഭാഗധേയവും അതിനെ നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിഭാസവും ഒരേ അനുഭവമാക്കി അവതരിപ്പിക്കാന്‍ കോവിലന്‍ ശ്രമിക്കുന്നു.
'വെള്ളയും കരിമ്പടവും വിസ്തരിച്ചു വിരിച്ചിട്ടപോലെ നോക്കെത്തുംവരെ നിവര്‍ന്നു കിടന്ന റോഡില്‍ അവന്റെ ചുവടുകള്‍ അറച്ചു. അവന്‍ എന്നും പൂട്ടുകാളകള്‍ക്കു പിമ്പേ നടക്കുമായിരുന്നു.'
നഗരത്തില്‍ സ്വന്തം വധുവിനെ തേടിയെത്തുന്ന ഈ ഗ്രാമീണന്റെ ചിത്രം നോവലില്‍ തിളങ്ങുന്നു. വര്‍ത്തമാനവും ഭൂതകാലവും തമ്മില്‍ കൂട്ടിക്കുഴച്ച്, കഥാഘടനയുടെ നൈരന്തര്യത്താലുണ്ടാവുന്ന മന്ദതയെ അധഃകരിച്ച് അതിവേഗത്തില്‍ ഒരു വനസീമ പെട്ടെന്ന് സഞ്ചരിച്ചു തീര്‍ക്കുന്ന കുതിരയെപ്പോലെ കോവിലന്‍ കിഷന്‍ലാലിനെ തേടിപ്പിടിക്കുന്നു.
മറ്റൊരിടത്ത്:
'വീണ്ടും ഒരു തളത്തില്‍ എത്തി കിഷന്‍ലാല്‍ നിന്നുകിതച്ചു. തളത്തിലൂടെ വലത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് തിരിഞ്ഞ് അവന്‍ പിന്നെയും കോണിപ്പടികള്‍ കയറി. ഇത് ഒരു കെണിയാകുമോ? ചര്‍ സൗ ബീസ്! ആരാണ് അവനെതിരെ ഇത്രയൊക്കെ തിരുമാലിത്തരങ്ങള്‍ നടത്തുന്നത്. അവന്‍ ഒരു എലിയാകുന്നു. ഏതോ ഒരു തിരുമാലി ഒരുക്കിവെച്ച കെണിയില്‍ എലി കുടുങ്ങിപ്പോയി. എലി പരക്കം പായാന്‍ തുടങ്ങി. അല്ലെങ്കില്‍ ഒരു പക്ഷി എലിയെ റാഞ്ചിയെടുത്തു പറക്കുന്നു. എലിക്ക് ശ്വാസം മുട്ടുന്നു. പക്ഷിയുടെ കൂര്‍ത്തുവളഞ്ഞ നഖങ്ങള്‍ എലിയുടെ നെഞ്ചില്‍ താഴുന്നു. പക്ഷിയെ കിഷന്‍ലാല്‍ കണ്ടില്ല. പക്ഷി മുകളിലാകുന്നു. മുകളില്‍ വലത്തേ അറ്റത്ത്, ചാര്‍ സൗ ബീസ്.
പടവുകള്‍ വളരെ കയറി കിഷന്‍ലാല്‍ തളത്തില്‍ കാത്തുനിന്നു. തളത്തിലേക്ക് തുറക്കുന്ന രണ്ടു വാതിലുകള്‍ കണ്ടു. രണ്ടും അടഞ്ഞുകിടക്കുന്നു. ഏതാണ് തുറക്കുക. ഏതാണ് ചാര്‍ സൗ ബീസ്.
ഇടവും വലവും അവന്‍ മറന്നു. അവന് ഭ്രമം വന്നുകൂടി.
ഒരു റിയലിസ്റ്റിക് സന്ദര്‍ഭത്തെ കാവ്യാത്മകതകൊണ്ട് ഫാന്റസിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഈ സമ്പ്രദായത്തിന്റെ പിന്നില്‍ മനുഷ്യന്റെ ആന്തരികസ്വത്വം അറിയാനുള്ള അദമ്യമായ ഉല്‍ക്കണ്ഠയാണ് നിറഞ്ഞു നില്‍ക്കുന്നത്.
കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെയുള്ള ആഹ്വാനം മനഃശാസ്ത്രപരമായ റിയലിസവുമായി ബന്ധപ്പെട്ടതാണല്ലോ. എന്നാല്‍ കോവിലന്റെ നോവലുകളില്‍ മനഃശാസ്ത്രപരമായ തലം, മനോഭാവങ്ങളെ ഉന്മൂലനം ചെയ്യാനുള്ളതല്ല. മനുഷ്യഭാഗധേയത്തെ അസ്തിത്വചിന്താബാധിതമായി നോക്കിക്കാണുന്നതിനുള്ള-അനുഭവിക്കുന്നതിനുള്ള-അനിവാര്യമായ ഒരു ഉപാധിമാത്രമാണിത്. ഭാഗധേയചിന്തയെ ചെറുചെപ്പിലൊതുക്കിയവതരിപ്പിക്കാന്‍ കോവിലനുള്ള പ്രത്യേക ഇഷ്ടവും വൈദഗ്ദ്ധ്യവും ധാരാളം കാഴ്ചവെയ്ക്കുന്ന കൃതിയാണ് ഭരതന്‍. കോവിലന്റെ മറ്റു നോവലുകളിലെന്നപോലെ തന്നെ ഇവിടെയും കഥാപാത്രങ്ങളുടെ ബോധമണ്ഡലം വായനക്കാരുടെ മുന്നില്‍ അനുക്രമമായോ അല്ലാതെയോ വികസിച്ചുവരികയില്ല. അവബോധം തന്നെ ഇവിടെ ആന്തരികസംഭവം അഥവാ ആന്തരികസംഭവങ്ങളുടെ നൈരന്തര്യം മാത്രമായിരിക്കുന്നു. സംഭവനൈരന്തര്യത്തിന്റെ ഘടനയ്ക്കടിസ്ഥാനമായി മൂന്നുതരം രചനാമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതു കാണാം.
(ഒന്ന്) ഭൂതഭാവികള്‍ കൂട്ടിക്കുഴയ്ക്കുക.
(രണ്ട്) പരസ്പരബന്ധമില്ലെന്നു പെട്ടെന്നു തോന്നുന്ന ഒന്നിലധികം സംഭവങ്ങള്‍ ചേര്‍ത്തുവെച്ച് ആഖ്യാനത്തിന്റെ 'സ്വാഭാവിക'ഗതി തകര്‍ക്കുക.
മൂന്ന്) നാടകീയ സംഭാഷണത്തിന്റെ രൂപത്തിലുള്ള ആഖ്യാനം.
ഭൂതഭാവികളുടെ സങ്കലനം കഥാപാത്രങ്ങളുടെ വിഹ്വലനിമിഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് കോവിലന്‍ അവതരിപ്പിക്കുന്നത്. മധുവെന്ന വധുവിനെ കാത്തുനിന്നമ്പരന്ന കിഷന്‍ അമ്മയെ സ്മരിക്കുന്നു. ഗ്രാമത്തിലെ ഭൂതകാലവിയോഗങ്ങള്‍ അവനെ തഴുകിപ്പോകുന്നു.
അന്ന് അവന്‍ വിഷജ്വരം പിടിപെട്ട് കിടപ്പായിരുന്നു. നിമിഷങ്ങളില്‍ ദിനരാത്രങ്ങളും ഋതുപരിവര്‍ത്തനങ്ങളും കണ്ടുമടുത്തപ്പോള്‍ അമ്മ വെറും വെള്ളം കൊണ്ടുവന്നു.
അമ്മ വെള്ളത്തിനു പോയി, എത്ര ജന്മങ്ങള്‍ കഴിഞ്ഞു. പെട്ടെന്ന് അവന്റെ കണ്ണുകളില്‍ എന്തോ മിന്നി. മധു വാതില്‍ നിറഞ്ഞുനിന്നു.
സംശയാസ്പദമായ രീതിയില്‍ മരണമടഞ്ഞ യാഗേശ്വര്‍ പ്രസാദിന്റെ ആത്മാവ് ഭരതനോട് തന്റെ ജീവിതകഥ വിവരിക്കുന്ന ഭാഗത്ത് നൈരന്തര്യം തകര്‍ത്തുകൊണ്ട് ആഖ്യാനം മുന്നോട്ട് പോകുന്നതുകാണാം.
