Tuesday, January 31, 2012

ചെരുപ്പ്

അങ്ങിനെ ഉറക്കം ഉണര്‍ന്നു, കാലത്തെഴുന്നേല്‍ക്കുന്നത് എത്ര വേദനാജനകം, വിശപ്പ് മെല്ലെ പൊതിയും, പിന്നെ വരിഞ്ഞ്മുറുക്കും. വൈകി ഉണര്‍ന്ന് നേരത്തെ ഉറങ്ങുകയാണിപ്പോള്‍. ചാക്കോചേട്ടന്‍ കടതുറക്കും വരെ മാത്രമുള്ള വൈകല്‍. പെട്ടെന്നുതന്നെ കൈകള്‍ ചെരുപ്പിനു വേണ്ടി പരതി.   വെറുംകാലുകൊണ്ട് നിലംചവിട്ടി മാത്രുഭൂമിയെ നിന്ദിക്കരുതെന്ന് മാഷ് പറഞ്ഞത് ഓര്‍ത്തു.ഒന്ന്  അപ്പുറത്ത് റോഡിനടുത്ത് മറ്റേത് മാലിന്യഭണ്ഡാരത്തിനടുത്ത്, അതെ മാലിന്യ ഭണ്ഡാരമാണ്, കാരണം ജനാധിപത്യവും രാജ്യസുരക്ഷയെക്കുറിച്ച് ബോധവുമുള്ള പൊതുസമൂഹം അവിടെയാണ് മുകളില്‍ ദാരിദ്ര്യരേഖകാണുക പോലും ചെയ്യാത്തവര്‍ക്കുള്ള അന്നം നിക്ഷേപിക്കുക  എല്ലാ പൌരനും നിക്ഷേപങ്ങള്‍ ഉണ്ടല്ലൊ..

ചെരുപ്പിലേക്ക് തന്നെ വരാം, ഇന്നലെ കോളാമ്പികെട്ടി ആരോ പറയുന്നതുകേട്ടു യുവനേതാവിനെ ആരോ ചെരുപ്പെറിഞ്ഞെന്ന്. വ്രുത്തികെട്ടവന്‍, ഒന്നുമില്ലെങ്കില്‍ ഒരു ജാനാധിപത്യ രാജ്യമല്ലെ, അതെങ്കിലും ഓര്‍ത്തോ ആ കഴുത. ദിനവും പട്ടിണികിടക്കുന്നവനില്ലാത്ത കുര അവന്. ഒക്കെ നാടകമാണെന്ന് ആ ഖദറുകാരന്‍ അന്‍പത് പൈസാ തന്ന് പറഞ്ഞു.  ഈ ഭൂമിയില്‍ എല്ലാം ചെരുപ്പെറിഞ്ഞാല്‍ തീരുന്ന പ്രശ്നങ്ങളാണോ? അന്യനാട്ടിലെ ആളുകളെക്കൊണ്ട്  നാടിനെ പറയിപ്പിക്കാന്‍.

ചെരുപ്പെന്നുപറയാന്‍ ഒന്നുമില്ല, മാലിന്യ ഭണ്ഡാരത്തില്‍ നിന്നെടുത്തതാണ് മാഷ് മാതൃഭൂമിയെക്കുറിച്ച് പറഞ്ഞ ഒരു നാള്‍. അതിനു ചാക്കുവള്ളികൊണ്ടൊരു വാറും കെട്ടി. കാലിലെ അഴുക്ക് ഭാരതമാതാവിന് മേല്‍ പതിക്കുന്നത് പാപം തന്നെ.

