Friday, May 23, 2014

ഒരു ഇന്ത്യക്കാരുടെ മിഡിലീസ്റ്റിലെ ഒരു വിദ്യാലയം
വിവിധ രാജ്യക്കാർ
പ്രദേശക്കാർ
ജാതിക്കാർ
മതക്കാർ
ടയോട്ടാക്കാർ
നിസ്സാങ്കാർ
ഓഡീ കാർ
ഓഡുന്ന വേറേം കാർ
അവിടെ പഠിതാക്കളായി വരുന്നവരുടെ വിവരണം അതാണ്, അതൊക്കെയാണ്.
ഇനി നമുക്ക് ഇന്നത്തെ പ്രത്യേക സംഭവവികാസത്തിലേക്ക് ശ്രദ്ധതിരിക്കാം. അല്പം ശ്രദ്ധതിരിക്കാതിതു കേൾക്കാനാകില്ല.
അധ്യാപകൻ ക്ലാസ് മുറിയിൽ പഠിതാക്കളുടെ രക്ഷിതാക്കൾ എന്ന് നടിക്കുന്നവരുമായി പഠനനിലവാരം ചർച്ചചെയ്യാനിരിക്കുന്നു.
ഇനി ഈ കുറിപ്പിനാധാരമായ ചർച്ചയിലേക്ക് വരാം....
അധ്യാപക: നമസ്കാരം സർ
ആ രക്ഷിത : നമസ്കാരം ടീച്ചർ
മോൻ നന്നായി പഠിക്കുന്നുണ്ട്
സന്തോഷം ടീച്ചർ, വീട്ടിലും അവനു എപ്പോളും പഠനത്തിനുതന്നെയാണ് ആവേശം, പഠിതാവ് തെല്ലൊരു അതിശയത്തൊടെ ആരക്ഷിതാവിനെ നോക്കി.
വീണ്ടും കഥ തുടരുന്നു
ആരക്ഷിതാവ്
ടീച്ചർ, ആരാണ് ഇവന്റെ കൂട്ടുകാരനായ ..... സ്?
ടീച്ചർ ഇവ്ന്റെ ക്ലോസ് ഫ്രൻഡാണല്ലോ, അല്ലെടെ ,,,?,
ടീച്ചർ മറുചോദ്യുമായി ഇതു ചോദിച്ചതും കുട്ടിക്ക് ഒരു ആവലാതി... അല്ല ടീച്ചർ എന്റെ അടുത്താണ് അവൻ ഇരിക്കുന്നത്. അത്രേയുള്ളൂ
പിന്നെ ആരക്ഷിതാവ് കുറച്ച് ചേർന്നിരുന്നു പറയുന്നു, ടീച്ചറേ, ഞങ്ങൾ വെജിറ്റേറിയനാണ് ടീച്ചറേ.. ഈ ഇവന്റെ കൂട്ടുകാരൻ ഇറച്ചി കൊണ്ടുവന്ന് ഇവനെ തീറ്റിപ്പിക്കുന്നു. ടീച്ചർ ആ കുട്ടിയെ ഒന്ന് വാൺ ചെയ്യണം, ഇനി ഇങ്ങനെ ഉണ്ടാകരുത്......
ടീച്ചറുടെ മുഖം ചുവന്നുതുടുത്തു, ടീച്ചർ വികാരത്തിനടിമപ്പെട്ടു എന്ന് തോന്നി, പലദേശക്കാർ, ജാതിക്കാർ, മതക്കാർ..... ഇങ്ങിനെ ഒരുപാട് കുട്ടികളുള്ള ഈ വിദ്യാലയത്തിൽ ഇങ്ങനെ ചിലതൊക്കെ സംഭവിക്കും. പിന്നെ നിങ്ങളുടെ കുട്ടി വെജിറ്റേറിയനാണ് എന്ന് നിങ്ങളാണോ തീരുമാനിക്കുക, അങ്ങിനെയെങ്കിൽ ആ കുട്ടി അത് കഴിക്കില്ലല്ലോ, അതായത നിങ്ങളാണ് വെജിറ്റേറിയൻ, കുട്ടി അങ്ങിനെ ശഠിക്കുന്നില്ല, പിന്നെ നോൺ വെജ് ഇവിടെ ഒരു പാട് പേരുകഴിക്കുന്നുണ്ട്, അവരൊക്കെ അധമന്മാരല്ല എന്ന് സാർ മനസ്സിലാക്കണം..... കുട്ടികൾ അവരുടെ ശീലങ്ങളായി വളരട്ടെ, നന്മ അവർ തിരഞ്ഞെടുക്കട്ടെ, സൗഹൃദം പങ്കുവെക്കുമ്പൊൾ അല്പം കോഴിപൊരിച്ചത് കഴിച്ചാൽ മരിച്ചുപോകുകയൊന്നും ഇല്ല, അത് അവരുടെ സ്നേഹത്താൽ ഉണ്ടായതാണ്. നിങ്ങൾ ആ സൗഹൃദത്തെ അംഗീകരിക്കണം എന്നൊക്കെ ടീച്ചർ പൊട്ടിത്തെറിക്കും എന്നു കരുതി.
ശരി സാർ ഇനി ശ്രദ്ധിച്ചോളാം എന്ന് കേണുപറഞ്ഞ് ആ വിശയം ടീച്ചർ മെല്ലെ അവസാനിപ്പിച്ചു...
അതുകേട്ട് ഞാനൊന്നുമറിഞ്ഞില്ല എന്നമട്ടിൽ ഒരു രീതിയിലും എന്നെ ബാധിക്കത്തതാണ് എന്നതിനാലും ഞാനും എന്റെ മകനും കണക്കിലെ മാർക്കിൽ വന്ന കുറവിനെക്കുറിച്ച് ടീച്ചറോടെന്തുപറയും എന്ന് മാത്രം ചിന്തിച്ച് ഊഴം കാത്തിരുന്നു