സംഭാഷണമില്ലാത്ത സംഭാഷണം ഒരു ആഖ്യാനസങ്കേതമാണ്. (narrative technique) കോവിലനും വി.കെ.എന്നുമാണ് ഈ സങ്കേതത്തെ- റൃമാമശേര dialogue as narration-സ്വാഭാവികമാക്കി വികസിപ്പിച്ചത്. ഒരു ഉദാഹരണം നോക്കുക:
'എങ്കില്‍ യാഗേശ്വരന്‍ പ്രസാദിനെ എന്തിന് കൊല ചെയ്തു?
എനിക്ക്-എനിക്കൊന്നും-എനിക്കൊട്ടും മനസ്സിലാകുന്നില്ല,
കാമിനി മൂലം?
അറിഞ്ഞുകൂടാ.
മിസ്റ്റര്‍ ഭരതന്‍, നിങ്ങള്‍ എപ്പോഴെങ്കിലും ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ?
അറിഞ്ഞുകൂടാ.
...
വിയര്‍ക്കുന്നുണ്ടോ?
ഇല്ല.
പ്ഫ, പട്ടി, നീ വിയര്‍ക്കുന്നില്ലേ?
ഉണ്ട്.
യാഗേശ്വര്‍ പ്രസാദ് മരിച്ചു കിടക്കുന്നത് നീ കണ്ടില്ലേ?
ഇല്ല.
മിസ്റ്റര്‍ ഭരതന്‍, ആ കാഴ്ച ഒന്നു കാണേണ്ടതായിരുന്നു...'
ഉദ്ധരണികളില്ലായ്മ മാത്രമല്ല ഈ സംഭാഷണരീതിയുടെ സവിശേഷത. ഇത് ശൈലീകൃത സംഭാഷണമാകുന്നു. സംഭവത്തെ ആന്തരികസംഭവമാക്കുന്നതും, സാധാരണത്വത്തെ ഒരു ദാര്‍ശനികമായ ഏറ്റുമുട്ടലുണ്ടാക്കുന്നതുമാണ് ഈ സംഭാഷണങ്ങള്‍.
ഇത്തരം ഫാന്റസി തുടിക്കുന്ന നാടകീയ സംഭാഷണങ്ങളിലൂടെ നോവലിസ്റ്റ് ഒരു കഥാപാത്രത്തെ മറ്റു കഥാപാത്രങ്ങളുമായുള്ള മാനസികസംഘര്‍ഷങ്ങളിലൂടെ മനസ്സിലാക്കുകയാണ്. കോവിലന്‍ വെളിപ്പെടുത്തുന്ന മനുഷ്യമനസ്സ്, ഒരിക്കലും ഒരു താവളത്തിലിരിക്കുന്നില്ല; അത് നിരന്തരമായി മറ്റ് മനുഷ്യമനസ്സുകളുമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു. പീഡനത്തിന്റെ ഫലമല്ല, പീഡനം തന്നെയാണ് കോവിലനവതരിപ്പിക്കാനുള്ളത്. കലാപത്തിന്റെ പരിണതിയല്ല, കലാപം തന്നെയാണ് കോവിലന് താല്പര്യം. സംഘര്‍ഷങ്ങളുടെ നാടകീയതയിലൂടെ സാമൂഹ്യപ്രശ്‌നങ്ങളുടെ സമീപനം ഈ നോവലിസ്റ്റ് തേടുന്നു. ഭരതനിലെ എല്ലാ സാമൂഹ്യപ്രശ്‌നങ്ങളും അങ്ങനെ പുരോരംഗതലത്തിലേക്കു വരികയും വായനക്കാരന്റെ മാനവികബോധത്തെ സ്പര്‍ശിക്കുകയും ചെയ്യുന്നു. ഓര്‍മകളും സംഭാഷണവും കൂട്ടിക്കുഴയ്ക്കുകയും, പല കഥാപാത്രങ്ങളുടെയും അവസ്ഥാന്തരങ്ങളിലേക്ക് പെട്ടെന്നു പെട്ടെന്നു പാളി വീഴുകയും ചെയ്ത്, കലാസൃഷ്ടിയുടെ ആഭ്യന്തരഘടനയുടെ ഇഴകള്‍ മുറുക്കിവയ്ക്കുന്നു കോവിലന്‍.
