Wednesday, February 22, 2012

മാലിന്യം ജനത ഭരണകൂടം


പുതിയ കാലത്തെ മനുഷ്യന്‍ നേരിടുന്ന ഏറ്റവും തീക്ഷ്ണമായ പ്രശ്നം ആഹാരം മാത്രമല്ല. വിസര്‍ജ്യസംസ്കരണവും കൂടിയാണ്.  വൃത്തിയുടെ കാര്യത്തില്‍ എന്നും ഒന്നാമനാണ് മലയാളി. നാട്ടില്‍ പണിയെടുക്കുന്ന അന്യനാട്ടുകാരനെ വൃത്തിയില്ലാത്തവനെന്ന് മേലെനങ്ങാതെ പരിഹസിക്കാന്‍ അല്പം മിടുക്കും കൂടുതലാണ്. എന്നിട്ടും നമ്മുടെ മാലിന്യങ്ങള്‍ ദിനംപ്രതി കുമിഞ്ഞുകൂടുന്നു. വീടുകള്‍ വൃത്തിയാക്കി ആ മാലിന്യം നാട്ടുകാര്‍ക്ക് സഹിക്കാന്‍ തെരുവിലേക്ക് വലിച്ചെറിയുന്നു. എന്നിട്ട് നാം ശുചിത്വത്തെക്കുറീച്ചും ആരോഗ്യപരിപാലനത്തെയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നു. ആശുപത്രികളെ ആരോഗ്യം സംരക്ഷിക്കനുള്ള ഉത്തരവാദിത്തം ഏല്പിച്ച് അവർക്ക് പണം കൊടുക്കുന്നു. നമ്മുടെ ചുറ്റുവട്ടത്ത് ഒരു ചെറിയ കുഴിയില്‍ നിക്ഷേപിച്ച് പരിഹരിക്കാവുന്ന മാലിന്യങ്ങള്‍  റോഡിലെ മാലിന്യഭരണിയില്‍ നിക്ഷേപിച്ചാലേ ശുദ്ധനാകൂ. സംസ്കരിക്കാൻ ഇടമില്ലാത്ത സർക്കാർ ആ മാലിന്യം വൃത്തിയാകുന്നുമില്ല.
ഇപ്പോള്‍ എവിടെയും മാലിന്യസമരത്തിന്റെ ഒച്ചയും ബഹളവും കേട്ടാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. നഗരങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ താങ്ങുന്നത് ചുറ്റുമുള്ള ഗ്രാമങ്ങളാണ് എന്നുള്ളത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ്. നഗരങ്ങളെ ഗ്രാമങ്ങളെ വളയുമെന്നാണ് മാവോ പറഞ്ഞത് എന്നാല്‍ ഗ്രാമങ്ങള്‍ നഗരങ്ങളാല്‍ വളയപ്പെടുകയാണ് ചെയ്യുന്നത്. ഗ്രാമങ്ങളെ നഗരങ്ങളാക്കുന്ന മായാജാലമാണ് ഇന്ന് ഭരണകൂടത്തിന്റെ തന്ത്രം തങ്ങളും നഗരവാസികളാണെന്ന് അഹങ്കരിക്കാനും അവരെ കടുത്ത എതിര്‍പ്പുകളില്‍ നിന്ന് തടയാനും ഗ്രാമങ്ങളെ നഗരങ്ങളാക്കി പ്രശനം പരിഹരിക്കുന്ന വിദ്യകളും നാം കാണുന്നു. നമുക്ക് അല്പമെങ്കിലും ബാക്കിയായിട്ടുള്ള  ജൈവ സമ്പത്ത്  ഗ്രാമങ്ങളിലാണ്, ആ നഷ്ടം നികത്താനാവാത്തതാണ്.
മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥ ഗുരുതരമായ ആരോഗ്യ-സാമൂഹ്യ-കാര്‍ഷിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. മുനിസിപ്പാലിറ്റി നിയമപ്രകാരം മാലിന്യനിര്‍മാര്‍ജനവും രോഗപ്രതിരോധ പ്രവര്‍ത്തനവും കുടിവെള്ള വിതരണവുമാണ് നഗരസഭയുടെ പ്രാഥമികമായ ജോലികൾ. പ്രാഥമികമായ കടമ അവർ നിർവ്വഹിക്കുന്നില്ല. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറിയകൂറും മാലിന്യ സംസ്കരണമെന്നത് വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. ജനങ്ങള്‍ക്ക് മാലിന്യമുക്തമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയണ്. ജീവിക്കാനുള്ള മൌലികമായ അവകാശം സംരക്ഷിക്കാത്ത സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാന്‍ എന്ത് അവകാശമാണുള്ളത്.
മാലിന്യം എന്ത് ചെയ്യണം, എങ്ങനെ, എപ്പോള്‍ സംസ്‌കരിക്കണം എന്നോ അതിന്റെ ചാക്രിക ഉപയോഗങ്ങളെ ക്കുറിച്ചോ ഗൌരവമായ ഒരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നത് അവര്‍ക്ക് ഈ കാര്യത്തിലുള്ള അനാസ്ഥ എത്ര മാത്രമാണ് എന്നു മനസ്സിലാക്കാം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്ന ഒന്ന് നമുക്കുണ്ടെങ്കിലും അതിന് എല്ലാ തരം മാലിന്യപ്രശ്നങ്ങളിലും നിയമപരമായി ഇടപെടാന്‍ അധികാരമുണ്ടെങ്കിലും അത് ചെയ്യാതെ വ്യാവസായിക മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ മാത്രമേ ഇടപെടുന്നിള്ളൂ ചില ഒത്തുതീര്‍പ്പുകള്‍, പരിഹാരങ്ങൾ നടത്തുന്നതേയുള്ളൂ..

ഏതൊരു രാജ്യത്തിന്റെയും വികസനമെന്നത് അവിടെ വസിക്കുന്ന പൌരന്റെ ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശമായിരിക്കണം. പ്രകൃതിയെ വിസ്മരിച്ചുകൊണ്ട് പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ മൌഡ്യം മാത്രമാണ്. മാനുഷികതയോ സ്നേഹഭാവമോ ഇല്ലാതെ കെട്ടിപ്പൊക്കുന്ന ഏതൊരു വികസന തന്ത്രവും ആത്യന്തികമായ പരാജയമാണ്. അത് വികസനത്തിനല്ല വികൃതമായ സമൂഹനിര്‍മ്മിതിക്ക് മാത്രമേ ഉതകൂ.

തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ അമ്പേ പരാജയം. നഗരം ചീഞ്ഞുനാറുകയാണ്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തെ പ്രതിയുള്ള പ്രദേശവാസികളുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ഇനിയും പരിഹാരമുണ്ടായിട്ടില്ല.  കോടതികൾപോലും ആ ജനതക്കൊപ്പം നിൽക്കുന്നില്ല. 

മാലിന്യങ്ങളുടെ കൂമ്പാരമാണ് കൊച്ചി, സലീം കുമാറിന്റെ "കൊച്ച്യെത്തീ" എന്ന ഡയലോഗ് നമുക്ക് മറക്കാൻ കഴിയില്ലല്ലോ? മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും ചീഞ്ഞുനാറുകയാണ്. കളമശ്ശേരിയിൽ മാലിന്യം ജെ സി ബി യിൽ കിൻഫ്രയുടെ സ്ഥലത്ത് തള്ളുന്നു. 


തിരുവനന്തപുരത്ത് വിളപ്പില്‍ശാലയും എറണാകുളത്തിന് ബ്രഹ്മപുരവും കോഴിക്കോടിന് ഞെളിയന്‍പറമ്പും തലശ്ശേരിക്ക് പെട്ടിപ്പാലവും തൃശൂരിന് ലാലൂരും കോട്ടയത്തിന് വടവാതുരും ഗുരുവായൂരിൽ ചക്കംകണ്ടവും, കോട്ടപ്പടീയും, കണ്ണൂരിലെ ചേലോറയിലും പൊതുജനസുരക്ഷയും സ്വീകരിക്കാതെയായിരുന്നു. ചിലയിടങ്ങളിലെല്ലാം കാലഹരണപ്പെട്ട സംവിധാനങ്ങളും.



ആഗോളീകരണകാലത്തെ ഭരണകൂടങ്ങൾക്ക് ഉല്പാദനപരമല്ലാത്ത മുതൽമുടക്കുകൾ സാദ്ധ്യമല്ലാതായിത്തീർന്നിരിക്കുന്നു. കടം തന്നവന്റെ  അഭീഷ്ടങ്ങൾക്കനുസരിച്ച് മാത്രം രൂപീകൃതമാകുന്നു നമ്മുടെ "സ്വയം ഭരണം".  ഭരണകൂടം പുത്തൻ വികസന മുദ്രാവാക്യം മുഴക്കി ജനങ്ങളെ മോഹവലയത്തിൽ നിർത്തി അഴിമതികളുടെ സമ്പന്നതയി വ്യാപരിക്കുന്നു, പ്രതികരിക്കേണ്ട പ്രസ്ഥാനങ്ങൾ ശക്തി പ്രകടങ്ങൾ നടത്തി അടിസ്ഥാന പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടാത്താതെ മാറിനിൽക്കുകയും ചെയ്യുമ്പോൾ  അതിനായുള്ള ഏത് പ്രവർത്തനങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കെ വേണുവിന്റെ നിരാഹാര സമരത്തിന് ഐക്യദാർഡ്യം....

Tuesday, February 14, 2012

ബ്ലോഗ് മീറ്റ് സ്മരണിക




 

    
ഫെബ്രുവരി 10 വെള്ളി:  ഇന്നലെ ബ്ലോഗ് മീറ്റിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ് വൈകിയെത്തിയെതിനാലാകാം, ഉണരാന്‍ ഒരു മടി. എന്തായാലും ഒരു സാമൂഹിക പ്രതിബദ്ധത ഇല്ലാതെ ഒന്നുകൂടി ഉറങ്ങാം എന്നതില്‍ നിന്നാണ് ഇന്നത്തെ ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ കാര്യം ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ മിന്നിയത്. പിന്നെ പ്രിയതമയേയും മകനേയും തട്ടി ഉണര്‍ത്തി കുളിച്ചൊരുങ്ങി പ്രദോഷിനെ കാത്തിരുന്നു. പ്രദോഷും നാമൂസുമായി പരിപാടിനടക്കുന്ന സ്കില്‍ ഡെവലെപ്മെന്റ് സെന്ററില്‍ എത്തി.




ആളും അനക്കവും ഒന്നും  അധികം ആയിട്ടില്ല. നല്ലപാതിയുടെ അപരിചിതമായ സ്ഥലത്തെ ഏകാന്തത തെല്ലൊന്ന്  പരിഭ്രമിപ്പിച്ചെങ്കിലും ഇസ്മായില്‍ ഇക്കയുടെ ഭാര്യകൂടി വന്നപ്പോള്‍ അവര്‍ ഒരു കൂട്ടായി. കുടുംബസമേതര്‍ തീറ്റക്കുള്ള സമയത്തേക്ക് മാത്രം പാതികളെ എത്തിച്ച് പള്ളനിറപ്പിക്കാനുള്ള ഗൂഡാലോചന നടത്തിയത് ഞാന്‍ അറിഞ്ഞില്ല.

ഫോട്ടോ പ്രദര്‍ശനത്തിലെ മികവുറ്റ പലചിത്രങ്ങളും ഉണ്ടായിരുന്നതില്‍ ഒന്ന് തിരഞ്ഞെടുത്ത് വോട്ട് ചെയ്യേണ്ടിയിരുന്നതിനാല്‍ എനിക്ക് വളരെ നന്നെന്ന് തോന്നിയ ഒരു ചിത്രത്തിന്റെ നമ്പര്‍ കുറിച്ച് വോട്ടാക്കി പെട്ടിയില്‍ ഇട്ടു.

ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പഠനക്ലാസ് വളരെ രസകരമായ അനുഭവമായിരുന്നു. കേമറ കയ്യിലെടുത്ത് “ക്ലിക്ക്” അമര്‍ത്തിയാല്‍ അതു തന്നെ ഫോട്ടോഗ്രഫി എന്നു കരുതിയിരുന്ന എന്നേപോലുള്ളവര്‍ക്ക് ചിത്രം പകര്‍ത്തല്‍ എന്ന കലയില്‍ അറിയാത്ത ഒരു പാട് രീതികളും സങ്കീര്‍ണ്ണമായ സാങ്കേതികതകളും ഉണ്ടെന്നുള്ളത്  അല്‍ഭുതപ്പെടുത്തി.

