Wednesday, August 18, 2010

വാര്‍ദ്ധക്യപുരാണം

വയസ്സായെന്നു
ആരാണ് എന്നെ ഓര്‍മ്മപ്പെടുത്തുന്നത്
ഓരോ ദിനവും ശത്രുവിനെ പോലെ
പത്രമെറിയുന്ന ബാലനോ?
അറ്റത്തെ പച്ചിലകള്‍ കരിച്ച്
ചുട്ടുപൊള്ളുന്ന വേനലോ
അടപ്പുപാത്രത്തില്‍
കുത്തിനിറച്ച പ്രാതല്‍
ഒരുക്കിവെച്ച് രാവിലെ
തിരക്കില്‍ ആപീസിലേക്ക്
കുതിച്ചോടുന്ന മകളോ
ഉച്ചക്ക് തണുത്തുറച്ച പ്രാതല്‍
മോണയില്‍ തറക്കും വേദനയിലോ

എന്‍റെ കയ്യില്‍ വളര്‍ന്നവന്‍
എന്‍റെ പാഠങ്ങള്‍ പഠിച്ചവന്‍
എന്നോളം വളര്‍ന്ന്
ഉപദേശങ്ങളുടെ
ഫോണ്‍ വിളികളിലോ

ഇടക്ക്മുറ്റത്തെകിളികളുടെ
ആരവം കേള്‍ക്കുമ്പോള്‍
ഞാന്‍ യൌവ്വനത്തില്‍
അല്ല യൌവ്വനത്രുഷ്ണയില്‍
അലിയുന്നു...ഇടക്ക്
ഇടക്ക് മാത്രം