Sunday, February 26, 2012

ഗുരുവായൂര്‍ : മാലിന്യപ്രശ്നം





ഇത് ഞങ്ങളുടെ വലിയതോട്
കണ്ണീർ തുള്ളിപോലെ വെള്ളം ഒഴുകിയിരുന്ന, മീൻ പിടിച്ചും പായൽകൊണ്ട്  ചങ്ങാടം ഉണ്ടാക്കി കളിച്ചും നല്ല വരാല്‍ മീന്‍ പിടിച്ച് വറുത്തുതിന്നും  നീന്തിക്കുളിച്ചും വേനലിന്റെ വരൾച്ചയിൽ പന്തുകളിച്ചും ഉല്ലസിച്ചിരുന്ന വലിയതോട്ടിലൂടെ ഇന്ന് കറുത്ത് കുറുകിയ ദ്രാവകത്തില്‍ കുപ്പിയും തീട്ടവും ഇറച്ചിയും എല്ലും ഉറകളും മാത്രമാണ് ഒഴുകുന്നത്. ഗുരുവായൂര്‍ അമ്പലത്തിലെ വിശേഷ ദിനങ്ങളില്‍ അതിന്റെ അളവ് കൂടിവരും. പണ്ട് വേലിയേറ്റവും  വേലിയിറക്കവുമായിരുന്നു ജലത്തിന്റെ തോത് നിയന്ത്രിച്ചിരുന്നതെങ്കില്‍ പിന്നീട് അമ്പലത്തിലെ വിശേഷദിനങ്ങളായി മാറി.
ഒരു വേനലിലും വറ്റാതെ ഗുരുവായൂർ നിന്ന് ചക്കംകണ്ടത്തേക്ക് ഒഴുകാതെ ഒഴുകുന്നു.......


 "സുഗന്ധപൂരിതമായ തെളിവെള്ളമുള്ള പച്ചയായ ആതിയില്‍നിന്നും ഷൈലജ വിവാഹിതയായി ചക്കം കണ്ടത്തെത്തിയപ്പോള്‍ ജലപാനം കഴിക്കാനോ, നിലത്ത്‌ കാല്‍വയ്ക്കാനോ സാധിക്കാതെ കരഞ്ഞ്‌ തിരിച്ചുവന്നു. ചക്കം കണ്ടത്തെ നീര്‍ച്ചാലില്‍, കുളത്തില്‍, കൈത്തോട്ടില്‍, കായലില്‍ ഒക്കെ തീട്ടമാണ്‌. കാറ്റടിച്ചാല്‍ നാറ്റം. എങ്ങനെ കുളിക്കും, എങ്ങനെ വെള്ളം കുടിക്കും. എങ്ങനെ ഭക്ഷണം കഴിക്കും. ഇഷ്ടല്ലാഞ്ഞിട്ടല്ലാ, സ്നേഹല്ലാഞ്ഞിട്ടല്ല, പക്ഷേ എനിക്ക്‌ തിരിച്ചുപോണം എന്നുപറഞ്ഞ്‌ ആതിയിലേക്ക്‌ തിരിച്ചുപോയി"

മാലിന്യംകൊണ്ട് പൊറുതിമുട്ടിയ ചക്കംകണ്ടം നിവാസികളുടെ ആധികള്‍ അപ്പാടെ പകര്‍ത്തിയ സാറാജോസഫിന്റെ 'ആതി'.  'ആതി'യിലെ ഒരു കഥാപാത്രമായ ഷൈലജയെ ചക്കംകണ്ടത്തേക്കാണ് കല്യാണം കഴിച്ചുകൊടുക്കുന്നത്. മാലിന്യം കലര്‍ന്ന വെള്ളമായതിനാല്‍ പല്ലുതേയ്ക്കാതെ, കുളിക്കാതെ, വെള്ളം കുടിക്കാതെ ഷൈലജ കഴിച്ചുകൂട്ടി. ഒടുവില്‍ ചക്കംകണ്ടത്തെ വെള്ളം തെളിയുമ്പോള്‍ തിരിച്ചുവരാമെന്നു പറഞ്ഞ് ഷൈലജ സ്വന്തം വീട്ടിലേക്കു മടങ്ങി. അത് തെളിയുന്ന കാലം ഉണ്ടാകുമോ എന്നു ചോദ്യത്തോടെയാണ് നോവല്‍ അവസാനിപ്പിക്കുന്നത്.