ഫോട്ടോഗ്രാഫി പഠനക്ലാസിനു ശേഷം സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി വേദിയിലുണ്ടായിരുന്ന ഈ കലയിലെ അഗ്രഗണ്യന്മാര്‍ സൂര്യനെവരെ എങ്ങിനെ എപ്പോള്‍ പകര്‍ത്താം എന്നും ഇവയൊക്കെ ഫില്‍റ്റര്‍ ചെയ്യാന്‍ നല്ല അരിപ്പകള്‍ കേമറകളില്‍ ഉണ്ടെന്നും വിശദീകരിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കുള്ള സമയമായതിനാല്‍ പെരുമ്പിലാവിയന്‍ കാര്യങ്ങള്‍ ഇനി പിന്നീടാകാം എന്നു കല്പിച്ചതിന്‍ പ്രകാരം തല്‍കാലത്തേക്ക് അവസാനിപ്പിച്ചു.



പിന്നീട് പരിപാടിയിലെ മുഖ്യ ഇനമായ ഉച്ചയൂണ്, നാടന്‍ വിഭവങ്ങള്‍ കൊണ്ട്  സമ്പന്നമായിരുന്നു. രുചിയോടെ പായസം രണ്ടുമൂന്നുവട്ടം അകത്താക്കുമ്പോള്‍ ആവര്‍ത്തനവിരസതയോ ആവര്‍ത്തനത്തിലെ ലജ്ജയോ മറന്നുപോയിരുന്നു. നിള റെസ്റ്റോറന്റ്  ഒരുക്കിയ  ഭക്ഷണം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

ഭക്ഷണശേഷം ബ്ലോഗര്‍മാരുടെ പരിചയപ്പെടുത്തല്‍ എന്ന പ്രധാന ഇനമായിരുന്നു. ദോഹയില്‍ ബ്ലോഗെഴുതുന്നവര്‍ കുന്നോളം ഉണ്ടെന്ന് പരിപാടിക്ക് പങ്കെടുക്കുന്നവരെക്കുറിച്ച് ഖത്തര്‍ ബ്ലോഗേഴ്സില്‍ വന്ന വിവരങ്ങള്‍ എന്നെ അല്‍ഭുതപ്പെടുത്തിയിരുന്നു. പല ബ്ലോഗുകളിലും കടന്നു നോക്കിയപ്പോള്‍ വ്യത്യസ്ത  രാഷ്ട്രീയ-മത-സാമൂഹിക നിലപാടുള്ളവരാണെന്ന് മനസ്സിലായിരുന്നു. ഓരോരുത്തരെ പരിചയപ്പെടുത്താന്‍ സുനിലെനിനാദികള്‍ ബ്ലോഗിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രൊജെക്ടറിലൂടെ സ്ക്രീനിലും വിവരണം  മൈക്കിലൂടെയും നല്‍കിക്കൊണ്ടിരുന്നു.

നുറുങ്ങുകവിതകള്‍, കവിതകള്‍, ചെറുകഥകള്‍, ഹാസസാഹിത്യം  ശാസ്ത്രം ചിത്രരചന  ഫോട്ടോബ്ലോഗ് എന്നിവ പ്രതിപാദിക്കുന്ന ബ്ലോഗര്‍മാരെ നേരില്‍ കാണാന്‍ കഴിഞ്ഞത് നല്ല ഒരനുഭവമയിരുന്നു. വേദിയില്‍ ആരുമിരിക്കാതെ ബ്ലോഗര്‍ മാത്രം തന്നെ പരിചയപ്പെടുത്തിക്കൊണ്ട് എല്ലാവരും സമന്മാരായ  ജനകീയ അവതരണ രീതി തികച്ചും വ്യത്യസ്തം.

സമകാലീന ബ്ലോഗ് സാഹിത്യത്തെക്കുറിച്ച് നാമൂസും ശ്രദ്ധേയന്‍ ഷഫീക്കും, ബ്ലോഗെഴുത്ത് ഈ കാലഘട്ടത്തില്‍ സമൂഹത്തിലെ ചൂഷണങ്ങള്‍ക്കെതിരെ ഒരു ശബ്ദമാകുന്നതിനെക്കുറിച്ച് പ്രദോഷും വളരെ ഭംഗിയായി സംസാരിച്ചു.
ഏറ്റവും മികച്ചതിനുള്ള സമ്മാനം നേടിയത് ഏറ്റവും നല്ല ചിത്രത്തിനാണ് എങ്കിലും തതുല്യമായ ചിത്രങ്ങള്‍ വേറെയും ഉണ്ടായിരുന്നു. അന്‍വറിന്റെയും,  ബിജുലാലിന്റെയും ഷാൻ റിയാസിന്റെയും ഷിറാസിന്റെയും സഗീറിന്റെയും ജിതുവിന്റെയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതുതന്നെ!

ഒരു അപകടത്തില്‍  ശരീരം തളര്‍ന്ന് തികഞ്ഞ ഏകാന്തത അനുഭവിക്കുന്ന ശംനാദിന് ഖത്തര്‍ ബ്ലോഗേഴ്സ് നല്‍കിയ ലാപ്ടോപ്പ് വളരെ വലിയ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു. സമൂഹജീവിയായ ഒരു മനുഷ്യന് അന്നം പോലെ വളരെ അത്യാവശ്യമാണ്  മറ്റുള്ളവരോട് സംവദിക്കലും എന്നുള്ളതുകൊണ്ട് തന്നെ അത് ബ്ലൊഗര്‍മാര്‍ എന്ന നിലക്ക് സഹജീ‍വിയോടുള്ള കടമതന്നെയാണ്. നല്ല രചനകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകട്ടെയെന്ന് ആഗ്രഹിക്കാം.

കുട്ടികള്‍ക്ക് ചിത്രം വര‍ക്കാന്‍ അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളെ ഉള്‍പെടുത്തിയ വരപുസ്തകത്തിലെ ചിത്രരചനയും സ്കില്ലിലെ കളിമുറ്റത്തെ ഓടിക്കളികളും അവര്‍ നന്നായി ആസ്വദിച്ചു.