Thursday, May 22, 2014

തുരുത്തുകൾ

തുരുത്തുകൾ എന്നത് ..

ഒരു കൊട്ടാരം
സന്തോഷം
ആനന്ദം
അങ്ങിനെ ആനന്ദിക്കുന്നവരുടെ
തുരുത്ത്

കൊട്ടിയടക്കപ്പെട്ട
നിഗൂഡതകളുടെ ഒരു ഗ്രഹം
അകമറയാൽ
അങ്ങിനെ നിഗൂഡതപേറുന്ന
ഒരു തുരുത്ത്

ഞാനും ഒരു തുരുത്തിലാണ്
അടിത്തറയടർന്നുപോയ
മലവെള്ളത്തിലൊഴികിപ്പോകുന്ന
എപ്പളോ നിലം പതിക്കാവുന്ന
ഒരു തുരുത്ത്..


നമുക്കു ചുറ്റും രൂപപ്പെടുന്ന മണൽകൂനകൾ
തീർച്ചയായും നമ്മെ മൂടുകതന്നെ ചെയ്യും
മണൽക്കാറ്റിന്റെ ആരവത്തിൽ
നമ്മുടെ ശബ്ദം അലിഞ്ഞില്ലാതെയാകുന്നുണ്ട്
എങ്കിലും
ഉറക്കെ, ഇനിയുമുറക്കെത്തന്നെ ശബ്ദിക്കേണ്ടതുണ്ട്
ഇടം നഷ്ടമാകുന്നവന്റെ അവസാനത്തെ ആകുലത
മണൽക്കാറ്റിൽ അലിഞ്ഞില്ലാതെയാകുമെങ്കിലും
വായുവിലെങ്കിലും അത് അടയാളപ്പെടുത്തേണ്ടതുണ്ട്

Thursday, May 8, 2014

പ്രബോധനം

ഇന്നലെ രാത്രിയിലെ ഏകാന്തതയിൽ
എന്റെ അടുക്കൽ വന്ന് അയാൾ
സ്നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും പറഞ്ഞു

വിശ്വാസത്തെക്കുറിച്ചും പ്രാർത്ഥനകളെക്കുറിച്ചും
ദാനത്തെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും
വരാനിരിക്കുന്ന സ്വർഗ്ഗകാലത്തെക്കുറിച്ചും പറഞ്ഞു

വല്ലാതെ മനം‌പുരട്ടൽ തുടങ്ങിയിട്ടും
അയാൾക്ക് മുഖം കൊടുക്കാതെ ഞാനിരുന്നു
ആട്ടിയകറ്റപ്പെട്ടവന്റെ ആത്മബോധം

ഇടക്ക് തികട്ടിവന്ന ചർദ്ദിലിൽ ഒരു അരിമണി,
ഒരു പരിപ്പിൻ മഞ്ഞപോലും കാണാത്തതിനാൽ
അയാൾ എന്നെ ഉപേക്ഷിച്ചുപോയി