Thursday, June 2, 2011

വിശുദ്ധയായ അഭയ

അടിവയറിലെ വേദന ശീതീകരണിയുടെ തണുപ്പ്
കുരിശിലേറ്റപ്പെട്ടപോല്‍ ത്രേസ്യാമകിടന്നു
അകലെ പള്ളിമണിയുടെ ആരവങ്ങള്‍
മുറിയില്‍ പുകകലര്‍ന്ന മദ്യഗന്ധം

അന്തര്‍ചോദനയാല്‍ അന്നേ ദിവസം
ത്രേസ്യാമക്ക് ഒരു ഉള്‍വിളിയുണ്ടായി
സ്വപനദര്‍ശനത്തില്‍ മാതാവ് അവളില്‍ വന്നു
അവള്‍ അഭയമാതാവിനെ അറിഞ്ഞു

ത്രേസ്യാമ്മ മാതാവിന്റെ കാല്‍പാദം മുത്തി
മാതാവിന് രക്തഗന്ധമെന്ന് തിരിച്ചറിഞ്ഞു
ത്രേസ്യാമ്മ ഉലക്കണ്ഠപ്പെടുന്നുവെന്നറിഞ്ഞ്
മാതാവ് സാത്വികമായ ചിരിയാല്‍ മൊഴിഞ്ഞു

എന്റേതല്ലാത്ത എന്റെ രക്തമാകുന്നു
നിന്നിലേക്കും നിന്റെ തലമുറയിലേക്കും പകരും
എന്നിൽ ആര്‍ക്കുവേണ്ടീയോ ചീന്തിയ രക്തം
ആര്‍ക്കോവേണ്ടി തകര്‍ത്തെറിഞ്ഞ മാംസം

മാതാവിന്റെ മുഖത്ത് ചുംബനം അര്‍പ്പിച്ചു
കണ്ണീര്‍ തുള്ളികളാല്‍ സ്നാനപ്പെടുത്തി
അര്‍പ്പിക്കപ്പെട്ട മാസത്താല്‍, രക്തത്താല്‍
ത്രേസ്യാമ്മ അഭയമാതാവിനെ വിശുദ്ധയാക്കി

Tuesday, May 10, 2011

ഒരു കേശ കഥ

ഒരു കേശ കഥ പറയുമ്പോള്‍
നിങ്ങള്‍ എന്നെ തൂക്കിലേറ്റരുത്
നാളെ ചന്ദനവും കളഭവുമായി
നാല്പാത്കോടിപ്പള്ളിയിലെത്തും
ചില്ല് കൂടിനകത്ത് ഒരു മൈര്
അതില്‍ തൊട്ടുവണങ്ങുന്ന മുല്ലമാര്‍.....
ജീവനില്‍ കൊതിയുള്ളതിനാല്‍
ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കാം,
നിങ്ങളോട് മാപ്പുചോദിക്കയാല്‍
ഉടയതമ്പുരാന്‍ എനിക്ക് മാപ്പ് തരില്ല
ഒരു ദൈവദാസന്റെ രോമം
എങ്ങിനെയാണ് പൂജനീയമാകുന്നത്
അങ്ങിനെയെങ്കില്‍, ചിത്രകാരാ
രോമത്തിന്‍റെ ഉടമയുടെ ചിത്രം വരക്കൂ
അതില്‍ പൂക്കള്‍ വര്‍ഷിക്കാമല്ലൊ
എന്നും പാലും തേനും ഒഴുക്കാമല്ലൊ
അതല്ലെ ഇതിനേക്കാള്‍ പുണ്ണ്യം

Tuesday, May 3, 2011

പ്രണയം





പ്രണയം
നിങ്ങൾ
ഇരുവരുടെ
മാത്രം കരാറില്‍
ഒതുങ്ങുന്നു
ആനന്ദമാണ്
പക്ഷെ
ബന്ധനമാണ്
നിങ്ങളെ
ഭൂമിയിൽ നിന്ന്
അദൃശ്യമാക്കുന്നു.
മലമുകളിലേക്ക്
പോകുംവരെ
മാത്രം
മുകളില്‍
ഏകാന്തത
ശൂന്യത
പക്ഷെ
വഴിയിൽ
ഉയർത്തിവിട്ട
കൊടുകാറ്റുകളെയും
പ്രളയത്തേയും
മഹാമാരികളെയും
നിങ്ങൾ
അറിയാതെ പോയി.

Saturday, April 23, 2011

Wednesday, April 20, 2011

മാര്‍ക്ക് ലിസ്റ്റ്


അമ്മ
എന്റെ ജീവിതം
വരിതെറ്റാതെ
എഴുതാന്‍ പഠിപ്പിക്കുന്നു

എന്നിട്ടും
അമ്മയുടെ
പുസ്തകത്തില്‍
അക്ഷരതെറ്റുകള്‍

മുത്തശ്ശി
കണക്കുകള്‍ തെറ്റി
തെക്കെചെരുവില്‍
കരഞ്ഞുകൂടി

ചേച്ചി
കിനാവുകള്‍ക്ക്
ചെവികൊടുക്കാതെ
ജീവിതം ഹോമിച്ചു

ഞാന്‍
എന്റെ അക്ഷരങ്ങള്‍ക്ക്
നിറം നല്‍കാനാകാതെ
ഏകാന്തതയില്‍

ആരുടെ
ജീവിതമാണ്
ശരിയുത്തരം
നൂറില്‍ നൂറ്