ചില വിമര്‍ശനശരങ്ങള്‍ വേദിയിലും വേദിക്കുപുറത്തും പലരും ഉന്നയിച്ചു എന്നുള്ളതും സ്വാഗതാര്‍ഹമാണ്. ഒന്ന് , ഇന്ന് ബ്ലോഗ്ഗര്‍മാരില്‍ കാണുന്ന പരസ്പരം പുകഴ്ത്തലിന്റെ സംസ്കാരം, നോവിച്ചാല്‍ തിരിച്ചും നോവിക്കുമെന്ന ഭയത്താല്‍ നിശ്ശബ്ദമാകുകയും ഇഷ്ടമാകാത്ത ഏതിനേയും മഹാക്ര് ത്യമെന്ന്  പുകഴ്ത്തുകയും ചെയ്യുന്നത് ആ സാഹിത്യമേഘലകളെ തകര്‍ക്കുമെന്ന് രാജന്‍ ജോസഫ്, ഹബീബ് എന്നിവര്‍ വിലയിരുത്തിയത് ശ്രദ്ധേയമാണ്. മറ്റൊന്ന് വേദിക്കുപുറത്തുണ്ടായ ഒരു ചര്‍ച്ചയാണ്.  ഒരു കൂട്ടായ്മ ഏതൊരു ലക്ഷ്യമാണ് കൈവരിക്കേണ്ടതെന്നും, ഒരു കൂടിച്ചേരല്‍ കൊണ്ട് മാത്രം തെളിയിക്കാവുന്നതല്ല എങ്കിലും രണ്ട് മിനുട്ട് നേരത്തെ പരിചയപ്പെടല്‍ വെറും കുറച്ച് കാലത്തേക്ക് മാത്രമായ വെറും പരിചയമായി  ഒതുങ്ങുകയും അതില്‍ നിന്ന് ഏതെങ്കിലും രീതിയില്‍ സാഹിത്യത്തിനോ സംസ്കാരത്തിനോ രാഷ്ട്രീയത്തിനോ ഒന്നും സംഭാവന ചെയ്യാനാകുന്നില്ല എന്നതാണ് ആ വിമര്‍ശനത്തിലെ കാതല്‍. ഇവിടെ നമ്മുടെ സമൂഹത്തില്‍ നാം അനുഭവിക്കുന്ന പൊള്ളുന്ന ഒരു‍പാട് പ്രശ്നങ്ങളെക്കുറിച്ച്, കേരളത്തിലെ സമകാലീന  വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കുക പോലും  ഉണ്ടായില്ല എന്ന വിമര്‍ശനവുമുയര്‍ന്നു.


ഈ കൂട്ടായ്മ, ഭാവിയില്‍ സമൂഹത്തിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന ഒരു ഒച്ച ഉണ്ടാക്കിയെടുക്കാന്‍   കഴിയുമെന്ന് നമുക്ക് ആശിക്കാം. തുടര്‍ചലനങ്ങള്‍ ഉണ്ടാകുകയും അത് നമ്മുടെ സാംസ്കാരിക - പൌരബോധത്തെ പരിപോഷിപ്പിക്കുകയും അതിലൂടെ കാലത്തെ അടയാ‍ളപ്പെടുത്തുന്ന രചനകള്‍ സംഭവിക്കുകയും ചെയ്താല്‍ നാം ഈ സംരഭത്തില്‍ വിജയിച്ചു.


കൂടുതല്‍ ചിത്രങ്ങള്‍:

മീറ്റ് വാര്‍ത്തകള്‍




ചിത്രങ്ങള്‍ക്ക് കടപ്പാട്: ക്യു മലയാളം ഫെയ്സ്ബൂക് ഗ്രൂപ്പ്

Wednesday, February 8, 2012

സ്വപ്നം


നീ പറഞ്ഞു
പുലര്‍ക്കാലങ്ങളില്‍
  എന്നെ സ്വപ്നം കാണാറുണ്ടെന്ന്  .
അമ്മ പറഞ്ഞു
പുലര്‍ക്കാല സ്വപ്നങ്ങള്‍ ഫലിക്കുമെന്നു

അമ്മയോ നീയോ നുണ പറഞ്ഞത്

സ്ത്രീ വിരുദ്ധമാകുന്ന സ്ത്രീപക്ഷങ്ങൾ

നമ്മുടെ സംസ്കാരിക പശ്ചാത്തലം ഒരേസമയം പുരുഷാധിപത്യത്തിനും കപടമായ സ്ത്രീപക്ഷവാദത്തിനും അനുകൂലാമായാണ് പ്രവര്‍ത്തിക്കുന്നത്. സാംസ്കാരിക സ്ത്രീപക്ഷവാദികളില്‍ ഒരു വിഭാഗം യഥാര്‍ത്തത്തില്‍ വാദിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം എന്താണെന്ന് പലപ്പോളും ചിന്തിച്ചുപോയിട്ടുണ്ട്. അവര്‍ നഗ്നതയെ പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് അതൊരു അനിവാര്യതയണെന്നും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് അവളുടെ സ്വാതന്ത്ര്യമാണെന്നും പറയുന്നു. നിരന്തരമായ സഹനത്തില്‍ നിന്ന് ഒരു സമരമാര്‍ഗ്ഗമായി വന്ന ഇറോമിന്റെ സമരത്തെയല്ല ഇവിടെ ഉദ്ദേശിച്ചത്. ശരിയായി വസ്ത്രം ധരിക്കുക എന്നത് പുരുഷനും സ്ത്രീക്കും ചെയ്യാവുന്ന ഒരു മര്യാദയാണ്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അത് ഒരു സ്ത്രീവിമോചന മന്ത്രമാക്കിയത് ആഗോളകുത്തകകളാണ്. അവര്‍ ഒരേ സമയം സ്ത്രീയെ വിലപനച്ചരക്കാക്കുകയും എന്തും ധരിക്കാനുള്ള അവകാശം നേടിക്കൊടുക്കുന്ന വിപ്ലവകരികളുമാക്കുന്നു.

ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും വിലകൂടിയ ഉലപന്നം  എങ്ങിനെ നിര്‍മ്മിക്കാമെന്ന് ആഗോള വസ്ത്രനിര്‍മ്മാണകുത്തകക്കാര്‍ കണ്ടെത്തിയിരിക്കുന്നത് ഈ ഒരു സ്ത്രീ പക്ഷ മനസ്സില്‍ നിന്നാണെന്ന്. ഈ വസ്ത്രധാരണ രീതി ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ ആയ കടമ നിര്‍വ്വഹിക്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാകും ഉത്തരം. പക്ഷെ നിലനില്പിന്നായി കഷ്ടപ്പെടുന്നവന്റെ കീറിയവസ്ത്രത്തിനില്ലാത്ത ഫാഷൻ തുന്നിക്കൂട്ടിയ ജീന്‍സിനു കൈവരുത്തുന്ന കരവിരുതും ഈ മാലിന്യവിതരണതന്ത്രത്തിന്റെ ഭാഗമാണ്.

