Thursday, August 19, 2010

മൊബൈല്‍ സന്ദേശം

പ്രണയം ഖനീഭവിച്ച
പുല്‍തകിടിയില്‍
മൊബൈല്‍ കാതില്‍
ചേര്‍ത്ത് അവള്‍
അവനെ കാത്തിരുന്നു
ഡയലര്‍ സംഗീതത്തിന്‍റെ
അവസാന മിടിപ്പും നിലച്ച്
പ്രകാശം മെല്ലെ ഇല്ലാതായി
ഇന്ധനകട്ടയുടെ അവസാന
കശേരുക്കളും നുറുങ്ങിയിരിക്കുന്നു
പിന്നെയും അവളുടെ വിറക്കും
കൈകളാല്‍ പച്ച ബട്ടണമര്‍ത്തി
അവനുവേണ്ടിയുള്ള
തിരച്ചിലിനായി
തരംഗങ്ങളെ അയച്ചു
ഇവിടെ കാത്തിരിക്കും
പ്രാണസഖിയുടെ
രോദനവുമായി തരംഗങ്ങള്‍
അവന്‍റെ മൊബൈലിന്‍റെ
സ്വൊനഗ്രാഹികളിലെത്തി
അത് ഉച്ചത്തില്‍ കരഞ്ഞു

കേഴുമാത്മാവിനെ നിശ്ശബ്ദമാക്കി
അയാള്‍ പുത്തന്‍ സിം കാര്‍ഡിന്‍റെ
വര്‍ണ്ണമേലങ്കി അഴിച്ചെറിഞ്ഞു
അവന്‍റെ അക്കങ്ങള്‍ അവന്‍ മാറ്റി

തരംഗങ്ങള്‍ അവനെ കണ്ടെത്താതെ
അവളിലേക്ക് മടങ്ങി......

Wednesday, August 18, 2010

വാര്‍ദ്ധക്യപുരാണം

വയസ്സായെന്നു
ആരാണ് എന്നെ ഓര്‍മ്മപ്പെടുത്തുന്നത്
ഓരോ ദിനവും ശത്രുവിനെ പോലെ
പത്രമെറിയുന്ന ബാലനോ?
അറ്റത്തെ പച്ചിലകള്‍ കരിച്ച്
ചുട്ടുപൊള്ളുന്ന വേനലോ
അടപ്പുപാത്രത്തില്‍
കുത്തിനിറച്ച പ്രാതല്‍
ഒരുക്കിവെച്ച് രാവിലെ
തിരക്കില്‍ ആപീസിലേക്ക്
കുതിച്ചോടുന്ന മകളോ
ഉച്ചക്ക് തണുത്തുറച്ച പ്രാതല്‍
മോണയില്‍ തറക്കും വേദനയിലോ

എന്‍റെ കയ്യില്‍ വളര്‍ന്നവന്‍
എന്‍റെ പാഠങ്ങള്‍ പഠിച്ചവന്‍
എന്നോളം വളര്‍ന്ന്
ഉപദേശങ്ങളുടെ
ഫോണ്‍ വിളികളിലോ

ഇടക്ക്മുറ്റത്തെകിളികളുടെ
ആരവം കേള്‍ക്കുമ്പോള്‍
ഞാന്‍ യൌവ്വനത്തില്‍
അല്ല യൌവ്വനത്രുഷ്ണയില്‍
അലിയുന്നു...ഇടക്ക്
ഇടക്ക് മാത്രം

Thursday, August 5, 2010

കാഴ്ചകള്‍


കാഴ്ചകള്‍
അത് നഷ്ടമാകുമ്പോള്‍
ജീവിതം നഷ്ടമാകലാണ്
നിറങ്ങള്‍ വസന്തങ്ങള്‍
അങ്ങിനെ കാലവും

എങ്കിലും കണ്ണുകള്‍ക്കപ്പുറം
കാഴ്ചകളുള്ളവരുണ്ട്
അവര്‍ കണ്ണുകളില്ലാതെ
കാഴ്ചകളാകുന്നു

കാഴ്ചകള്‍ അകം നിറയുന്നു
വാക്കുകള്‍ പോരാട്ടങ്ങള്‍
ഗന്ധങ്ങള്‍ തിരിച്ചറിയലുകള്‍
എപ്പോളും അതിജാഗരം‍

കഴ്ചകള്‍ നിറങ്ങളാകുന്നു
കറുപ്പുകള്‍ ഇല്ലതെയാകുന്നു.
അകമേ തിരശ്ശീലകെട്ടി
എല്ലാം അറിയുന്നു

പ്രഭാതത്തിന്‍റെ സംഗീതം
ഉച്ചച്ചൂടിന്‍റെ പൊള്ളല്‍
സായന്തനത്തിന്‍റെ മാധുര്യം
എല്ലാം അറിയുന്നു

