Monday, June 18, 2012

മരണത്തിനു കൂട്ടിരിക്കവേ...

മരണത്തിനു കൂട്ടിരിക്കവെ...
ഹൃദയസ്പന്ദമാപിനി കാതിൽ തിരുകി
ഒന്നുകൂടി ധ്യാനത്തിലായി
 പരന്ന പ്രതലം
കുനിഞ്ഞു നെഞ്ചോട്  ചേര്‍ത്തു
മരണത്തിന്റെ താളം കയറിയിറങ്ങുന്നു
കാലങ്ങളോളം,
നിർത്താതെ കുതിച്ച ചക്രവേഗങ്ങൾ.

ഉയർന്നുതാഴുന്ന ശബ്ദവീചികൾ
പാളത്തിൽ മെല്ലെ നിലച്ചുപോകുന്നു.
മഴപെയ്യുന്നുണ്ട്,
വരണ്ട രാത്രിമഴ
ശ്വാസവേഗങ്ങളിൽ 
നനുത്തസ്വപ്നങ്ങളിലേക്ക് ഓർമ്മ മിന്നുന്നു.

വേദനയുടെ ഇടവേളകളിൽ
ഇന്നലെകളെ  ഓർത്തെടുക്കുന്നുണ്ടാകാം
ജീവചക്രങ്ങൾ വലിച്ച ഉടലുകൾ
പ്രണയകാലം പേറിയ
മനസ്സുകളെ
പൂത്തുലച്ച കൗമാരങ്ങൾ..
നാഴികക്കല്ലുകൾ
പിന്നിട്ടതറിയാതെ പോയ
യൗവ്വനതീക്ഷ്ണത.

ഓർക്കുകയാകാം ഭാവിയെ..
കൂട്ടിയും  കിഴിച്ചും
ശിഷ്ടം മാറ്റിയും
മനക്കണക്ക് പുസ്തകം മറിക്കുന്നുണ്ടാകാം.

എങ്കിലും, അയാള്‍ അറിയുന്നില്ല:
ഇടക്ക് മുറിയുന്ന,
ഉണർച്ചകളെ ഇല്ലാതാക്കുന്ന
നിത്യനിദ്രയിലേക്ക് അടുക്കുകയാണെന്ന്..!

ഇനി ശാന്തമായുറങ്ങട്ടെ
ഈ ജീവനും കാവലിരിപ്പ് കഴിഞ്ഞു
അടുത്ത 'ഇര'
അത്യാഹിതത്തിൽ
ഹൃദയഗീതം വരിതെറ്റിക്കുകയായി.