സ്ത്രീകളെ ഏറ്റവും കൂടുതല്‍ കച്ചവടം ചെയ്യുന്ന വസ്ത്ര സ്വര്‍ണ്ണ കച്ചവടക്കാര്‍ മാത്രമല്ലെന്നും അന്തിക്ക് സ്ത്രീവാദസംവാദങ്ങള്‍ നടത്തുന്ന ചാനലുകള്‍ ആ സംവാദം സംഘടിപ്പിക്കുന്നത് സ്ത്രീ വര്‍ഗ്ഗത്തെ കച്ചവടം ചെയ്താണെന്നത് അപഹസ്യം തന്നെ. സ്ത്രീപക്ഷവാദികളിലെ ഈ വിഭാഗം ഇത്തരം കടുത്ത സ്ത്രീവിരുദ്ധതക്കെതിരെ രംഗത്ത് വരുന്നില്ല. രണ്ടും മൂന്നുകൊല്ലം ഗര്‍ഭിണികളായി തുടരേണ്ടിവരുന്നവരുടെ വേദനയെങ്കിലും ഈ പക്ഷം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം സ്ത്രീവിരുദ്ധമായ സീരിയലുകൾ ഇന്നും നമ്മുടെ ഗ്രുഹങ്ങളെ അവിടെ പിഞ്ചുകുട്ടികളെ വരെ പുരുഷാധിപത്യസാമൂഹികാവസ്ഥയിൽ ഉറപ്പിച്ചുനിർത്തുന്നു.  അമ്മയും പെങ്ങളും ഉണ്ണിമൊന്റെ താഴെയന്നാണ് അവൻ മനസ്സിൽ പാകപ്പെടുത്തിയെടുക്കുന്നത്.
 നമ്മുടെ ടെലിവിഷന്‍ ചനലുകളിൽ നല്ല ഭാഷ സംസാരിക്കാനും അത് സംവേദനം ചെയ്യാനുമുള്ള ശേഷിയാണ് അവതാരക/ര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാനഗുണം എന്നാല്‍ നമ്മുടെ ചാനലുകളിലേക്കുനോക്കിയാല്‍ നല്ല മലയാളം സംസാരിക്കുക എന്നുള്ളത് ഒരു കൌതുകമത്സരം ആയിരിക്കുന്നു. ആരെങ്കിലും മലയാളം സംസാരിച്ചാല്‍ അവന് സമ്മാനം!. ഇപ്പോള്‍ തികച്ചും അനാവശ്യമായ ഒന്നാണ് മലയാളചാനലുകളില്‍ മലയാളം എന്നു തന്നെ പറയാം. വാർത്താവായനക്കാരൻ മാത്രമാണ് കുറെകൂടി നന്നായി മലയാളം പറയുന്നത്.



ലൈംഗികമായ കാമമോഹങ്ങള്‍ സാധാരണമായ ജൈവപ്രക്രിയയാണ്. പക്ഷെ അത് എപ്പോള്‍ പ്രയോഗിക്കണം എന്ന തിര്‍ച്ചറിവാണ് മനുഷ്യനെ വകതിരിവുള്ളവന്‍ എന്ന് വിളിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ ഒരു എതിർലിംഗത്തിലെ രൂപത്തിൽ ലൈംഗികതകണ്ട് കാമമോഹം ഉണ്ടാകുന്നവർ തന്നെയാണ് മനുഷ്യനടക്കമ്മുള്ള ജീവിവർഗ്മ്ന്ഗ്ങൾ.  എന്നാല്‍ അത് അവര്‍ ആരാണെന്നും നമുക്ക്  ആ വികാരം പ്രകടിപിക്കാവുന്നവര്‍ ആണോ അവരെന്നും നാം തിരിച്ചറിയുമ്പോള്‍ അവന്റെ വികാരം മറ്റുള്ളവര്‍ക്ക് ദോഷകരമല്ലാത്ത ഒന്നാകുന്നു. 


പ്രതിരോധമായി പ്രവര്‍ത്തിക്കുന്നവരിൽ പലർക്കും  സദാചാരപോലീസ് മര്‍ദ്ദനവും, കൂകിവിളിയും നാം കഴിഞ്ഞ കാലങ്ങളിൽ കണ്ടതാണ്. അതെല്ലാം തന്നെ നമ്മുടെ ആധുനിക സാംസ്കാരിക പശ്ചാത്തലം മലീമസമായതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. ഇന്ന് ചാനലിനുമുന്നിലിരുന്ന് മുല-മൂട് ആട്ടല്‍ കണ്ട് സാംസ്കാരിക വികാസത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നാളെ അവരില്‍ ചിലര്‍ തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇനിയും “മാനസപുത്രിമാരായി”ചാനല്‍ പെട്ടിയില്‍ തുള്ളിതുളുമ്പാന്‍ ആഗ്രഹിക്കുന്നവരെ നോക്കി സാരിത്തലപ്പുകണ്ടാല്‍ കാമഭ്രാന്തവികാരവിജ്രുംഭിതരാകുന്ന ഒരു വിഭാഗം കാത്തുനില്‍ക്കുന്നുണ്ടെന്ന് ഓര്‍മ്മിക്കുകയും അതിനാല്‍ സൂക്ഷ്മത പാലിക്കുകയും വേണം.