മനുഷ്യന്റെ അനാഥത്വം അല്ലെങ്കില്‍ നിസ്സാരത കോവിലന്റെ മാനവികതയെ ഉദ്ദീപിപ്പിക്കുന്ന ഒരു ഘടകമാകുന്നു. താന്‍ ആരുമല്ലെന്നു ചിന്തിക്കുന്ന കഥാപാത്രങ്ങള്‍ വളരെയുണ്ട് ഭരതനിലും. ഐ.ഐ.റ്റി. എന്ന ബൃഹത്തായ സ്ഥാപനത്തിന്റെ ലൈന്‍ബസ്സില്‍ കണ്ടക്ടറായി പണിയെടുക്കുന്ന ഭരതന്‍ അനാഥത്വത്തിന്റെ പീഡാനുഭവത്തിലൂടെ സഞ്ചരിക്കുകയാണ് ഈ നോവലില്‍. സ്വര്‍ഗസുഖങ്ങള്‍ നഷ്ടപ്പെട്ട മനുഷ്യനെക്കുറിച്ചുള്ള പരാമര്‍ശം തൊട്ട് അസംബന്ധമായ കേസുവിചാരണവരെയുള്ള രംഗങ്ങളില്‍ ഭരതന്‍ ഒരനാഥമനുഷ്യനായി ഐ.ഐ.റ്റിയെന്ന ആധുനിക സ്ഥാപനത്തിലലയുകയാണ്. എല്ലായിടത്തും അടിസ്ഥാനപ്രശ്‌നമായി കഥാകൃത്ത് കാണുന്നത് ആഹാരമാണ്. തൊഴില്‍, തൊഴില്‍സ്ഥാപനം, ഉദ്യോഗം, ഇതെല്ലാം ആഹാരത്തിന്റെ പ്രശ്‌നമാണ്.
കോവിലന്റെ മനുഷ്യവീക്ഷണത്തെ പരിമിതപ്പെടുത്തുന്ന ഒരു ധാരണയാണിത്. എന്നാല്‍ ആ പരിമിതിയില്‍ വന്നുകൊണ്ട് അതിശക്തമായി പ്രതികരിക്കാന്‍ ഈ എഴുത്തുകാരന് കഴിയുന്നു. ആഹാരമന്വേഷിച്ച്, തൊഴിലന്വേഷിച്ച് കൊച്ചു ജീവിതസൗഖ്യങ്ങളന്വേഷിച്ച് അലയുന്ന ഇന്ത്യാക്കാരനെ ഭരതന്‍ എന്ന പേരിന് അത്തരമൊരര്‍ത്ഥമാനം കഥാകൃത്ത് കല്‍പിക്കുന്നുമുണ്ട്-കോവിലന്‍ കാണുന്നു. ഈ മനുഷ്യന്‍ അനാഥനാണ്. ഈ അനാഥത്വം ഒരു മിത്തിന്റെ പ്രാചീനത ഇവിടെ ഉള്‍ക്കൊള്ളുന്നു.
'നിങ്ങളുടെ പേര്‍ ഭരതന്‍. ഒരിക്കല്‍ ഈ മഹാരാജ്യത്തില്‍ ഭരതന്‍ എന്നൊരു ചക്രവര്‍ത്തിയും ഉണ്ടായിരുന്നു... ഭരതന്‍ എന്ന ഒരു പൗരന്‍- ശകുന്തള പെറ്റെടുത്തുവളര്‍ത്തിയ ഭരതന്‍-ഈ മഹാരാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലും എത്തി. ശകുന്തള അനാഥയായിരുന്നു. അച്ഛനായ വിശ്വാമിത്രന്‍ അവളെ കയ്യൊഴിഞ്ഞു. അമ്മ അവളെ ഉപേക്ഷിച്ചു... നിങ്ങളുടെ പേര്‍ ഭരതന്‍, നിങ്ങളും ഒരു മനുഷ്യന്‍, ഒരു പൗരന്‍. നിരവധി പട്ടികളില്‍ ഒരു പട്ടിയെ തിരിച്ചറിയാന്‍ അതിനൊരു പേരു വെയ്ക്കുന്നതുപോലെ നിങ്ങള്‍ക്കും ഒരു പേരുണ്ടെന്നല്ലാതെ ഭാരതീയ സാങ്കേതിക കലാശാലയില്‍ ഭരതന്‍ യാതൊന്നുമല്ല, നിങ്ങള്‍ ഒരു കണ്ടക്ടര്‍ പോലും അല്ല.'
