Wednesday, February 22, 2012

മാലിന്യം ജനത ഭരണകൂടം


പുതിയ കാലത്തെ മനുഷ്യന്‍ നേരിടുന്ന ഏറ്റവും തീക്ഷ്ണമായ പ്രശ്നം ആഹാരം മാത്രമല്ല. വിസര്‍ജ്യസംസ്കരണവും കൂടിയാണ്.  വൃത്തിയുടെ കാര്യത്തില്‍ എന്നും ഒന്നാമനാണ് മലയാളി. നാട്ടില്‍ പണിയെടുക്കുന്ന അന്യനാട്ടുകാരനെ വൃത്തിയില്ലാത്തവനെന്ന് മേലെനങ്ങാതെ പരിഹസിക്കാന്‍ അല്പം മിടുക്കും കൂടുതലാണ്. എന്നിട്ടും നമ്മുടെ മാലിന്യങ്ങള്‍ ദിനംപ്രതി കുമിഞ്ഞുകൂടുന്നു. വീടുകള്‍ വൃത്തിയാക്കി ആ മാലിന്യം നാട്ടുകാര്‍ക്ക് സഹിക്കാന്‍ തെരുവിലേക്ക് വലിച്ചെറിയുന്നു. എന്നിട്ട് നാം ശുചിത്വത്തെക്കുറീച്ചും ആരോഗ്യപരിപാലനത്തെയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നു. ആശുപത്രികളെ ആരോഗ്യം സംരക്ഷിക്കനുള്ള ഉത്തരവാദിത്തം ഏല്പിച്ച് അവർക്ക് പണം കൊടുക്കുന്നു. നമ്മുടെ ചുറ്റുവട്ടത്ത് ഒരു ചെറിയ കുഴിയില്‍ നിക്ഷേപിച്ച് പരിഹരിക്കാവുന്ന മാലിന്യങ്ങള്‍  റോഡിലെ മാലിന്യഭരണിയില്‍ നിക്ഷേപിച്ചാലേ ശുദ്ധനാകൂ. സംസ്കരിക്കാൻ ഇടമില്ലാത്ത സർക്കാർ ആ മാലിന്യം വൃത്തിയാകുന്നുമില്ല.
ഇപ്പോള്‍ എവിടെയും മാലിന്യസമരത്തിന്റെ ഒച്ചയും ബഹളവും കേട്ടാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. നഗരങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ താങ്ങുന്നത് ചുറ്റുമുള്ള ഗ്രാമങ്ങളാണ് എന്നുള്ളത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ്. നഗരങ്ങളെ ഗ്രാമങ്ങളെ വളയുമെന്നാണ് മാവോ പറഞ്ഞത് എന്നാല്‍ ഗ്രാമങ്ങള്‍ നഗരങ്ങളാല്‍ വളയപ്പെടുകയാണ് ചെയ്യുന്നത്. ഗ്രാമങ്ങളെ നഗരങ്ങളാക്കുന്ന മായാജാലമാണ് ഇന്ന് ഭരണകൂടത്തിന്റെ തന്ത്രം തങ്ങളും നഗരവാസികളാണെന്ന് അഹങ്കരിക്കാനും അവരെ കടുത്ത എതിര്‍പ്പുകളില്‍ നിന്ന് തടയാനും ഗ്രാമങ്ങളെ നഗരങ്ങളാക്കി പ്രശനം പരിഹരിക്കുന്ന വിദ്യകളും നാം കാണുന്നു. നമുക്ക് അല്പമെങ്കിലും ബാക്കിയായിട്ടുള്ള  ജൈവ സമ്പത്ത്  ഗ്രാമങ്ങളിലാണ്, ആ നഷ്ടം നികത്താനാവാത്തതാണ്.
മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥ ഗുരുതരമായ ആരോഗ്യ-സാമൂഹ്യ-കാര്‍ഷിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. മുനിസിപ്പാലിറ്റി നിയമപ്രകാരം മാലിന്യനിര്‍മാര്‍ജനവും രോഗപ്രതിരോധ പ്രവര്‍ത്തനവും കുടിവെള്ള വിതരണവുമാണ് നഗരസഭയുടെ പ്രാഥമികമായ ജോലികൾ. പ്രാഥമികമായ കടമ അവർ നിർവ്വഹിക്കുന്നില്ല. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറിയകൂറും മാലിന്യ സംസ്കരണമെന്നത് വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. ജനങ്ങള്‍ക്ക് മാലിന്യമുക്തമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയണ്. ജീവിക്കാനുള്ള മൌലികമായ അവകാശം സംരക്ഷിക്കാത്ത സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാന്‍ എന്ത് അവകാശമാണുള്ളത്.
മാലിന്യം എന്ത് ചെയ്യണം, എങ്ങനെ, എപ്പോള്‍ സംസ്‌കരിക്കണം എന്നോ അതിന്റെ ചാക്രിക ഉപയോഗങ്ങളെ ക്കുറിച്ചോ ഗൌരവമായ ഒരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നത് അവര്‍ക്ക് ഈ കാര്യത്തിലുള്ള അനാസ്ഥ എത്ര മാത്രമാണ് എന്നു മനസ്സിലാക്കാം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്ന ഒന്ന് നമുക്കുണ്ടെങ്കിലും അതിന് എല്ലാ തരം മാലിന്യപ്രശ്നങ്ങളിലും നിയമപരമായി ഇടപെടാന്‍ അധികാരമുണ്ടെങ്കിലും അത് ചെയ്യാതെ വ്യാവസായിക മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ മാത്രമേ ഇടപെടുന്നിള്ളൂ ചില ഒത്തുതീര്‍പ്പുകള്‍, പരിഹാരങ്ങൾ നടത്തുന്നതേയുള്ളൂ..