എനിക്ക് ഇനി ഒരിക്കല്‍പോലും ഗുരുവായൂര്‍ കാണാന്‍ ആഗ്രഹമില്ല. നിങ്ങളോടൊക്കെ എനിക്ക് വലിയ അനുകമ്പയാണ് തോന്നുന്നത്. ഗുരുവായൂരപ്പനോട് ഇനി പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല. അദ്ദേഹമായിരിക്കണമല്ലോ ആദ്യം ശ്വാസം മുട്ടി ചത്തത്’- ഗുരു നിത്യ ചൈതന്യ യതി


ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനായി  ശ്രീകൃഷ്ണൻ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.  തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു് എതിരായി 1931-32 - ൽ നടത്തിയ  ഗുരുവായൂർ സത്യാഗ്രഹ സമരമാണു് ഗുരുവായൂരിനെ കൂടൂതൽ പ്രശസ്തിയിലേക്ക് ഉയർത്തിയത്.


ദൂരെസ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന ഭക്തര്‍ കുറവായിരുന്ന പണ്ടുകാലത്ത്, അമ്പലത്തിന് ചുറ്റുമുള്ള വീടുകളിലായിരുന്നു ഭക്തര്‍ താമസിച്ചിരുന്നത്. 1952ലാണ് ഗുരുവായൂരില്‍ ആദ്യമായി ഒരു ലോഡ്ജ് നിർമ്മിക്കുന്നത്.  എഴുപതുകളില്‍  തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന്  ക്ഷേത്രം പുതുക്കിപ്പണിതു പിന്നീടുണ്ടായ വളർച്ച ധ്രുതഗതിയിലായിരുന്നു. ഈ വളർച്ചക്ക് യാതൊരു ആസൂത്രണവും ഉണ്ടായിരുന്നില്ല. ഇഷ്ടമുള്ള ഇടങ്ങളിൽ കെട്ടിടങ്ങൾ പണിയുകയും അതിന് അനുസൃതമായി സെപ്റ്റിക് ടാങ്കുകളോ മറ്റു മാലിന്യ സംസ്കരണ പദ്ധതികളോ നിര്‍മ്മിച്ചിരുന്നുമില്ല. പിന്നീട്  ഗുരുവായൂര്‍ ഒരു ടൗണ്‍ഷിപ്പായും മുനിസിപ്പാലിറ്റിയുമായി വികസിച്ചു.
 