ഇനി:
'കോളാമ്പി എന്നാല്‍ കമ്മോഡ്. കമ്മോഡിന്റെ സ്ഥാനത്ത് കേരളീയര്‍ ഉപയോഗിക്കുന്ന സര്‍വസാധാരണമായ ഒരു ഉപകരണമാകുന്നു കോളാമ്പി. കാറിത്തുപ്പാനും മുറുക്കിത്തുപ്പാനും രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കാനും ചിലപ്പോള്‍ വിസര്‍ജനത്തിനും കോളാമ്പി ഉപയോഗിക്കുന്നു. കോളമ്പിപ്പൂ പോലും കേരളത്തില്‍ ഉണ്ട്. പ്രതി, മാടായില്‍ ഗോവിന്ദന്‍ ഭരതന്‍ അല്ല, കോളാമ്പി ഭരതന്‍ ആകുന്നു... കോടതി മുഴുക്കെച്ചിരിച്ചു. കോളാമ്പി, ഓ ഓ കോളാമ്പി.'
അധികാരത്തിന്റെയും വരുമാനത്തിന്റെയും പേരില്‍ വിഭക്തമായ ഒരു ആധുനിക നഗരഖണ്ഡത്തില്‍ മനുഷ്യത്വത്തെ കരിച്ചുകളയുന്ന സംഭവങ്ങള്‍ നിരവധി നടക്കുന്നു. ധര്‍മസങ്കടങ്ങളെ നേരിടുന്നതില്‍ പരാജയപ്പെടുന്ന മനുഷ്യര്‍ ശിക്ഷിക്കപ്പെടുന്ന സ്ഥിതി കോവിലന്റെ പല നോവലുകളിലുമുണ്ട്. ഭരതനില്‍ ഈ സ്ഥിതിയുടെ അംശങ്ങള്‍ അവയുടെ അടിസ്ഥാന രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പട്ടിണി, പിരിച്ചുവിടല്‍, ശിക്ഷ, അപരിചിതത്വം എന്നിങ്ങനെയുള്ള വ്യത്യസ്തമായ അനുഭവങ്ങളുടെ നേര്‍ത്ത ചിത്രങ്ങള്‍ ഇവിടെ കൂടിക്കുഴയുകയും മനുഷ്യനെതിരായ ഒരു ഭീകരമായ ഗൂഢാലോചനയെന്നപോലെ ഐ.ഐ.റ്റി.യിലെ ജീവിതം ചുരുള്‍നിവര്‍ക്കുകയും ചെയ്യുന്നു. സംഭവങ്ങളെ മിത്താക്കി മാറ്റുന്ന ഒരു മാന്ത്രികത-കാവ്യാത്മകത-ഭരതനില്‍ നിറഞ്ഞുനില്‍ക്കുന്നു. 'തോറ്റങ്ങളി' ല്‍ സംഭവങ്ങളുടെ ഏകതാനത, കൃതിയുടെ സമഗ്രശോഭയെ നേര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭരതനില്‍ ജീവിതത്തിന്റെ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ-ധാര്‍മികാംശങ്ങള്‍ ഒരു വിചിത്രമായ ഗൗരവത്തോടെ യോജിച്ചു നില്‍ക്കുന്നതു കാണാം. ഈ യോജിപ്പു വരുന്ന ചില സവിശേഷസന്ദര്‍ഭങ്ങളില്‍ ആഖ്യാനരീതി സാമാന്യയുക്തിയെ അതിലംഘിക്കുകയും ഫാന്റസി സൃഷ്ടിക്കുകയും ചെയ്യുന്നു. അതിലൊന്നാണ് കോടതിരംഗം. ഒരു അസംബന്ധമായ നാടകത്തിന്റെ സ്വരച്ഛായയിലുള്ള ഈ രംഗം ഇതിന് മുമ്പ് ഈ നോവലില്‍ നടക്കുന്ന എല്ലാ സംഭവങ്ങളുടെയും സത്ത ആവാഹിക്കുന്ന ഒന്നാണ്. ഇവിടെ നിരപരാധിയായ ഭരതനെ കുറ്റവാളിയാക്കി ശിക്ഷിക്കുന്ന കോടതി, സ്വയം ഒരു കളി കളിക്കുകയാണ്. കോടതിയില്‍ ചോദിക്കുന്നതും വാദിക്കുന്നതും മൊഴി കൊടുക്കുന്നതും തന്റെ പരിചയക്കാര്‍ തന്നെ. ഈ പരിചയക്കാരിലൂടെ പരിചിതമായ ഐ.ഐ.റ്റി. തന്നെ. ഐ.ഐ.റ്റി.യുടെ യന്ത്രസ്വഭാവത്തിലൂടെ അഭിവ്യഞ്ജിപ്പിക്കപ്പെടുന്ന ആധുനിക ഭാരതീയ ഭരണവ്യവസ്ഥ തന്നെ. ഈ അര്‍ത്ഥത്തില്‍ ഭരതന്‍ ഒരു രാഷ്ട്രീയ ഫാന്റസിയാണ്.
കോവിലന്റെ നോവലില്‍ പ്രതിബിംബിക്കുന്ന മനുഷ്യന്‍ ഇന്ത്യാക്കാരനെന്ന സ്വത്വം കൂടിയുള്ള മനുഷ്യനാണ്. പട്ടാളക്കാഥികനെന്ന് ഒഴുക്കന്‍ മട്ടില്‍ വിലയിരുത്തപ്പെട്ടിരുന്ന കോവിലനെ പട്ടാളക്കഥാകാരന്മാരില്‍ നിന്നു മാറ്റിനിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രമുഖം ഈ ഭാരതീയ സ്വത്വമാണ്. ഹിമാലയം എന്ന നോവലില്‍ ഈ സ്വത്വം ഒരു ആത്മീയ കാവ്യാനുഭവമായി മാറുന്നുണ്ട്. ഭരതനില്‍ ഭരതനെന്ന ഇന്ത്യക്കാരന്‍, ഒരു സാമൂഹ്യരാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ഇതാണ്, സമാനമായ പ്രമേയം കൈക്കൊണ്ടിട്ടുള്ള കാക്കനാടന്റെ 'ആരുടെയോ ഒരു നഗരം', വിജയന്റെ 'അരിമ്പാറ', 'പരീക്ഷ', 'എണ്ണ' തുടങ്ങിയ അലിഗറികളില്‍ നിന്ന് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. അടിയന്തരാവസ്ഥയോ അതിലേക്ക് നയിക്കുന്ന രാഷ്ട്രീയ സാമൂഹ്യസാഹചര്യങ്ങളോ ആണ് ഭരതന്‍ ഉള്‍പ്പെടെയുള്ള ഇത്തരം രചനകളെ പരോക്ഷമായി പ്രചോദിപ്പിച്ചിട്ടുള്ളത്. ആനന്ദിന്റെയും എം. സുകുമാരന്റെയും അലിഗറികളുടെ രചനാ പശ്ചാത്തലവും ഇതുതന്നെ. ഇവയ്‌ക്കെല്ലാം ആദിമ പ്രഭവമായി നില്‍ക്കുന്ന കാഫ്കയുടെ നോവലുകള്‍ നമ്മുടെ സെന്‍സിബിലിറ്റിയില്‍ പ്രസക്തി നേടിയതും ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.