ഏതൊരു രാജ്യത്തിന്റെയും വികസനമെന്നത് അവിടെ വസിക്കുന്ന പൌരന്റെ ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശമായിരിക്കണം. പ്രകൃതിയെ വിസ്മരിച്ചുകൊണ്ട് പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ മൌഡ്യം മാത്രമാണ്. മാനുഷികതയോ സ്നേഹഭാവമോ ഇല്ലാതെ കെട്ടിപ്പൊക്കുന്ന ഏതൊരു വികസന തന്ത്രവും ആത്യന്തികമായ പരാജയമാണ്. അത് വികസനത്തിനല്ല വികൃതമായ സമൂഹനിര്‍മ്മിതിക്ക് മാത്രമേ ഉതകൂ.

തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ അമ്പേ പരാജയം. നഗരം ചീഞ്ഞുനാറുകയാണ്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തെ പ്രതിയുള്ള പ്രദേശവാസികളുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ഇനിയും പരിഹാരമുണ്ടായിട്ടില്ല.  കോടതികൾപോലും ആ ജനതക്കൊപ്പം നിൽക്കുന്നില്ല. 

മാലിന്യങ്ങളുടെ കൂമ്പാരമാണ് കൊച്ചി, സലീം കുമാറിന്റെ "കൊച്ച്യെത്തീ" എന്ന ഡയലോഗ് നമുക്ക് മറക്കാൻ കഴിയില്ലല്ലോ? മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും ചീഞ്ഞുനാറുകയാണ്. കളമശ്ശേരിയിൽ മാലിന്യം ജെ സി ബി യിൽ കിൻഫ്രയുടെ സ്ഥലത്ത് തള്ളുന്നു. 


തിരുവനന്തപുരത്ത് വിളപ്പില്‍ശാലയും എറണാകുളത്തിന് ബ്രഹ്മപുരവും കോഴിക്കോടിന് ഞെളിയന്‍പറമ്പും തലശ്ശേരിക്ക് പെട്ടിപ്പാലവും തൃശൂരിന് ലാലൂരും കോട്ടയത്തിന് വടവാതുരും ഗുരുവായൂരിൽ ചക്കംകണ്ടവും, കോട്ടപ്പടീയും, കണ്ണൂരിലെ ചേലോറയിലും പൊതുജനസുരക്ഷയും സ്വീകരിക്കാതെയായിരുന്നു. ചിലയിടങ്ങളിലെല്ലാം കാലഹരണപ്പെട്ട സംവിധാനങ്ങളും.ആഗോളീകരണകാലത്തെ ഭരണകൂടങ്ങൾക്ക് ഉല്പാദനപരമല്ലാത്ത മുതൽമുടക്കുകൾ സാദ്ധ്യമല്ലാതായിത്തീർന്നിരിക്കുന്നു. കടം തന്നവന്റെ  അഭീഷ്ടങ്ങൾക്കനുസരിച്ച് മാത്രം രൂപീകൃതമാകുന്നു നമ്മുടെ "സ്വയം ഭരണം".  ഭരണകൂടം പുത്തൻ വികസന മുദ്രാവാക്യം മുഴക്കി ജനങ്ങളെ മോഹവലയത്തിൽ നിർത്തി അഴിമതികളുടെ സമ്പന്നതയി വ്യാപരിക്കുന്നു, പ്രതികരിക്കേണ്ട പ്രസ്ഥാനങ്ങൾ ശക്തി പ്രകടങ്ങൾ നടത്തി അടിസ്ഥാന പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടാത്താതെ മാറിനിൽക്കുകയും ചെയ്യുമ്പോൾ  അതിനായുള്ള ഏത് പ്രവർത്തനങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കെ വേണുവിന്റെ നിരാഹാര സമരത്തിന് ഐക്യദാർഡ്യം....

2 comments:

Navas Mukriyakath said...

ഭരണകൂടം പുത്തൻ വികസന മുദ്രാവാക്യം മുഴക്കി ജനങ്ങളെ ചതിക്കുന്നു, പ്രതികരിക്കേണ്ട പ്രസ്ഥാനങ്ങൾ മാറിനിൽക്കുകയും ചെയ്യുമ്പോൾ അതിനായുള്ള ഏത് പ്രവർത്തനങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കെ വേണുവിന്റെ നിരാഹാര സമരത്തിന് ഐക്യദാർഡ്യം....

MT Manaf said...

മാലിന്യം കരിച്ചു കളയാന്‍ ഒരു പ്രതികരണം
fine