ആ മുരടന്‍ നായ പറ്റിച്ച പണിയാണ്, ഇന്നലെ കിടക്കുമ്പോള്‍ അരികിലുണ്ടായിരുന്നു. ചെരുപ്പിടുന്നവരെ അവനു തീരെ ഇഷ്ടമില്ല. നായക്കെന്ത് രാജ്യസ്നേഹം. പക്ഷെ അവനെ എല്ലാവര്‍ക്കും പേടിയാണ്. ചാക്കോ ചേട്ടന്‍ പീടികതുറക്കാന്‍ വരുമ്പോള്‍ ഒരു മുട്ടന്‍ വടിയുമായി വരും. അവനെ പേടിച്ചാണ്. വല്യ ധൈര്യശാലിയെന്നൊക്കെയാണ് ഭാവം, ഓടടാ എന്നേ പറയൂ., ഇവിടത്തെ അന്തേവാസികള്‍ ഓടും. ഇത് അയാളുടെ പീടികയല്ലെ. ഇടക്ക് പീടികയും ചുറ്റുവട്ടവും കഴുകാന്‍ വെള്ളം കോരിക്കൊടുക്കും. അതുകൊണ്ട് ഇവിടെ കിടക്കാന്‍ അനുവദിക്കുന്നത്. കിടക്കാന്‍ എന്നുപറഞ്ഞാല്‍ പീടികയുടെ കോലായിലല്ല, അവിടെ കിടക്കുന്നത് അങ്ങേര്‍ക്ക് ഇഷ്ടമല്ല. അതിന്റെ നീണ്ട ചവിട്ടു പടിയില്‍. കിടക്കാന്‍ ഒരിടവുമില്ലാത്ത എത്ര പേരുണ്ട്. ഇവിടെ ഈ ചവിട്ടുപടിയുണ്ടല്ലൊ. പക്ഷെ ചാക്കോ ചേട്ടന് രാജ്യസ്നേഹം തീരെയില്ല. പീടിക്കകത്ത് ചെരു
പ്പിടില്ല. അതെന്തുകൊണ്ടാണെന്ന് മാഷോട് ചോദിച്ചപ്പൊ മാഷ് പറഞ്ഞു, ചാക്കോക്ക് എന്ത് രാജ്യസ്നേഹം. അവരെല്ലാം വരത്തരല്ലെയെന്ന്.. 

ഇന്നലെ മാഷുടെ വീട്ടില്‍ പൂന്തോട്ടം നനക്കാന്‍ പോയി. മാഷ് പറഞ്ഞത് ചെടികള്‍ക്ക് നനക്കുന്നത് മനസ്സില്‍ സന്തോഷം തരുമെന്നാണ്,  എല്ലാം നനച്ചുകഴിഞ്ഞപ്പോള്‍ മാഷ് പറഞ്ഞു. നാം നമ്മെക്കുറിച്ച് മാത്രമാണ് ഓര്‍ക്കുന്നത. മാഷ് തികഞ്ഞ ദാര്‍ശനികന്‍ തന്നെ.

മുന്‍പും ഈ മുരടന്‍ നായ ചെരുപ്പ് നീക്കിയിടാറുണ്ടായിരുന്നു, അപ്പോള്‍  ഊന്നുവടികൊണ്ടാണ് തട്ടിയെടുത്തിരുന്നത്.  ഇന്നലെ മാഷിന്റെ വീട്ടിലെ  നിലംപൊത്താന്‍ നില്‍ക്കുന്ന ഒരു വാഴക്ക് ആ ഊന്നുവടികൊണ്ട് ഒരു ഊന്നുകൊടുത്തു. 

അതാ മുരടന്‍ നായ! ചക്കോച്ചന്‍ അലറിവിളിക്കുന്നുണ്ട്. അതു തന്നെ, ചാക്കോച്ചന്റെ കയ്യില്‍ നിന്ന് അയാളുടെ പൊതിച്ചോറ് തട്ടിപ്പറിച്ചു കൊണ്ടോടി. ഇടക്കിടെ അവന്‍ ഇതു ചെയ്യും, അത് ചാക്കോച്ചനോട് മാത്രമല്ല. മാഷോട് പോലും. ഒരിക്കല്‍ മിനിസിപാലിറ്റിക്കാരന്‍ നായപിടിയനെ കൊണ്ടുവന്നു നായയെപിടിക്കാന്‍. കുറെ എല്ലുംകഷണം നിലത്തിട്ട് അതെടുക്കാന്‍ വരുംനേരം പിടിക്കാന്‍. അതുണ്ടോ വരുന്നു. അശ്രീകരം. മുനിസിപ്പാലിറ്റി നായക്കാരന്‍ അന്ന് തോറ്റുതൊപ്പിയിട്ടു.

ഈ കാര്‍ ഡ്ബോര്‍ഡ് ചട്ടയില്‍ നിന്ന് നിലത്ത് കാല്‍ വെക്കാന്‍ വയ്യ,  ചാക്കോ ചേട്ടന്‍ ഈര്‍ശ്യത്താല്‍ തെറിവിളിക്കുന്നുണ്ട്, ചന്തിയില്‍ നിരങ്ങി നീങ്ങി ചെരുപ്പുകള്‍ ധരിച്ചപ്പോള്‍ സമാധാനമായി.  എന്നാലും വയര്‍ പട്ടിണിയാലൊട്ടി എരിഞ്ഞുകൊണ്ടേയിരുന്നു.
വന്ദേമാതരം.

2 comments:

madhu said...

വന്ദേ മാതരം!

അക്ഷരശൂന്യത said...

പുത്തന്‍ ദേശീയതാ ഹൈന്ദവതയും ദാരിദ്ര്യവും അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടെങ്കിലും ചട്ടക്കൂട് ഇല്ല...