Friday, January 10, 2014

ദേശചരിത്രത്തിന്റെ സൂക്ഷിപ്പുകാർ

ചരിത്രം ചികയവേ
വെല്ലിമ്മയോളം പോന്ന
ചരിത്രകാരി ദേശത്തുണ്ടായിട്ടില്ല

കാലഗണനയുടെ
ആധുനികസംവിധാനങ്ങൾക്കപ്പുറത്ത്
കണക്കുകൂട്ടലുകളുടെ സാമൂഹിക
മാർക്സിയൻ വീക്ഷണമായിരുന്നു
വെല്ലിമ്മ അവലംബിച്ചത്

സംഭവങ്ങളുടെ തുടർച്ചയെതന്നെ
കാലഗണനയിൽ ഒരുക്കിച്ചേർത്ത്
ചരിത്രം പറയുമ്പോൾ
ഞങ്ങൾ ചരിത്രവിദ്യാർത്ഥികൾക്ക്
ഒരാശങ്കയും ഉണ്ടായിരുന്നില്ല

തിങ്കളോട് തിങ്കൾ എട്ടെന്ന്
രേഖപ്പെടുത്തുമ്പോൾ
കൃത്യമായ ഒരാഴ്ചവട്ടം തന്നെ പൂർത്തിയാകുന്നു


ബേബീടെ മൂത്തമോന്റെ നാല്പതെന്നാൽ
ചരിത്രം വ്യക്തമാക്കുന്നതാകട്ടെ
ബേബീടെ പ്രസവത്തിനു മുപ്പത്തിയെട്ടാം നാളെന്നർത്ഥം
അംഗൻവാടിയിലെ ഗോതമ്പ്
ബീരാൻകാടെ റൊട്ടിക്കച്ചവടം എല്ലാം പഠനവിഷയങ്ങൾ

മനുഷ്യനെന്ന ജീവബിന്ധുവിലാണ് ചരിത്രമെങ്കിലും
കമലൂന്റെ പയ്യിന്റെ പേറുചരിതം വരെ കൃത്യം


എങ്കിലും വിവരസാങ്കേതികവിദ്യ
പാട്ടിത്തള്ളയുടെ കുത്തകയായിരുന്നതിനാൽ
ചരിത്രസത്യങ്ങൾ പലതും കൈമാറുന്നത്
അവരിലൂടെ ആയിരുന്നു താനും

പ്രകോപനപരമായ ചർച്ചകളിലല്ലാതെ
വിവരദാതാവിനെ ഉദ്ധരിക്കാറേയില്ല
കടപ്പാടെന്ന പിങ്കുറി വഴക്കവും ഇല്ലതന്നെ
എന്തെന്നാൽ ചരിത്രം ദേശത്തിനായി സമർപ്പിക്കേണ്ട ഒന്നാണ്.

Sunday, December 16, 2012



കാഞ്ചിയിൽ വിരലമർത്തിയാൽ
പിന്നെ ചി്തറുന്ന മാംസത്തിന്റെ രുചിയും 
നിറങ്ങളും വിസ്മയം ആണുണ്ണീയെന്നവനെ
പഠിപ്പിച്ച മാതൃഹ്രൃദയത്തിലേക്കാകട്ടെ
ഇന്നത്തെ ആഘോഷം ....

Saturday, December 1, 2012

ഒരു കൊറ്റിയുണ്ട്, ഒറ്റക്കാലിൽ

ഒരു കൊറ്റിയുണ്ട്, ഒറ്റക്കാലിൽ
പതീറ്റാണ്ടായി, കുഴലിലിട്ടുവെച്ചിരിക്കുന്നു
വളവുനികത്താനല്ലത്രെ
വളഞ്ഞോയെന്നറിയാനാണത്രെ

കുഴലിനകത്ത് വെളിച്ചം
സർവത്രനിറച്ച് വെച്ചത്
തൂറുന്ന തീട്ടത്തിലും
ഭീകരബോംബ് തിരയാനാണത്രെ