എന്നാല്‍ ഒരു രാഷ്ട്രീയ അലിഗറി എന്ന നിലയില്‍ ഈ നോവല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നു പറഞ്ഞുകൂടാ. ചോദ്യം ചെയ്യലിന്റെയും തെളിവന്വേഷണത്തിന്റെയും രംഗങ്ങളില്‍ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയഭീകരത ധ്വനിക്കുന്നുണ്ടെങ്കില്‍ത്തന്നെ, അത് നോവലിന്റെ ആന്തരികഘടനയുടെ ഭാഗമായി മാറിയിട്ടുണ്ടെന്ന് പറയാന്‍ പ്രയാസം. എങ്കില്‍കൂടി ഏകാധിപത്യത്തിന്റെ ഭരണസംവിധാനത്തിനെതിരെ ചാട്ടുളി എയ്യുവാനും ചതച്ചരയ്ക്കപ്പെടുന്ന മനുഷ്യനുവേണ്ടി അമര്‍ഷം കൊള്ളുവാനുമാണ് ഈ നോവല്‍ യത്‌നിക്കുന്നതെന്ന പ്രതീതി ഒരു ഇടിമിന്നല്‍ പോലെ ഈ കൃതി വായിക്കുന്ന ആളിന്റെ മേല്‍ പതിക്കാതിരിക്കുകയില്ല.
കാവ്യാത്മകത മുറ്റിയ ചെറുനോവലുകള്‍ നമ്മുടെ-മലയാളത്തിന്റെ-ഏറ്റവും വലിയ മുതല്‍ക്കൂട്ടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. 'ഓടയില്‍ നിന്ന്', 'മഞ്ഞ്', 'മരണസര്‍ട്ടിഫിക്കറ്റ്' തുടങ്ങിയ ചെറുനോവലുകളുടെ സവിശേഷമായ ഒരു പാരമ്പര്യം ഇവിടെ വേരുപിടിച്ചു വരുന്നു. ഈ പാരമ്പര്യത്തിലാണ് കോവിലന്റെ ഭരതന്‍ ഉള്‍പ്പെടുന്നത്.
2 comments:
കോവിലന്റെ നോവലില്‍ പ്രതിബിംബിക്കുന്ന മനുഷ്യന്‍ ഇന്ത്യാക്കാരനെന്ന സ്വത്വം കൂടിയുള്ള മനുഷ്യനാണ്. പട്ടാളക്കാഥികനെന്ന് ഒഴുക്കന്‍ മട്ടില്‍ വിലയിരുത്തപ്പെട്ടിരുന്ന കോവിലനെ പട്ടാളക്കഥാകാരന്മാരില്‍ നിന്നു മാറ്റിനിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രമുഖം ഈ ഭാരതീയ സ്വത്വമാണ്. ഹിമാലയം എന്ന നോവലില്‍ ഈ സ്വത്വം ഒരു ആത്മീയ കാവ്യാനുഭവമായി മാറുന്നുണ്ട്. ഭരതനില്‍ ഭരതനെന്ന ഇന്ത്യക്കാരന്‍, ഒരു സാമൂഹ്യരാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ഇതാണ്, സമാനമായ പ്രമേയം കൈക്കൊണ്ടിട്ടുള്ള കാക്കനാടന്റെ 'ആരുടെയോ ഒരു നഗരം', വിജയന്റെ 'അരിമ്പാറ', 'പരീക്ഷ', 'എണ്ണ' തുടങ്ങിയ അലിഗറികളില്‍ നിന്ന് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. അടിയന്തരാവസ്ഥയോ അതിലേക്ക് നയിക്കുന്ന രാഷ്ട്രീയ സാമൂഹ്യസാഹചര്യങ്ങളോ ആണ് ഭരതന്‍ ഉള്‍പ്പെടെയുള്ള ഇത്തരം രചനകളെ പരോക്ഷമായി പ്രചോദിപ്പിച്ചിട്ടുള്ളത്. ആനന്ദിന്റെയും എം. സുകുമാരന്റെയും അലിഗറികളുടെ രചനാ പശ്ചാത്തലവും ഇതുതന്നെ. ഇവയ്‌ക്കെല്ലാം ആദിമ പ്രഭവമായി നില്‍ക്കുന്ന കാഫ്കയുടെ നോവലുകള്‍ നമ്മുടെ സെന്‍സിബിലിറ്റിയില്‍ പ്രസക്തി നേടിയതും ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്
വായിച്ചിട്ടുണ്ട് കോവിലന്റെ ക്യതികൾ....
നല്ല ലേഖനം
Post a Comment