മണിക്കൂറില്‍ വന്‍ തുക കൊടുത്ത ഫോണില്‍ കാമം ശമിപ്പിക്കുന്നവര്‍ വരെ നമുക്ക് ചുറ്റുമുണ്ടെന്നും ഇത്തരക്കാരുടെ കാമഭ്രാ‍ന്തിനുമുന്നില്‍ ജീവിതം ഹോമിക്കപ്പെടുന്നവര്‍ ആയിരങ്ങള്‍ അണ്. സംസ്കാരസമ്പന്നമെന്നും സര്‍വ്വസ്വതന്ത്രമെന്നും ധരിക്കുന്ന നാടുകളിലാണ് സ്ത്രീകള്‍ ഈ അക്രമത്തിന് ഇരയാകുന്നത് എന്നത് കൂടുതല്‍ ഞെട്ടിക്കുന്നു.
(ഫേസ്ബൂക്ക്ചർച്ചയിൽ നിന്നെടുത്തത്)

Tuesday, February 7, 2012

കോവിലന്റെ ഭരതൻ

കാലത്തെയും നീതിവ്യവസ്ഥയെയും പൊളിച്ചെഴുതുന്ന ഒരു നല്ല വായനാനുഭവമാണ് കോവിലന്റെ ഭരതൻ. അധികാരം അതിന്റെ അഭീഷ്ടങ്ങൾക്കനുസരിച്ച് കുറ്റവാളികളെ നിശ്ചയിക്കുകയും, വിധി നിർണ്ണയിക്കുകയും ചെയ്യുന്ന വർത്തമാനകാലത്തെത്തന്നെ ആ നോവൽ വരച്ചു കാണിക്കുന്നു.

അന്നം പാർപ്പിടം എന്നിവ തേടി പ്രവാസത്തിൽ ആയിപ്പോകുന്നവന്റെ വേദന. നീതി നടപ്പാക്കവെ അത് അനീതിയായും പരിണമിക്കുകയും ചെയ്യുന്ന ദുരന്തപൂർണ്ണമായ വർത്തമാനജീവിതത്തെ കോവിലൻ ഭരതനിലൂടെ നമുക്ക് കാണിച്ചു തരുന്നു.

മുതലാളിത്ത  ജീവിതങ്ങളുടെ പൊള്ളത്തരങ്ങളും അതിന്റെ ക്രൂരതകളും തിരിച്ചറിഞ്ഞും അറിയാതെയും അധികാരത്തിന്റെ പങ്കുകാരാകുന്നവർ തന്നെ അതിന്റെ ഇരകളാകുന്നതും അധികാരം അതിന്റെ നിസ്സഹായാവസ്ഥയിൽ കുറ്റവാളികളെ സ്രുഷ്ടിക്കുന്നതും അവർ എങ്ങിനെ വിചാരണചെയ്യപ്പെടുന്നു എന്നും ഒരു പക്ഷെ നാം പരിചിതമായ ചില യാഥാർത്ത്യങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്.

വിശദമായ പഠനവുമായി ആർ നരേന്ദ്രപ്രസാദ് മാത്രുഭൂമിയിൽ എഴുതിയ വായനാനുഭവം ചുവടെ:



ഭാവങ്ങളുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരു ആയം (intensity) കോവിലന്‍ കൃതികളുടെ ജീവചൈതന്യത്തിന് നിസ്തുലപ്രഭ നല്‍കുന്നു. കോവിലനെന്ന നോവലിസ്റ്റ് ഒരളവില്‍ വസ്തുനിഷ്ഠത കൈക്കൊള്ളാന്‍ ബാധ്യസ്ഥനാണ്. കാരണം റിയലിസ്റ്റിക്കായ ഒരു തലത്തില്‍ നിന്നുണരുന്ന നോവല്‍സങ്കല്പമാണദ്ദേഹത്തിന് പ്രാഥമികമായ ഊര്‍ജം നല്‍കുന്നത്. എന്നാല്‍ തന്റെ മാധ്യമമായ റിയലിസ്റ്റിക് നോവലിന്റെ വസ്തുനിഷ്ഠതയെ വ്യക്തനിഷ്ഠമായ സത്യാനുഭവങ്ങളുടെ ഒരു പ്രത്യേക സമീകരണമാക്കി അവതരിപ്പിക്കാനാണ് കോവിലന്‍ ആദിമുതലേ ശ്രമിച്ചു കാണുന്നത്. പട്ടിണിയെക്കുറിച്ചെഴുതുമ്പോള്‍ പട്ടിണി കിടക്കുന്ന മനുഷ്യന്റെ അവബോധത്തെ സ്വാനുഭവപ്രതീതിയുടെ മാന്ത്രികതയില്‍ വേഗച്ചിറകുള്ള ഭാഷയിലേക്കു സംക്രമിപ്പിക്കാന്‍ കോവിലന് കഴിയുന്നു.

കോവിലന്റെ കൃതികളിലെ അനുഭവങ്ങളെ അടക്കി ഭരിക്കുന്ന സവിശേഷമായൊരു വികാരസാന്ദ്രതയുണ്ടെന്നു പറഞ്ഞല്ലോ. വസ്തുനിഷ്ഠമായ ഭാഷയിലേക്ക് പകര്‍ന്നു വീഴുന്ന കോവിലന്റെ ആത്മാംശം തന്നെയാണത്. ഈ വികാരസാന്ദ്രത അല്ലെങ്കില്‍ ആയം കാല്പനികമല്ല. അസ്തിത്വസംബന്ധിയാണ്. പരുക്കനായ കോവിലന്‍, കരുത്തനായ കോവിലന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നവര്‍ അറിയാതെതന്നെ ഈ എഴുത്തുകാരന്റെ രചനാവ്യക്തിത്വത്തിലെ അകാല്പനികമായ അസ്തിത്വാന്വേഷണതൃഷ്ണയിലേക്ക് വിരല്‍ചൂണ്ടുക തന്നെയാണ് ചെയ്യുന്നത്. മനഃശാസ്ത്രപരമായ റിയലിസത്തിന്റെ ഒരു സ്വയംകൃതമണ്ഡലത്തിലാണ് കോവിലന്റെ നോവലുകളും കഥകളും വ്യാപരിക്കുന്നത്. എ മൈനസ് ബി മുതല്‍ ഭരതന്‍ വരെയുള്ള നോവലുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുന്ന കാര്യങ്ങളിലൊന്ന് ഇതാണ്: റിയലിസ്റ്റ് ആഖ്യാനത്തിന്റെ പുറംചട്ടകളെല്ലാം അദ്ദേഹം ഒന്നൊന്നായി അഴിച്ചുകളയുന്നുവെന്ന്.

