
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
*****************************
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
ഡ്രൈവര്‍ വീട്ടില്‍ അരി തീര്‍ന്നതും
കൊച്ചുമകള്‍ നിറമുള്ള പേനകള്‍
കൊണ്ടുവരാന്‍ പറഞ്ഞതും ഓര്‍ത്തു
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
ആലീസ് തനിക്ക് ഇന്ന് വരുന്ന
അതിഥികളെ ഓര്‍ത്ത്
ബസ്സിലെ പുറംകാഴ്ചകള്‍ നോക്കി
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
കയ്യിലെ മൊബൈലില്‍ ചുംബിച്ച്
കാമിനിയുടെ അവസാനത്തെ
എസ് എം എസ്സിലെ വരികള്‍ നോക്കി
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
കാസരോഗത്തിലെ അവശതയില്‍ ദേവി
ആശുപത്രി ചീട്ടിലെ സമയമായോ
എന്ന് ഒരിക്കല്‍ കൂടി വാച്ചില്‍ നോക്കി
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
മുഹമ്മദ് തന്നെ തനിച്ചാക്കി
നേപ്പാളിക്കു ഭാര്യയായവാളുടെ കത്ത്
ഒന്നും അറിയാത്തപോലെ വായിച്ചു
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
ചില്ലറത്തുട്ടുകള്‍ പെറുക്കിവെച്ച്
തന്‍റെ തുണിസഞ്ചിയില്‍ നിറച്ച്
ഇന്നത്തെ യാചനനിര്‍ത്താമെന്നോര്‍ത്തു
ബോംബുപൊട്ടുന്നതിനു തൊട്ടു മുന്‍പ്
വിപ്ലവതമധുരിമനുകരുന്ന തലമുറയെ ഓര്‍ത്ത്
തീയില്‍ കരിയുന്ന ഇന്നിനെ ഓര്‍ക്കാതെ
ബോംബ് പൊതി തുറന്ന് സ്വതന്ത്രമാക്കി,