ഈ ചെറുപട്ടണത്തിനുമപ്പുറത്തേക്ക്  മിനി ഗൾഫായിരുന്ന ചാവക്കാടിനുതന്നെയായിരുന്നു വാണിജ്യപരമായ വികസനം ഉണ്ടായിരുന്നത്. കനോലി കനാലുവഴിയായിരുന്നു പ്രധാന ഗതാഗതസൗകര്യങ്ങൾ. കയർ വ്യവസായം വളരെ ശക്തമായി നിലനിന്നിരുന്നു. കനോലി കനാലിൽ നിന്ന് ചക്കംകണ്ടത്തേക്കും അവിടെ നിന്ന് വലിയതോട് വഴി ഗുരുവായൂരിലേക്കും ജല ഗതാഗതവും വ്യാപാരവും നടന്നിരുന്നു. കാളവണ്ടിയും തോണിയുമായിരുന്നു പ്രധാനഗതാഗതമാർഗ്ഗങ്ങൾ. ഒരു രീതിയിൽ ഗുരുവായൂരിനെ സംരക്ഷിച്ച് അതിനു അവശ്യം വസ്തുക്കൾ എത്തിച്ചിരുന്നതിൽ വലിയതോട് വഹിച്ച പങ്ക് ചെറുതല്ല.പിന്നീട് നഗരം വീണ്ടും വികാസം പ്രാപിച്ചു. വൻ ലോഡ്ജുകൾ, കല്യാണ മണ്ടപങ്ങൾ എന്നിവ ഉയർന്നു വന്നു.  ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, പൊതുകക്കൂസുകൾ, വീടൂകൾ... എൺപതുകളിലും ഒരു വളരുന്ന നഗരത്തിനു വേണ്ട ആസൂത്രണം നിർമ്മാണ നിയമങ്ങളിൽ ഉണ്ടായിരുന്നില്ല ഉണ്ടായിരുന്നവ പലതും പാലിക്കപ്പെട്ടുമില്ല. മാലിന്യങ്ങൾ സെപ്റ്റിക് ടാങ്കുകൾ ഭേദിച്ച് മഴവെള്ള ഓടകളിലേക്കും അത് വലിയ തോട്ടിലേക്കും പ്രവഹിച്ചു. മുനിസിപ്പാലിറ്റിയിലൂടെ രണ്ട് കിലോമീറ്റര്‍  തോടിലൂടെ ഒഴുക്കി അന്നത്തെ തൈക്കാട് പഞ്ചായത്തിലെ ചക്കംകണ്ടം കായലിലാണ് (ഇന്ന് ആ പ്രദേശം ഗുരുവായൂർ മുനിസിപാലിറ്റിയുടെ കീഴിൽ ആയി!!) എത്തിച്ചേരുന്നത്. ഒഴുക്ക് എന്ന് പറയാനാകില്ല. കറുത്ത നിറത്തിലുള്ള കൊഴുത്ത ദ്രാവകം പ്ലാസ്റ്റിക്കു മുതൽ ഭ്രൂണാവശിഷ്ടങ്ങൾ വരെ അമ്പത് ഏക്കര്‍ വിസ്തൃതമായ കായലിനെ ഗുരുവായൂരിന്റെ അഴുക്കുചാലാക്കി മാറ്റി. കാളപ്പാടത്തും എടപ്പുള്ളിപ്പാടത്തും ചക്കം കണ്ടത്തും ഉണ്ടായിരുന്ന നെൽ കൃഷി പൂർണ്ണമായി നിലച്ചു (വിലയിടിവും പ്രവാസവും തൊഴിലാളികളുടെ ലഭ്യതക്കുറവുമായിരുന്നു അതിനു പ്രധാനകാരണമെങ്കിലും) കയർ, ചകിരി, കക്ക, മീൻ എന്നീ മേഖലയിലെ തൊഴിലാളികളും തൊഴിൽ രഹിതരായി. 


അതിനിടയിൽ സി അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു അഴുക്കുചാൽ പദ്ധതി കൊണ്ടുവന്നു. അന്നത്തെ ശാസ്ത്രീയമായ അറിവിന്റെയും  ആവശ്യത്തിന്റെയും പശ്ചാത്തലത്തിൽ വലിയ കിണറുകൾ പോലുള്ള  സെപ്ടിക് ടാങ്കുകളിലൂടെ വെള്ളം മാലിന്യത്തിന്റെ കാഠിന്യം കുറച്ച് ചക്കംകണ്ടത്തെ പുഴയിൽ ഒഴുക്കുക തന്നെയായിരുന്നു പദ്ധതി.  80 ലക്ഷത്തോളം രൂപ ജലരേഖയായി മാറി. പിന്നീട് എല്ലാവരും മലിന്യത്തിന്റെ കെടുതികൾ നിശ്ശബ്ദമായി സഹിച്ചു പോന്നു. 


വർഷങ്ങൾ കഴിഞ്ഞ് കൊതുകുകൾ പെരുകി ജീവിതം അസഹ്യമായിയെന്ന് ഓർത്തെടുത്ത ഒരു ദിനം എടപ്പുള്ളിയിലെ വഹാബ് കാരക്കാടിന്റെ വീട്ടിൽ കെ പി മുഹമ്മദാലി. ആർ വി മുഹമ്മദുണ്ണി കൃഷ്ണൻ, ഷറീഫ് പരുത്തിക്കാട്, എം ഫൈസൽ ഗുരുവായൂർ കെ ജി സുകുമാരൻ മാസ്റ്റർ, രവി, ആര്‍ വി മജീദ്,  എൻ കെ വഹാബ് തുടങ്ങിയവർ ചേര്‍ന്ന് ഒരു അഴുക്കുചാല്‍ വിരുദ്ധസമിതിക്ക് രൂപം കൊടുത്തു. ഇതായിരുന്നു അഴുക്കുചാൽ സമരമെന്ന് അറിയപ്പെട്ട മാലിന്യവിരുദ്ധ സമരത്തിന്റെ തുടക്കം. ധർണ്ണയും ജാഥകളുമടക്കം പല സമരപരിപാടികളും സംഘടിപ്പിക്കപ്പെട്ടു. സമരം ശക്തിപ്പെട്ടതോടു കൂടി എടപ്പുള്ളിയിലെ പലരും സമരത്തിൽന്നിന്ന് പിന്മാറി. കെ  ജി സുകുമാരൻ മാസ്റ്റർ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. തുടർച്ചയായി പ്രകടനങ്ങളും വഴിതടയൽ , പിക്കറ്റിങ്ങ് എന്നിവയും നടന്നു. ഇതൊന്നും ഒരു പരിഹാരം കാണാൻ സഹായിച്ചില്ല.