നമ്മുടെ നോവല്‍റിയലിസം പലപ്പോഴും പെരുമാറ്റചിത്രീകരണത്തിന്റെ (behaviourism) വളപ്പിനപ്പുറത്തേക്കു പോകാനറച്ചുനിന്നിട്ടുണ്ട്. റിയലിസമല്ല, റിയാലിറ്റിയാണ് പ്രശ്‌നമെന്നും ആ റിയാലിറ്റിതന്നെ മാനുഷികമായ റിയാലിറ്റിയാണെന്നും, മാനുഷിക റിയാലിറ്റിയെന്നാല്‍ മാനസിക സത്യമാണെന്നും അറിയുന്ന എഴുത്തുകാരനാണ് കോവിലന്‍. ഒരുവശത്ത് കാല്പനികതയുടെ തരളതയും പ്രശ്‌നപരിഹാരങ്ങളും മോഹചിന്തയും ഉപേക്ഷിക്കുക; മറുവശത്ത് റിയലിസത്തിന്റെ ചട്ടക്കൂടുകള്‍ ഉപേക്ഷിച്ച് വ്യക്തിമനസ്സിലൂടെ സാമൂഹ്യാനുഭവങ്ങളെ ഉള്‍ക്കൊള്ളുക-ഇതായിരുന്നു കോവിലന്റെ പ്രതിഭ നേരിട്ട രചനാപരമായ വെല്ലുവിളി. ഒരര്‍ത്ഥത്തില്‍ കോവിലന്റെ നോവലുകള്‍ സാമൂഹ്യപ്രശ്‌നനോവലുകള്‍ തന്നെ; തകഴിയുടെ നോവലുകള്‍ പോലെ. എങ്ങനെ തകഴിയന്‍ മാര്‍ഗത്തില്‍ നിന്നു ചുവടു മാറ്റാന്‍ കഴിയും? കാല്പനികതയും ബാഹ്യറിയലിസവും തമ്മില്‍ വളരെ രുചികരമായ രീതിയില്‍ കൂട്ടിക്കലര്‍ത്താന്‍ ശ്രമിച്ച തകഴിയുടെ രചനാതന്ത്രത്തില്‍, പൊടിക്കൈ ഏറെയുണ്ട്. ഈ 'പൊടിക്കൈ'- ക്രാഫ്റ്റിനെക്കുറിച്ചും അത് വായനക്കാരിലുണ്ടാക്കിയേക്കാവുന്ന ഇഫക്ടിനെക്കുറിച്ചുമുള്ള കണക്കുകൂട്ടലുകള്‍-ഇത് കോവിലനുണ്ടാവുകയില്ല. വായനക്കാരന്റെ സാമാന്യാഭിരുചിക്കടിയറവയ്ക്കാതെ, അനുഭവങ്ങളുടെ നഗ്നമായ ആന്തരികതയിലേയ്ക്കിറങ്ങിച്ചെന്ന നമ്മുടെ ആദ്യത്തെ നോവലെഴുത്തുകാരിലൊരാളാണ് കോവിലന്‍.

നോവലിലെ സന്ദര്‍ഭത്തില്‍ കോവിലന്‍ പറയുന്നു... 'നാം ഇവിടെ ഒരു കഥയുടെ ഇതിവൃത്തം രചിക്കുന്നില്ല, ഒരു സംഭവത്തിന്റെ മൂലക്കല്ലിളക്കി നോക്കുകയാണ്.'
എന്തിനാണ് മൂലക്കല്ലിളക്കിനോക്കുന്നത്? ഭരതനിലെ മറ്റൊരു ഭാഗം പരിശോധിക്കുക.

'എനിക്ക് നിങ്ങളെ അറിഞ്ഞുകൂടാ. നാം തമ്മില്‍ കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല. നിങ്ങളുടെ പേര്‍ ഭരതന്‍, നിങ്ങളും ഒരു മനുഷ്യന്‍, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ഒരു കാലത്തും മനസ്സിലാക്കുകയില്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഒരു മനുഷ്യന്‍ തനതായ ഒരു പ്രപഞ്ചമാകുന്നു. ഒരു വിദൂരനക്ഷത്രമാകുന്നു. ആ പ്രപഞ്ചത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്, സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മറ്റൊരു മനുഷ്യന്‍ ഊഹിക്കുകയേ ഉള്ളൂ. ഊഹം യഥാതഥം ആയിക്കൊള്ളണം എന്നില്ല. ഞാന്‍ ഇങ്ങനെ ആയതുകൊണ്ട് അവനും അങ്ങനെ ആയിരിക്കും. അന്യനെ മനസ്സിലാക്കാനുള്ള നിരവധി ഉപാധികളിലൊന്ന് അവന്റെ വാക്കാകുന്നു.'

മര്‍ദ്ദകന്റെ പ്രസ്താവമാണിത്. കാഥികന്‍ ഇവിടെ ഐറണി ഉപയോഗിച്ചിട്ടുണ്ട്. കാരണം ഈ ഗീര്‍വാണത്തിനു ശേഷവും ഭരതന്റെ വാക്കുകള്‍ മര്‍ദ്ദകന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, മനുഷ്യന്റെ ആത്യന്തികമായ ഏകാന്തസ്വഭാവം, മറ്റൊരാള്‍ക്കൊരിക്കലും തുറന്നു കൊടുക്കാത്ത അവബോധം-ഇതിനോട് കോവിലന് അഭിപ്രായവ്യത്യാസമുണ്ടെന്നും തോന്നുന്നില്ല.

ഈ അവബോധത്തെ താന്‍ അറിയുകതന്നെ ചെയ്യുമെന്ന വാശിയാണ് കോവിലന്റെ മാനവികത. കോവിലന്‍ മനസ്സിലാക്കുന്ന മനുഷ്യന്‍, മനുഷ്യന്റെ അവബോധമല്ല, അവന്റെ ആത്മീയ ഭാഗധേയമാകുന്നു. നോവലിലെ നായകനായ ഭരതനെക്കാള്‍ മിഴിവ് കിട്ടിയിട്ടുള്ള കഥാപാത്രമാണ് കിഷന്‍ലാല്‍. കിഷന്‍ലാലിന്റെ ഭാഗധേയം അറിയവേ, ഇന്ത്യന്‍ ഗ്രാമത്തിന്റെ ജീവിതത്തുടിപ്പുകളിലേക്കാണ് കോവിലന്‍ ആഴ്ന്നിറങ്ങുന്നത്. വ്യക്തിയുടെ ആത്മീയഭാഗധേയവും അതിനെ നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിഭാസവും ഒരേ അനുഭവമാക്കി അവതരിപ്പിക്കാന്‍ കോവിലന്‍ ശ്രമിക്കുന്നു.