ഇരുട്ട് അറിവാകുന്നു
കറുപ്പാകുന്നു
നിറമല്ലാത്തത് കറുപ്പ് മാത്രം
മറ്റെല്ലാം നിറങ്ങള്‍
കപടമായവ

കണ്ണുകളില്‍ കനല്‍ കൊണ്ടുനടന്ന
സഖാവ് മുഹമ്മദലിക്കാക്ക്

പ്രണയലേഖനങ്ങള്‍



അവള്‍ എന്തു ചെയ്തിട്ടുണ്ടാകും
രാവുകളെ നിദ്രാവിഹീനങ്ങളാക്കി
അനുസരനയില്ലാത്ത കയ്യെഴുത്തിന്റെ
വളഞ്ഞും പുളഞ്ഞും പോകുന്ന
ഒഴുക്കില്‍ ശപിച്ച് എഴുതിയെടുത്തവ.

എന്റെ കയ്യെഴുത്തുകളല്ല
എന്റെ ആത്മാവിനെ പകര്‍ത്തിയ
എന്റെ ഹ്രുദയം മുറിച്ചുവെച്ച
വക്കില്‍ നിണം പുരണ്ടവ
ഇപ്പോള്‍ ആ കത്തുകള്‍
എവിടെയായിരിക്കും
ചുവന്ന പൂട്ടിനാല്‍ ബന്ധിച്ച
കൌതുകമുള്ള നീലപ്പെട്ടി
ഇപ്പോളും കാത്തുവ്ക്കുന്നുണ്ടാകുമോ
അവയില്‍ അലക്കിത്തേച്ച പോല്‍
അടുക്കിവച്ച എന്റെ പ്രണയലേഖനങ്ങളും

കൈമാറുമ്പോള്‍ ഞാന്‍അവള്‍ക്കായ്
ഒരു വസന്തം നല്‍കുന്നതുപോലെ
ഒരു വിശുദ്ധകര്‍മ്മത്തിന്റെ പുണ്ണ്യംപോലെ
അവള്‍ അതെല്ലാം എന്ത് ചൈതിരിക്കും
എല്ലാം നീലപ്പെട്ടിക്കകത്ത് ഉണ്ടാകുമോ?
എനിക്കുതന്ന പ്രണയലെഖനങ്ങള്‍
ഞാന്‍ കല്യാണതലേന്ന് കത്തിച്ചു കളഞ്ഞു
കര്‍ക്കിടകമേഘം പോലെ
പുക വാനിലേക്ക് ഉയര്‍ന്നു
പിന്നെ ഒരു മഴപെയ്തു
ആര്‍ദ്രം ..സ്നിഗ്ദം

Wednesday, August 4, 2010

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്


ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
*****************************

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
ഡ്രൈവര്‍ വീട്ടില്‍ അരി തീര്‍ന്നതും
കൊച്ചുമകള്‍ നിറമുള്ള പേനകള്‍
കൊണ്ടുവരാന്‍ പറഞ്ഞതും ഓര്‍ത്തു

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
ആലീസ് തനിക്ക് ഇന്ന് വരുന്ന
അതിഥികളെ ഓര്‍ത്ത്
ബസ്സിലെ പുറംകാഴ്ചകള്‍ നോക്കി

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
കയ്യിലെ മൊബൈലില്‍ ചുംബിച്ച്
കാമിനിയുടെ അവസാനത്തെ
എസ് എം എസ്സിലെ വരികള്‍ നോക്കി

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
കാസരോഗത്തിലെ അവശതയില്‍ ദേവി
ആശുപത്രി ചീട്ടിലെ സമയമായോ
എന്ന് ഒരിക്കല്‍ കൂടി വാച്ചില്‍ നോക്കി

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
മുഹമ്മദ് തന്നെ തനിച്ചാക്കി
നേപ്പാളിക്കു ഭാര്യയായവാളുടെ കത്ത്
ഒന്നും അറിയാത്തപോലെ വായിച്ചു

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
ചില്ലറത്തുട്ടുകള്‍ പെറുക്കിവെച്ച്
തന്‍റെ തുണിസഞ്ചിയില്‍ നിറച്ച്
ഇന്നത്തെ യാചനനിര്‍ത്താമെന്നോര്‍ത്തു

ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
വിപ്ലവതമധുരിമനുകരുന്ന തലമുറയെ ഓര്‍ത്ത്
തീയില്‍ കരിയുന്ന ഇന്നിനെ ഓര്‍ക്കാതെ
ബോംബ് പൊതി തുറന്ന് സ്വതന്ത്രമാക്കി,