Tuesday, October 16, 2012

മലാല ഉമ്മ നിനക്ക് പറഞ്ഞുതന്നില്ലെ....

 
മലാല
ഉമ്മ പറഞ്ഞില്ലെ
മിണ്ടരുതെന്ന്
ചെകുത്താന്മാർ
വീടിനുചുറ്റും നടപ്പുണ്ടെന്ന്
നിന്റെ സ്വരമൊന്നുയർന്നാൽ
അസ്വസ്ഥരാകുന്ന
വേട്ടക്കാർ
നിനക്കുചുറ്റുമുണ്ടെന്ന്

എന്നിട്ടും നീ നിന്റെ നാവുയർത്തി

നിനക്കും ഞങ്ങളെപോലെ
വായ്മൂടികെട്ടി
കമ്പിളിപ്പുതപ്പിനുള്ളിൽ
മൂടിക്കിടക്കാമായിരുന്നില്ലെ?
നിനക്കറിയില്ലെ
രക്ഷകനും ശിക്ഷകനും
ഒരേ തൂവൽ പക്ഷികളെന്ന്

വേട്ടനായ്ക്കൾക്ക് ഒരേനീതി
ഒരേ ന്യായം
മാനത്ത് നിന്ന് വർഷിക്കുന്നതും
മരുഭൂമിയിൽ വിളയിക്കുന്നതും
രക്തദാഹികളുടെ
അറവുകത്തികൾ.

മലാല
ആശുപത്രിയിലെ ശീതീകരണിയേക്കാൾ
തണുത്ത ഉടലും പേറി
ഞാനും അഭിവാദ്യമർപ്പിക്കുന്നു.

1 comment:

നാമൂസ് പെരുവള്ളൂര്‍ said...

സ്വന്തമായൊരു അഭിപ്രായമുണ്ടാവുകയെന്നത് ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ പാതകമാണ്. ശാസനകകളാല്‍ ബന്ധിതയാകേണ്ടവള്‍ അതിനെ പൊട്ടിക്കാനായുമ്പോള്‍, പ്രത്യേകിച്ചും.!