Sunday, January 22, 2012

മുഖപുസ്തകത്തില്‍ വസന്തം വരുന്നത്...


പട്ടിണിപ്പാവത്തിന്റെ ഒട്ടിയവയര്‍
കാലടിയില്‍ ഒടുങ്ങുന്ന അടിയാളന്‍
 നീതിവിധിക്കുന്ന കണ്ണ് മൂടിക്കെട്ടിയ ദൈവങ്ങൾ
പങ്ക് പറ്റും വരെ തെരെഞ്ഞെടുക്കപ്പെട്ടവന്റെ സമരം
സമരസപ്പെടലുകളുടെ അനീതിയുടെ ഐകമത്യം
പ്രണയത്തിന് പിറകെ പോയ പൂമ്പാറ്റകൾ
തെരുവിൽ ചപ്പുചവറുകൾക്കിടയിൽ ചിറകരിഞ്ഞ്

ഓരോ ദിനപത്രവും ഓരോ ഓർമ്മപ്പെടുത്തലുകൾ 
അനിവാര്യമായ പോരാട്ടത്തെ അടയാളപ്പെടുത്തുന്നു
ദിനചിത്രങ്ങള്‍ നിങ്ങളെയും ഭ്രാന്തുപിടിപ്പിക്കുന്നില്ലെ?

ഫൈസ്ബൂക്കില്‍ സ്റ്റാറ്റസ് കുറിച്ചപ്പോൾ
ഒത്തു നിൽക്കുവാൻ ഒരായിരം പേർ
അതെ വസന്തം പൂത്തു വിടരുകതന്നെ ചെയ്യും
പഴക്കച്ചവടക്കാരന്റെ കരിഞ്ഞശവം
തെരുവില്‍ വീഴും മുന്‍പെ
കര്‍ഷ്കന്റെ ഒരു ജഡം കൂടി തൂങ്ങും മുന്‍പെ
പടിഞ്ഞാറെ ചത്വരത്തില്‍ നിന്ന്
ഒരു മഹാസമുദ്രമായി, കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത്
കിങ്കരന്മാര്‍ക്ക് മുന്നില്‍ പതറാതെ...


ഏവരും പ്രതീക്ഷിക്കുന്നുണ്ട് ഒരാള്‍ തുടങ്ങണമെന്ന്
കാത്തിരീക്കാനാകാത്ത ഒരു ജനത പടിഞ്ഞാറെ ചത്വരത്തിൽ,
ഇന്നത്തെ സന്ധ്യ പുതിയ തുടക്കമാണ്
സമനീതിയുടെ അതിജീവനത്തിന്റെ....

പക്ഷെ, നേരമിരുട്ടി രാത്രിയായി  ആരും വന്നില്ല
പടിഞ്ഞാറെ ചത്വരം വിജനമായിക്കിടന്നു 
ഇടക്കിടെ പോലീസ് വണ്ടിയുടെ ഇരമ്പല്‍ മാത്രം
വിഫലവിപ്ളവത്തിന്റെ നിരാശയില്‍
വീണ്ടും മുഖപുസ്തകം തുറന്ന് നോക്കി 
അവസാനത്തെ കമന്റുകാരന്റെ പുതിയ പോസ്റ്റ്
"വൊഡാഫോൺ  കോമഡി ഷോ"


1 comment:

Anonymous said...

poraattangale itra vifalamaayikkanunnath araashtreeyamaanu