Sunday, August 14, 2011

സ്വാതന്ത്ര്യമേ...

പടിയിറക്കപ്പെട്ട എന്നെ  തിരിച്ചു വിളിക്കുക..
കാലം മുറിപ്പെടുത്തിയതെല്ലാം നമുക്ക് മറക്കാം
മുറിപ്പാടുകളിൽ നിന്ന് ഇറ്റിവീഴുന്ന ചോരത്തുള്ളികൾ
നമ്മുടെ പ്രണയത്തെ ഓർമ്മപ്പെടുത്തട്ടെ

വെടിയൊച്ചകൾ മുഴങ്ങുന്ന തെരുവുകൾ
രക്തം അഴുക്കായി മാറിയ ചാലുകൾ
കത്തിയമരുന്ന കുടിലുകൾ
അർബുദം ബാധിച്ച മനസ്സുകൾ

നമ്മുക്ക് മഴ കാണാം
അതിലെ ഓരോ തുള്ളിയും എത്ര കണിശം
നമുക്ക് അവ വേർതിരിക്കുന്നില്ല
ഒരേ ദാഹം ഒരേ ശമനം

നമുക്ക് വേനൽ കാണാം
അതിന്റെ ചൂട് നമുക്ക് തുല്യം
നമുക്ക് അവ വേർതിരിക്കുന്നില്ല
ഒരേ തീ ഒരേ വരൾച്ച

ഇനി നിനക്ക് എന്നെ കാണാം
നിനക്കായ് കരുതിവെച്ച കറുത്ത പൊട്ട്
അശാന്തി പൂക്കുന്നത് ഭയന്ന്
ഞാൻ സ്വയം അടച്ച മനസ്സ്

എന്റെ വാക്കുകൾ ശ്രവിക്കുന്നില്ല
എന്റെ മനം അറിയുന്നില്ല
നിങ്ങൾ എന്റെ ജാതകം നോക്കുന്നു
ഭ്രഷ്ടനാക്കുന്നു, പടിയടക്കുന്നു

എങ്കിലും കത്തിയമരുന്നതിനുമുൻപ്
ഒരു പിടി ചാരം കയ്യിലുയർത്തി
ഇതാ എന്റെ മണ്ണ് എന്ന്
എനിക്കു വിളിച്ചുപറയാന്‍ കഴിയണമേ..

1 comment:

Shameee said...

നമുക്ക് മഴ കാണാം
ഒരേ ദാഹം ഒരേ ശമനം
ഒരേ തീ ഒരേ വരൾച്ച
കരുതിവെച്ച കറുത്ത പൊട്ട്
ഞാനിതാ വിളിച്ചുപറയുന്നു,
നവാസ്......,
ഇത് എന്റെയും നിന്റെയും മണ്ണ്.