Tuesday, September 28, 2010

ജീവിതം നിര്‍വ്വചിക്കുംബോള്‍

ജീവിതം നിര്‍വ്വചിക്കുമ്പോള്‍ ..
തീക്കുണ്ഠത്തിലിരിക്കുന്നു

ഒരു തണുത്ത തീയ്യായ്
കത്താതെ കത്തിയെരിഞ്ഞ്
ഒന്നുകില്‍
കത്തിപ്പടര്‍ന്ന് ഒരുവെളിച്ചമാകണം
വഴിനടക്കുന്നവനു കാവലാകണം
അല്ലെങ്കില്‍
കത്തിതീര്‍ന്നൊരു ചാരമാകണം
ശേഷിപ്പില്ലാതെ കാറ്റിലലിയണം

Tuesday, September 7, 2010

രക്ഷകര്‍

കഴുമരം ഏറേണ്ടവന്‍
യൂദാസ്
കുരിശില്‍ കയറി കിടന്നു
യേശുവിനെ ഒട്ടിക്കിടന്നു

ശ്രുതി മധുരം ഓടക്കുഴല്‍
ബാഗ്പൈപര്‍ മോഷ്ടിച്ച്
കുഴലൂതി ജനത്തെ
പാതാളത്തില്‍ വീഴ്ത്തി

ഗോട്സെ വട്ടക്കണ്ണട വെച്ചു
മുണ്ഡനം ചെയ്തു
പാതിവസ്ത്രം ധരിച്ചു
പുണ്ണ്യാളനായി

Sunday, September 5, 2010

നീതി

അള്ളാപിച്ചി മൊല്ലാക്കയുടെ
തൊപ്പിയില്‍ കാക്ക തൂറി
കാശ്മീരിന്റെ ഭൂപടം
വരക്കാത്തതിനാല്‍
തുറുങ്കില്‍ അടക്കപ്പെട്ടു

Thursday, August 19, 2010

മൊബൈല്‍ സന്ദേശം

പ്രണയം ഖനീഭവിച്ച
പുല്‍തകിടിയില്‍
മൊബൈല്‍ കാതില്‍
ചേര്‍ത്ത് അവള്‍
അവനെ കാത്തിരുന്നു
ഡയലര്‍ സംഗീതത്തിന്‍റെ
അവസാന മിടിപ്പും നിലച്ച്
പ്രകാശം മെല്ലെ ഇല്ലാതായി
ഇന്ധനകട്ടയുടെ അവസാന
കശേരുക്കളും നുറുങ്ങിയിരിക്കുന്നു
പിന്നെയും അവളുടെ വിറക്കും
കൈകളാല്‍ പച്ച ബട്ടണമര്‍ത്തി
അവനുവേണ്ടിയുള്ള
തിരച്ചിലിനായി
തരംഗങ്ങളെ അയച്ചു
ഇവിടെ കാത്തിരിക്കും
പ്രാണസഖിയുടെ
രോദനവുമായി തരംഗങ്ങള്‍
അവന്‍റെ മൊബൈലിന്‍റെ
സ്വൊനഗ്രാഹികളിലെത്തി
അത് ഉച്ചത്തില്‍ കരഞ്ഞു

കേഴുമാത്മാവിനെ നിശ്ശബ്ദമാക്കി
അയാള്‍ പുത്തന്‍ സിം കാര്‍ഡിന്‍റെ
വര്‍ണ്ണമേലങ്കി അഴിച്ചെറിഞ്ഞു
അവന്‍റെ അക്കങ്ങള്‍ അവന്‍ മാറ്റി

തരംഗങ്ങള്‍ അവനെ കണ്ടെത്താതെ
അവളിലേക്ക് മടങ്ങി......

Wednesday, August 18, 2010

വാര്‍ദ്ധക്യപുരാണം

വയസ്സായെന്നു
ആരാണ് എന്നെ ഓര്‍മ്മപ്പെടുത്തുന്നത്
ഓരോ ദിനവും ശത്രുവിനെ പോലെ
പത്രമെറിയുന്ന ബാലനോ?
അറ്റത്തെ പച്ചിലകള്‍ കരിച്ച്
ചുട്ടുപൊള്ളുന്ന വേനലോ
അടപ്പുപാത്രത്തില്‍
കുത്തിനിറച്ച പ്രാതല്‍
ഒരുക്കിവെച്ച് രാവിലെ
തിരക്കില്‍ ആപീസിലേക്ക്
കുതിച്ചോടുന്ന മകളോ
ഉച്ചക്ക് തണുത്തുറച്ച പ്രാതല്‍
മോണയില്‍ തറക്കും വേദനയിലോ

എന്‍റെ കയ്യില്‍ വളര്‍ന്നവന്‍
എന്‍റെ പാഠങ്ങള്‍ പഠിച്ചവന്‍
എന്നോളം വളര്‍ന്ന്
ഉപദേശങ്ങളുടെ
ഫോണ്‍ വിളികളിലോ

ഇടക്ക്മുറ്റത്തെകിളികളുടെ
ആരവം കേള്‍ക്കുമ്പോള്‍
ഞാന്‍ യൌവ്വനത്തില്‍
അല്ല യൌവ്വനത്രുഷ്ണയില്‍
അലിയുന്നു...ഇടക്ക്
ഇടക്ക് മാത്രം