ഫെബ്രുവരി 10 വെള്ളി: ഇന്നലെ ബ്ലോഗ് മീറ്റിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ് വൈകിയെത്തിയെതിനാലാകാം, ഉണരാന്‍ ഒരു മടി. എന്തായാലും ഒരു സാമൂഹിക പ്രതിബദ്ധത ഇല്ലാതെ ഒന്നുകൂടി ഉറങ്ങാം എന്നതില്‍ നിന്നാണ് ഇന്നത്തെ ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ കാര്യം ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ മിന്നിയത്. പിന്നെ പ്രിയതമയേയും മകനേയും തട്ടി ഉണര്‍ത്തി കുളിച്ചൊരുങ്ങി പ്രദോഷിനെ കാത്തിരുന്നു. പ്രദോഷും നാമൂസുമായി പരിപാടിനടക്കുന്ന സ്കില്‍ ഡെവലെപ്മെന്റ് സെന്ററില്‍ എത്തി.
ആളും അനക്കവും ഒന്നും അധികം ആയിട്ടില്ല. നല്ലപാതിയുടെ അപരിചിതമായ സ്ഥലത്തെ ഏകാന്തത തെല്ലൊന്ന് പരിഭ്രമിപ്പിച്ചെങ്കിലും ഇസ്മായില്‍ ഇക്കയുടെ ഭാര്യകൂടി വന്നപ്പോള്‍ അവര്‍ ഒരു കൂട്ടായി. കുടുംബസമേതര്‍ തീറ്റക്കുള്ള സമയത്തേക്ക് മാത്രം പാതികളെ എത്തിച്ച് പള്ളനിറപ്പിക്കാനുള്ള ഗൂഡാലോചന നടത്തിയത് ഞാന്‍ അറിഞ്ഞില്ല.
ഫോട്ടോ പ്രദര്‍ശനത്തിലെ മികവുറ്റ പലചിത്രങ്ങളും ഉണ്ടായിരുന്നതില്‍ ഒന്ന് തിരഞ്ഞെടുത്ത് വോട്ട് ചെയ്യേണ്ടിയിരുന്നതിനാല്‍ എനിക്ക് വളരെ നന്നെന്ന് തോന്നിയ ഒരു ചിത്രത്തിന്റെ നമ്പര്‍ കുറിച്ച് വോട്ടാക്കി പെട്ടിയില്‍ ഇട്ടു.
ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പഠനക്ലാസ് വളരെ രസകരമായ അനുഭവമായിരുന്നു. കേമറ കയ്യിലെടുത്ത് “ക്ലിക്ക്” അമര്‍ത്തിയാല്‍ അതു തന്നെ ഫോട്ടോഗ്രഫി എന്നു കരുതിയിരുന്ന എന്നേപോലുള്ളവര്‍ക്ക് ചിത്രം പകര്‍ത്തല്‍ എന്ന കലയില്‍ അറിയാത്ത ഒരു പാട് രീതികളും സങ്കീര്‍ണ്ണമായ സാങ്കേതികതകളും ഉണ്ടെന്നുള്ളത് അല്‍ഭുതപ്പെടുത്തി.
ഫോട്ടോഗ്രാഫി പഠനക്ലാസിനു ശേഷം സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി വേദിയിലുണ്ടായിരുന്ന ഈ കലയിലെ അഗ്രഗണ്യന്മാര്‍ സൂര്യനെവരെ എങ്ങിനെ എപ്പോള്‍ പകര്‍ത്താം എന്നും ഇവയൊക്കെ ഫില്‍റ്റര്‍ ചെയ്യാന്‍ നല്ല അരിപ്പകള്‍ കേമറകളില്‍ ഉണ്ടെന്നും വിശദീകരിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കുള്ള സമയമായതിനാല്‍ പെരുമ്പിലാവിയന്‍ കാര്യങ്ങള്‍ ഇനി പിന്നീടാകാം എന്നു കല്പിച്ചതിന്‍ പ്രകാരം തല്‍കാലത്തേക്ക് അവസാനിപ്പിച്ചു.