പിന്നീട് നടന്ന കെ കെ വൽസരാജ്, പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ തുടങ്ങിയവർ നടത്തിയ നിരാഹാര സമരം കൂടുതൽ ജനശ്രദ്ധയും സമരവീര്യവും ഉണ്ടാക്കി. ഇത് സർക്കാരിനെ അടിയന്തിരമായി ഇടപെടുവാൻ നിർബന്ധിതമാക്കി. ഇതേ സന്ദർഭത്തിൽ തന്നെ ചക്കംകണ്ടത്തേക്ക് മാലിന്യം തള്ളുന്നതിനെതിരെ സമരം ആരംഭിച്ചിരുന്നു. ചർച്ചകളിൽ  ചക്കം കണ്ടത്തേക്ക് യാതൊരു മാലിന്യനിക്ഷേപവും അനുവദിക്കില്ല എന്ന ഉറച്ച നിലപാടിൽ നിന്നു. നിരന്തരമായ ചർച്ചകൾക്കൊടുവിൽ ചില പദ്ധതികൾ സന്ദർശിക്കാനും എല്ലാവർക്കും ഉചിതമെന്നു തോന്നുന്ന ഒരു പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചു. നായനാർ സർക്കാർ ചക്കം കണ്ടത്ത് ഗുരുവായൂർ മുനിസിപാലിറ്റിയുടെ കീഴിലുള്ള സ്ഥലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമായി.


കെ ജി സുകുമാരൻ മാസ്റ്റർ അദ്ദേഹത്തിന് കഴിയാവുന്ന എല്ലാ പ്രവർത്തനങ്ങളും ഈ പ്രശ്നത്തിൽ നടത്തി. അദ്ദേഹം നടത്തിയ  ഇടപെടലുകൾമൂലം കോടതി സർക്കാരിന് പദ്ധതി പൂർത്തീകരിക്കുന്നതിന് സമയപരിധിവരെ നിശ്ചയിച്ചിരുന്നു.

ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നിലം നികത്തൽ തുടങ്ങുന്നതോടെ ചക്കം കണ്ടത്ത്  ജോർജ്ജ് മാഷ് ,തെക്കുമ്പുറം നൗഷാദ്  എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ "മാലിന്യ് വിരുദ്ധ സമരം" ആരംഭിച്ചു.  

 ഇ .കെ .നായനാര്‍ സര്‍ക്കാരിൽ അന്നത്തെ എം എൽ എ ആയിരുന്ന പി ടി കുഞ്ഞുമുഹമ്മദിന്റെ ഇടപെടലുകളിലൂടെയും ട്രീറ്റ്മെന്റ് പ്ലാന്റിനു വേണ്ട നടപടികൾ തുടങ്ങിയെങ്കിലും തുടര്‍ന്ന് വന്ന യു .ഡി . എഫ് . സര്‍ക്കാര്‍ അത്  മുന്നോട്ട് കൊണ്ടുപോയില്ല.  ശക്തമായി ഉയർന്നുവന്ന സമരത്തിന്റെ ഭാഗമായും    വീണ്ടും പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2006 ഇല്‍ എല്‍ .ഡി .എഫ് . സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശ്രീ .കെ .വി .അബ്ദുള്‍ ഖാദര്‍ എം .എല്‍ .എ  ആയതോടു കൂടിയാണ്.  ഇക്കാലയളവിൽ പദ്ധതി യുടെ പ്രധാനഭാഗമായ ട്രീറ്റ്മെന്റ്റ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു .ബാക്കിയുള്ളത് അനുബന്ധ പൈപ്പ് ജോലികള്‍ മാത്രമാണ്. ഇപ്പോൾ അതിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ തുടങ്ങുമെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമായില്ല. ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവയുടെ കണക്കെടുപ്പും പിന്നെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനു കരാറെടുത്തിട്ടുള്ള വാസ്കോ കമ്പനിവക ചില  സര്‍വേകൾ മാത്രമാണ് നടത്തിയത്. എത്രകാലം വേണം ഈ പദ്ധതി പൂര്‍ത്തിയാകാന്‍, പൂര്‍ത്തിയായാല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം എത്ര കര്യക്ഷമമാകുമെന്നും  കണ്ടറിയണം.

2012ഫെബ്രുവരി 26 , ഗുരുവായൂരില്‍ മലം കലര്‍ന്ന മാലിന്യങ്ങള്‍ കാനയിലേക്ക് ഒഴുക്കിവിടുന്നത് തടഞ്ഞ് ഒരോ സ്ഥാപനത്തിനും സുരക്ഷിതമായ സെപ്റ്റിക്ടാങ്ക് ഉണ്ടെന്ന് ഉറപ്പ് വരുത്താനവശ്യമായ നടപടികള്‍ സ്വീകരിക്കാനും മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാനാവശ്യമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ഓംബുഡ്‌സ്മാന്‍ ഗുരുവായൂര്‍ നഗരസഭയോട് ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നഗരസഭയില്‍ ഹോട്ടലുകളും ലോഡ്ജുകളും സെപ്റ്റിക് മാലിന്യങ്ങള്‍ കാനയിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ പാലുവായ് സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.എഫ്. ജോര്‍ജ് നല്‍കിയ പരാതിയുടെ തുടര്‍ച്ചയായി നടക്കുന്ന സിറ്റിങ്ങില്‍ ബുധനാഴ്ച പാലക്കാട്ട് ചേര്‍ന്ന സിറ്റിങ്ങിലാണ് ഓംബുഡ്‌സ്മാന്‍ എം.എല്‍. കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കാനയിലേക്ക് മലം ഒഴുക്കിവിടുന്നുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ എന്താണ് പ്രശ്‌നമെന്ന് ഓംബുഡ്‌സ്മാന്‍ നഗരസഭയോട് ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും ചെയര്‍മാന്‍ മറുപടി പറഞ്ഞില്ല. ഗുരുവായൂരിലെ സെപ്റ്റിക് ടാങ്കുകള്‍ ഓരോന്നും സ്ലാബിളക്കി പരിശോധിക്കാനും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനും ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടു.


ഗുരുവായൂരിന്റ്റെ മാലിന്യങ്ങള്‍ വെറും ചക്കംകണ്ടത്ത് മാത്രം ഒതുങ്ങുന്നില്ല. കോട്ടപ്പടി മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നൊഴുകുന്ന മാലിന്യങ്ങള്‍ സമീപപ്രദേശങ്ങളില്‍ വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ആനക്കോട്ടയില്‍നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളെല്ലാം തന്നെ ഗുരുവായൂരിനെ അലട്ടുന്നു. ഇതെല്ലാം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടം മൂന്നുപതിറ്റാണ്ടായി ഒരു സമൂഹം അനുഭവിക്കുന്ന വേദനകളെ കണ്ടില്ലെന്ന് നടിക്കുന്നത് എത്ര വേദനാജനകമാണ്.