എങ്കിലും ഇപ്പോൾ
വെളിച്ചമെന്തെന്ന് അറിയാതെയായി
വെളിച്ചറയിലെ ഇരുട്ടിലാണത്രെ
കാഴ്ചകളെ ഇല്ലാതാക്കിയതാണത്രെ


ഒറ്റക്കാലിലെ ഒറ്റപ്പെടലിൽ
കണ്ണിലെ വെളിച്ചം നശിപ്പിച്ചത്
വാക്കുകൾ ഇല്ലാതാക്കാനാണത്രെ
ഭീകരതതുടച്ചുനീക്കാനാണത്രെ

നീതിദേവത കണ്ണ് അടച്ചുതന്നെ..
പന്തീരാണ്ടല്ല അതിലപ്പുറമിട്ടാലും
വളവുകൾ നിവർത്താനാകാതെ
തിരിവുകൾ കാണാനാകാതെ

പരിവാരധർമ്മത്തിന്റെ നനുത്ത
സ്നിഗ്ദതയിലുരസിയുരസി
നീതിയുടെ കാവലാൾ
മൈഥുനം ചെയ്യുകയാണ്...

Tuesday, October 16, 2012

മലാല ഉമ്മ നിനക്ക് പറഞ്ഞുതന്നില്ലെ....

 
മലാല
ഉമ്മ പറഞ്ഞില്ലെ
മിണ്ടരുതെന്ന്
ചെകുത്താന്മാർ
വീടിനുചുറ്റും നടപ്പുണ്ടെന്ന്
നിന്റെ സ്വരമൊന്നുയർന്നാൽ
അസ്വസ്ഥരാകുന്ന
വേട്ടക്കാർ
നിനക്കുചുറ്റുമുണ്ടെന്ന്

എന്നിട്ടും നീ നിന്റെ നാവുയർത്തി

നിനക്കും ഞങ്ങളെപോലെ
വായ്മൂടികെട്ടി
കമ്പിളിപ്പുതപ്പിനുള്ളിൽ
മൂടിക്കിടക്കാമായിരുന്നില്ലെ?
നിനക്കറിയില്ലെ
രക്ഷകനും ശിക്ഷകനും
ഒരേ തൂവൽ പക്ഷികളെന്ന്

വേട്ടനായ്ക്കൾക്ക് ഒരേനീതി
ഒരേ ന്യായം
മാനത്ത് നിന്ന് വർഷിക്കുന്നതും
മരുഭൂമിയിൽ വിളയിക്കുന്നതും
രക്തദാഹികളുടെ
അറവുകത്തികൾ.

മലാല
ആശുപത്രിയിലെ ശീതീകരണിയേക്കാൾ
തണുത്ത ഉടലും പേറി
ഞാനും അഭിവാദ്യമർപ്പിക്കുന്നു.

Monday, September 24, 2012

മനോമോഹനമരം

സ്വപ്നങ്ങൾ കാണണമത്രെ..
വലിയ വലിയ സ്വപ്നങ്ങൾ
കുട്ടിക്കാലത്തും ഞാനേറെ കണ്ടു
നിറയെ പ്രതീക്ഷതൻ സ്വപ്നങ്ങൾ

വഴിനടക്കവെ വീണുകിട്ടുന്ന മൺകുടം
മൂടിതുറന്നാൽ പുറത്തുവരുന്ന ഭൂതം
അലാവുദ്ദീനെ പോലെ ഞാൻ
സ്വർഗ്ഗരാജ്യത്തിന്റെ അധിപൻ

മുറ്റത്തെ മരച്ചില്ലയിലെ പക്ഷി
കുതറിയെറിഞ്ഞ വിത്തുമുളച്ച്,
മരമായി, സ്വർണ്ണപ്പഴങ്ങൾ വളർന്നത്
ഞാൻ നിറമുള്ള പറുദീസ പണിതത്.

ഹേ, രാജാവേ, നീ കിനാവിലാണോ?
ഒരു മരം വരം തരുമെന്ന്
കട്ടുകാലിയാക്കിയ ഖജനാവിലേക്ക്
പടർന്ന് ധനം നിറക്കുമെന്ന്