Saturday, December 1, 2012

ഒരു കൊറ്റിയുണ്ട്, ഒറ്റക്കാലിൽ

ഒരു കൊറ്റിയുണ്ട്, ഒറ്റക്കാലിൽ
പതീറ്റാണ്ടായി, കുഴലിലിട്ടുവെച്ചിരിക്കുന്നു
വളവുനികത്താനല്ലത്രെ
വളഞ്ഞോയെന്നറിയാനാണത്രെ

കുഴലിനകത്ത് വെളിച്ചം
സർവത്രനിറച്ച് വെച്ചത്
തൂറുന്ന തീട്ടത്തിലും
ഭീകരബോംബ് തിരയാനാണത്രെ

എങ്കിലും ഇപ്പോൾ
വെളിച്ചമെന്തെന്ന് അറിയാതെയായി
വെളിച്ചറയിലെ ഇരുട്ടിലാണത്രെ
കാഴ്ചകളെ ഇല്ലാതാക്കിയതാണത്രെ


ഒറ്റക്കാലിലെ ഒറ്റപ്പെടലിൽ
കണ്ണിലെ വെളിച്ചം നശിപ്പിച്ചത്
വാക്കുകൾ ഇല്ലാതാക്കാനാണത്രെ
ഭീകരതതുടച്ചുനീക്കാനാണത്രെ

നീതിദേവത കണ്ണ് അടച്ചുതന്നെ..
പന്തീരാണ്ടല്ല അതിലപ്പുറമിട്ടാലും
വളവുകൾ നിവർത്താനാകാതെ
തിരിവുകൾ കാണാനാകാതെ

പരിവാരധർമ്മത്തിന്റെ നനുത്ത
സ്നിഗ്ദതയിലുരസിയുരസി
നീതിയുടെ കാവലാൾ
മൈഥുനം ചെയ്യുകയാണ്...

1 comment:

നാമൂസ് പെരുവള്ളൂര്‍ said...

മ'അദനി ഒരു ബിംബമാകുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി. മറ്റൊരുതരത്തില്‍, അമേരിക്കന്‍ വേദത്തെ ഏറ്റു ചൊല്ലുന്ന സംഘപരിവാര ജല്പനങ്ങള്‍ക്ക് വേഗത കൂട്ടുന്ന ഒരിന്ധനം. എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ് മ'അദനി. എന്നാല്‍, അതിനു ഓശാന പാടുന്ന മതേതര മുഖങ്ങളില്‍ കാണുന്ന നിസ്സംഗതയ്ക്ക് നിരുത്തരവാദപരമായ മൌനത്തിന് മാനസികാടിമത്വം എന്നൊരു പേരെ ഇണങ്ങൂ.... ഒരല്‍പം കൂടെ കടന്നു പറഞ്ഞാല്‍ 'ഷണ്ഡത്വം'.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ, എന്നാല്‍ അനന്തമായുള്ള ഈ 'വിചാരണ'യെന്ന പ്രഹസനം അവസാനിക്കേണ്ടതാണ്. ഒരിന്ത്യന്‍ പൌരനു ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും മ'അദനിക്കും അനുവദിച്ചു നല്‍കേണ്ടതുണ്ട്. കാരണം, അയാളിപ്പോഴും ഒരിന്ത്യക്കാരനാണ്. സര്‍വ്വോപരി ഒരു മനുഷ്യനാണ്.,

കുറഞ്ഞത്, ഇങ്ങനെയെങ്കിലും പറയാന്‍ നമുക്കാവേണ്ടതുണ്ട്. കാരണം, 'മനുഷ്യന്‍' എന്നത് സ്വല്പംകൂടെ ഭേദപ്പെട്ട ഒരു വാക്കാണ്‌.