                         -----------------------------------------------------------------


ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ അഷ്ഫക് ഷാ, അനസ് എടപ്പുള്ളി

Wednesday, February 22, 2012

മാലിന്യം ജനത ഭരണകൂടം


പുതിയ കാലത്തെ മനുഷ്യന്‍ നേരിടുന്ന ഏറ്റവും തീക്ഷ്ണമായ പ്രശ്നം ആഹാരം മാത്രമല്ല. വിസര്‍ജ്യസംസ്കരണവും കൂടിയാണ്.  വൃത്തിയുടെ കാര്യത്തില്‍ എന്നും ഒന്നാമനാണ് മലയാളി. നാട്ടില്‍ പണിയെടുക്കുന്ന അന്യനാട്ടുകാരനെ വൃത്തിയില്ലാത്തവനെന്ന് മേലെനങ്ങാതെ പരിഹസിക്കാന്‍ അല്പം മിടുക്കും കൂടുതലാണ്. എന്നിട്ടും നമ്മുടെ മാലിന്യങ്ങള്‍ ദിനംപ്രതി കുമിഞ്ഞുകൂടുന്നു. വീടുകള്‍ വൃത്തിയാക്കി ആ മാലിന്യം നാട്ടുകാര്‍ക്ക് സഹിക്കാന്‍ തെരുവിലേക്ക് വലിച്ചെറിയുന്നു. എന്നിട്ട് നാം ശുചിത്വത്തെക്കുറീച്ചും ആരോഗ്യപരിപാലനത്തെയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നു. ആശുപത്രികളെ ആരോഗ്യം സംരക്ഷിക്കനുള്ള ഉത്തരവാദിത്തം ഏല്പിച്ച് അവർക്ക് പണം കൊടുക്കുന്നു. നമ്മുടെ ചുറ്റുവട്ടത്ത് ഒരു ചെറിയ കുഴിയില്‍ നിക്ഷേപിച്ച് പരിഹരിക്കാവുന്ന മാലിന്യങ്ങള്‍  റോഡിലെ മാലിന്യഭരണിയില്‍ നിക്ഷേപിച്ചാലേ ശുദ്ധനാകൂ. സംസ്കരിക്കാൻ ഇടമില്ലാത്ത സർക്കാർ ആ മാലിന്യം വൃത്തിയാകുന്നുമില്ല.
ഇപ്പോള്‍ എവിടെയും മാലിന്യസമരത്തിന്റെ ഒച്ചയും ബഹളവും കേട്ടാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. നഗരങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ താങ്ങുന്നത് ചുറ്റുമുള്ള ഗ്രാമങ്ങളാണ് എന്നുള്ളത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ്. നഗരങ്ങളെ ഗ്രാമങ്ങളെ വളയുമെന്നാണ് മാവോ പറഞ്ഞത് എന്നാല്‍ ഗ്രാമങ്ങള്‍ നഗരങ്ങളാല്‍ വളയപ്പെടുകയാണ് ചെയ്യുന്നത്. ഗ്രാമങ്ങളെ നഗരങ്ങളാക്കുന്ന മായാജാലമാണ് ഇന്ന് ഭരണകൂടത്തിന്റെ തന്ത്രം തങ്ങളും നഗരവാസികളാണെന്ന് അഹങ്കരിക്കാനും അവരെ കടുത്ത എതിര്‍പ്പുകളില്‍ നിന്ന് തടയാനും ഗ്രാമങ്ങളെ നഗരങ്ങളാക്കി പ്രശനം പരിഹരിക്കുന്ന വിദ്യകളും നാം കാണുന്നു. നമുക്ക് അല്പമെങ്കിലും ബാക്കിയായിട്ടുള്ള  ജൈവ സമ്പത്ത്  ഗ്രാമങ്ങളിലാണ്, ആ നഷ്ടം നികത്താനാവാത്തതാണ്.
മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥ ഗുരുതരമായ ആരോഗ്യ-സാമൂഹ്യ-കാര്‍ഷിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. മുനിസിപ്പാലിറ്റി നിയമപ്രകാരം മാലിന്യനിര്‍മാര്‍ജനവും രോഗപ്രതിരോധ പ്രവര്‍ത്തനവും കുടിവെള്ള വിതരണവുമാണ് നഗരസഭയുടെ പ്രാഥമികമായ ജോലികൾ. പ്രാഥമികമായ കടമ അവർ നിർവ്വഹിക്കുന്നില്ല. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറിയകൂറും മാലിന്യ സംസ്കരണമെന്നത് വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. ജനങ്ങള്‍ക്ക് മാലിന്യമുക്തമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയണ്. ജീവിക്കാനുള്ള മൌലികമായ അവകാശം സംരക്ഷിക്കാത്ത സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാന്‍ എന്ത് അവകാശമാണുള്ളത്.
മാലിന്യം എന്ത് ചെയ്യണം, എങ്ങനെ, എപ്പോള്‍ സംസ്‌കരിക്കണം എന്നോ അതിന്റെ ചാക്രിക ഉപയോഗങ്ങളെ ക്കുറിച്ചോ ഗൌരവമായ ഒരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നത് അവര്‍ക്ക് ഈ കാര്യത്തിലുള്ള അനാസ്ഥ എത്ര മാത്രമാണ് എന്നു മനസ്സിലാക്കാം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്ന ഒന്ന് നമുക്കുണ്ടെങ്കിലും അതിന് എല്ലാ തരം മാലിന്യപ്രശ്നങ്ങളിലും നിയമപരമായി ഇടപെടാന്‍ അധികാരമുണ്ടെങ്കിലും അത് ചെയ്യാതെ വ്യാവസായിക മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ മാത്രമേ ഇടപെടുന്നിള്ളൂ ചില ഒത്തുതീര്‍പ്പുകള്‍, പരിഹാരങ്ങൾ നടത്തുന്നതേയുള്ളൂ..