പിന്നീട് പരിപാടിയിലെ മുഖ്യ ഇനമായ ഉച്ചയൂണ്, നാടന്‍ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. രുചിയോടെ പായസം രണ്ടുമൂന്നുവട്ടം അകത്താക്കുമ്പോള്‍ ആവര്‍ത്തനവിരസതയോ ആവര്‍ത്തനത്തിലെ ലജ്ജയോ മറന്നുപോയിരുന്നു. നിള റെസ്റ്റോറന്റ് ഒരുക്കിയ ഭക്ഷണം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
ഭക്ഷണശേഷം ബ്ലോഗര്‍മാരുടെ പരിചയപ്പെടുത്തല്‍ എന്ന പ്രധാന ഇനമായിരുന്നു. ദോഹയില്‍ ബ്ലോഗെഴുതുന്നവര്‍ കുന്നോളം ഉണ്ടെന്ന് പരിപാടിക്ക് പങ്കെടുക്കുന്നവരെക്കുറിച്ച് ഖത്തര്‍ ബ്ലോഗേഴ്സില്‍ വന്ന വിവരങ്ങള്‍ എന്നെ അല്‍ഭുതപ്പെടുത്തിയിരുന്നു. പല ബ്ലോഗുകളിലും കടന്നു നോക്കിയപ്പോള്‍ വ്യത്യസ്ത രാഷ്ട്രീയ-മത-സാമൂഹിക നിലപാടുള്ളവരാണെന്ന് മനസ്സിലായിരുന്നു. ഓരോരുത്തരെ പരിചയപ്പെടുത്താന്‍ സുനിലെനിനാദികള്‍ ബ്ലോഗിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രൊജെക്ടറിലൂടെ സ്ക്രീനിലും വിവരണം മൈക്കിലൂടെയും നല്‍കിക്കൊണ്ടിരുന്നു.
നുറുങ്ങുകവിതകള്‍, കവിതകള്‍, ചെറുകഥകള്‍, ഹാസസാഹിത്യം ശാസ്ത്രം ചിത്രരചന ഫോട്ടോബ്ലോഗ് എന്നിവ പ്രതിപാദിക്കുന്ന ബ്ലോഗര്‍മാരെ നേരില്‍ കാണാന്‍ കഴിഞ്ഞത് നല്ല ഒരനുഭവമയിരുന്നു. വേദിയില്‍ ആരുമിരിക്കാതെ ബ്ലോഗര്‍ മാത്രം തന്നെ പരിചയപ്പെടുത്തിക്കൊണ്ട് എല്ലാവരും സമന്മാരായ ജനകീയ അവതരണ രീതി തികച്ചും വ്യത്യസ്തം.
സമകാലീന ബ്ലോഗ് സാഹിത്യത്തെക്കുറിച്ച് നാമൂസും ശ്രദ്ധേയന്‍ ഷഫീക്കും, ബ്ലോഗെഴുത്ത് ഈ കാലഘട്ടത്തില്‍ സമൂഹത്തിലെ ചൂഷണങ്ങള്‍ക്കെതിരെ ഒരു ശബ്ദമാകുന്നതിനെക്കുറിച്ച് പ്രദോഷും വളരെ ഭംഗിയായി സംസാരിച്ചു.
ഏറ്റവും മികച്ചതിനുള്ള സമ്മാനം നേടിയത് ഏറ്റവും നല്ല ചിത്രത്തിനാണ് എങ്കിലും തതുല്യമായ ചിത്രങ്ങള്‍ വേറെയും ഉണ്ടായിരുന്നു. അന്‍വറിന്റെയും, ബിജുലാലിന്റെയും ഷാൻ റിയാസിന്റെയും ഷിറാസിന്റെയും സഗീറിന്റെയും ജിതുവിന്റെയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതുതന്നെ!
ഒരു അപകടത്തില്‍ ശരീരം തളര്‍ന്ന് തികഞ്ഞ ഏകാന്തത അനുഭവിക്കുന്ന ശംനാദിന് ഖത്തര്‍ ബ്ലോഗേഴ്സ് നല്‍കിയ ലാപ്ടോപ്പ് വളരെ വലിയ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു. സമൂഹജീവിയായ ഒരു മനുഷ്യന് അന്നം പോലെ വളരെ അത്യാവശ്യമാണ് മറ്റുള്ളവരോട് സംവദിക്കലും എന്നുള്ളതുകൊണ്ട് തന്നെ അത് ബ്ലൊഗര്‍മാര്‍ എന്ന നിലക്ക് സഹജീവിയോടുള്ള കടമതന്നെയാണ്. നല്ല രചനകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകട്ടെയെന്ന് ആഗ്രഹിക്കാം.
കുട്ടികള്‍ക്ക് ചിത്രം വരക്കാന്‍ അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളെ ഉള്‍പെടുത്തിയ വരപുസ്തകത്തിലെ ചിത്രരചനയും സ്കില്ലിലെ കളിമുറ്റത്തെ ഓടിക്കളികളും അവര്‍ നന്നായി ആസ്വദിച്ചു.
ചില വിമര്‍ശനശരങ്ങള്‍ വേദിയിലും വേദിക്കുപുറത്തും പലരും ഉന്നയിച്ചു എന്നുള്ളതും സ്വാഗതാര്‍ഹമാണ്. ഒന്ന് , ഇന്ന് ബ്ലോഗ്ഗര്‍മാരില്‍ കാണുന്ന പരസ്പരം പുകഴ്ത്തലിന്റെ സംസ്കാരം, നോവിച്ചാല്‍ തിരിച്ചും നോവിക്കുമെന്ന ഭയത്താല്‍ നിശ്ശബ്ദമാകുകയും ഇഷ്ടമാകാത്ത ഏതിനേയും മഹാക്ര് ത്യമെന്ന് പുകഴ്ത്തുകയും ചെയ്യുന്നത് ആ സാഹിത്യമേഘലകളെ തകര്‍ക്കുമെന്ന് രാജന്‍ ജോസഫ്, ഹബീബ് എന്നിവര്‍ വിലയിരുത്തിയത് ശ്രദ്ധേയമാണ്. മറ്റൊന്ന് വേദിക്കുപുറത്തുണ്ടായ ഒരു ചര്‍ച്ചയാണ്. ഒരു കൂട്ടായ്മ ഏതൊരു ലക്ഷ്യമാണ് കൈവരിക്കേണ്ടതെന്നും, ഒരു കൂടിച്ചേരല്‍ കൊണ്ട് മാത്രം തെളിയിക്കാവുന്നതല്ല എങ്കിലും രണ്ട് മിനുട്ട് നേരത്തെ പരിചയപ്പെടല്‍ വെറും കുറച്ച് കാലത്തേക്ക് മാത്രമായ വെറും പരിചയമായി ഒതുങ്ങുകയും അതില്‍ നിന്ന് ഏതെങ്കിലും രീതിയില്‍ സാഹിത്യത്തിനോ സംസ്കാരത്തിനോ രാഷ്ട്രീയത്തിനോ ഒന്നും സംഭാവന ചെയ്യാനാകുന്നില്ല എന്നതാണ് ആ വിമര്‍ശനത്തിലെ കാതല്‍. ഇവിടെ നമ്മുടെ സമൂഹത്തില്‍ നാം അനുഭവിക്കുന്ന പൊള്ളുന്ന ഒരുപാട് പ്രശ്നങ്ങളെക്കുറിച്ച്, കേരളത്തിലെ സമകാലീന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കുക പോലും ഉണ്ടായില്ല എന്ന വിമര്‍ശനവുമുയര്‍ന്നു.
ഈ കൂട്ടായ്മ, ഭാവിയില്‍ സമൂഹത്തിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന ഒരു ഒച്ച ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് നമുക്ക് ആശിക്കാം. തുടര്‍ചലനങ്ങള്‍ ഉണ്ടാകുകയും അത് നമ്മുടെ സാംസ്കാരിക - പൌരബോധത്തെ പരിപോഷിപ്പിക്കുകയും അതിലൂടെ കാലത്തെ അടയാളപ്പെടുത്തുന്ന രചനകള്‍ സംഭവിക്കുകയും ചെയ്താല്‍ നാം ഈ സംരഭത്തില്‍ വിജയിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍:
ചിത്രങ്ങള്‍ക്ക് കടപ്പാട്: ക്യു മലയാളം ഫെയ്സ്ബൂക് ഗ്രൂപ്പ്