ഏതൊരു രാജ്യത്തിന്റെയും വികസനമെന്നത് അവിടെ വസിക്കുന്ന പൌരന്റെ ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശമായിരിക്കണം. പ്രകൃതിയെ വിസ്മരിച്ചുകൊണ്ട് പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ മൌഡ്യം മാത്രമാണ്. മാനുഷികതയോ സ്നേഹഭാവമോ ഇല്ലാതെ കെട്ടിപ്പൊക്കുന്ന ഏതൊരു വികസന തന്ത്രവും ആത്യന്തികമായ പരാജയമാണ്. അത് വികസനത്തിനല്ല വികൃതമായ സമൂഹനിര്‍മ്മിതിക്ക് മാത്രമേ ഉതകൂ.

തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ അമ്പേ പരാജയം. നഗരം ചീഞ്ഞുനാറുകയാണ്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തെ പ്രതിയുള്ള പ്രദേശവാസികളുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ഇനിയും പരിഹാരമുണ്ടായിട്ടില്ല.  കോടതികൾപോലും ആ ജനതക്കൊപ്പം നിൽക്കുന്നില്ല. 

മാലിന്യങ്ങളുടെ കൂമ്പാരമാണ് കൊച്ചി, സലീം കുമാറിന്റെ "കൊച്ച്യെത്തീ" എന്ന ഡയലോഗ് നമുക്ക് മറക്കാൻ കഴിയില്ലല്ലോ? മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും ചീഞ്ഞുനാറുകയാണ്. കളമശ്ശേരിയിൽ മാലിന്യം ജെ സി ബി യിൽ കിൻഫ്രയുടെ സ്ഥലത്ത് തള്ളുന്നു. 


തിരുവനന്തപുരത്ത് വിളപ്പില്‍ശാലയും എറണാകുളത്തിന് ബ്രഹ്മപുരവും കോഴിക്കോടിന് ഞെളിയന്‍പറമ്പും തലശ്ശേരിക്ക് പെട്ടിപ്പാലവും തൃശൂരിന് ലാലൂരും കോട്ടയത്തിന് വടവാതുരും ഗുരുവായൂരിൽ ചക്കംകണ്ടവും, കോട്ടപ്പടീയും, കണ്ണൂരിലെ ചേലോറയിലും പൊതുജനസുരക്ഷയും സ്വീകരിക്കാതെയായിരുന്നു. ചിലയിടങ്ങളിലെല്ലാം കാലഹരണപ്പെട്ട സംവിധാനങ്ങളും.



ആഗോളീകരണകാലത്തെ ഭരണകൂടങ്ങൾക്ക് ഉല്പാദനപരമല്ലാത്ത മുതൽമുടക്കുകൾ സാദ്ധ്യമല്ലാതായിത്തീർന്നിരിക്കുന്നു. കടം തന്നവന്റെ  അഭീഷ്ടങ്ങൾക്കനുസരിച്ച് മാത്രം രൂപീകൃതമാകുന്നു നമ്മുടെ "സ്വയം ഭരണം".  ഭരണകൂടം പുത്തൻ വികസന മുദ്രാവാക്യം മുഴക്കി ജനങ്ങളെ മോഹവലയത്തിൽ നിർത്തി അഴിമതികളുടെ സമ്പന്നതയി വ്യാപരിക്കുന്നു, പ്രതികരിക്കേണ്ട പ്രസ്ഥാനങ്ങൾ ശക്തി പ്രകടങ്ങൾ നടത്തി അടിസ്ഥാന പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടാത്താതെ മാറിനിൽക്കുകയും ചെയ്യുമ്പോൾ  അതിനായുള്ള ഏത് പ്രവർത്തനങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കെ വേണുവിന്റെ നിരാഹാര സമരത്തിന് ഐക്യദാർഡ്യം....