'വെള്ളയും കരിമ്പടവും വിസ്തരിച്ചു വിരിച്ചിട്ടപോലെ നോക്കെത്തുംവരെ നിവര്‍ന്നു കിടന്ന റോഡില്‍ അവന്റെ ചുവടുകള്‍ അറച്ചു. അവന്‍ എന്നും പൂട്ടുകാളകള്‍ക്കു പിമ്പേ നടക്കുമായിരുന്നു.'
നഗരത്തില്‍ സ്വന്തം വധുവിനെ തേടിയെത്തുന്ന ഈ ഗ്രാമീണന്റെ ചിത്രം നോവലില്‍ തിളങ്ങുന്നു. വര്‍ത്തമാനവും ഭൂതകാലവും തമ്മില്‍ കൂട്ടിക്കുഴച്ച്, കഥാഘടനയുടെ നൈരന്തര്യത്താലുണ്ടാവുന്ന മന്ദതയെ അധഃകരിച്ച് അതിവേഗത്തില്‍ ഒരു വനസീമ പെട്ടെന്ന് സഞ്ചരിച്ചു തീര്‍ക്കുന്ന കുതിരയെപ്പോലെ കോവിലന്‍ കിഷന്‍ലാലിനെ തേടിപ്പിടിക്കുന്നു.

മറ്റൊരിടത്ത്:
'വീണ്ടും ഒരു തളത്തില്‍ എത്തി കിഷന്‍ലാല്‍ നിന്നുകിതച്ചു. തളത്തിലൂടെ വലത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് തിരിഞ്ഞ് അവന്‍ പിന്നെയും കോണിപ്പടികള്‍ കയറി. ഇത് ഒരു കെണിയാകുമോ? ചര്‍ സൗ ബീസ്! ആരാണ് അവനെതിരെ ഇത്രയൊക്കെ തിരുമാലിത്തരങ്ങള്‍ നടത്തുന്നത്. അവന്‍ ഒരു എലിയാകുന്നു. ഏതോ ഒരു തിരുമാലി ഒരുക്കിവെച്ച കെണിയില്‍ എലി കുടുങ്ങിപ്പോയി. എലി പരക്കം പായാന്‍ തുടങ്ങി. അല്ലെങ്കില്‍ ഒരു പക്ഷി എലിയെ റാഞ്ചിയെടുത്തു പറക്കുന്നു. എലിക്ക് ശ്വാസം മുട്ടുന്നു. പക്ഷിയുടെ കൂര്‍ത്തുവളഞ്ഞ നഖങ്ങള്‍ എലിയുടെ നെഞ്ചില്‍ താഴുന്നു. പക്ഷിയെ കിഷന്‍ലാല്‍ കണ്ടില്ല. പക്ഷി മുകളിലാകുന്നു. മുകളില്‍ വലത്തേ അറ്റത്ത്, ചാര്‍ സൗ ബീസ്.
പടവുകള്‍ വളരെ കയറി കിഷന്‍ലാല്‍ തളത്തില്‍ കാത്തുനിന്നു. തളത്തിലേക്ക് തുറക്കുന്ന രണ്ടു വാതിലുകള്‍ കണ്ടു. രണ്ടും അടഞ്ഞുകിടക്കുന്നു. ഏതാണ് തുറക്കുക. ഏതാണ് ചാര്‍ സൗ ബീസ്.
ഇടവും വലവും അവന്‍ മറന്നു. അവന് ഭ്രമം വന്നുകൂടി.

ഒരു റിയലിസ്റ്റിക് സന്ദര്‍ഭത്തെ കാവ്യാത്മകതകൊണ്ട് ഫാന്റസിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഈ സമ്പ്രദായത്തിന്റെ പിന്നില്‍ മനുഷ്യന്റെ ആന്തരികസ്വത്വം അറിയാനുള്ള അദമ്യമായ ഉല്‍ക്കണ്ഠയാണ് നിറഞ്ഞു നില്‍ക്കുന്നത്.

കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെയുള്ള ആഹ്വാനം മനഃശാസ്ത്രപരമായ റിയലിസവുമായി ബന്ധപ്പെട്ടതാണല്ലോ. എന്നാല്‍ കോവിലന്റെ നോവലുകളില്‍ മനഃശാസ്ത്രപരമായ തലം, മനോഭാവങ്ങളെ ഉന്മൂലനം ചെയ്യാനുള്ളതല്ല. മനുഷ്യഭാഗധേയത്തെ അസ്തിത്വചിന്താബാധിതമായി നോക്കിക്കാണുന്നതിനുള്ള-അനുഭവിക്കുന്നതിനുള്ള-അനിവാര്യമായ ഒരു ഉപാധിമാത്രമാണിത്. ഭാഗധേയചിന്തയെ ചെറുചെപ്പിലൊതുക്കിയവതരിപ്പിക്കാന്‍ കോവിലനുള്ള പ്രത്യേക ഇഷ്ടവും വൈദഗ്ദ്ധ്യവും ധാരാളം കാഴ്ചവെയ്ക്കുന്ന കൃതിയാണ് ഭരതന്‍. കോവിലന്റെ മറ്റു നോവലുകളിലെന്നപോലെ തന്നെ ഇവിടെയും കഥാപാത്രങ്ങളുടെ ബോധമണ്ഡലം വായനക്കാരുടെ മുന്നില്‍ അനുക്രമമായോ അല്ലാതെയോ വികസിച്ചുവരികയില്ല. അവബോധം തന്നെ ഇവിടെ ആന്തരികസംഭവം അഥവാ ആന്തരികസംഭവങ്ങളുടെ നൈരന്തര്യം മാത്രമായിരിക്കുന്നു. സംഭവനൈരന്തര്യത്തിന്റെ ഘടനയ്ക്കടിസ്ഥാനമായി മൂന്നുതരം രചനാമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതു കാണാം.
(ഒന്ന്) ഭൂതഭാവികള്‍ കൂട്ടിക്കുഴയ്ക്കുക.
(രണ്ട്) പരസ്​പരബന്ധമില്ലെന്നു പെട്ടെന്നു തോന്നുന്ന ഒന്നിലധികം സംഭവങ്ങള്‍ ചേര്‍ത്തുവെച്ച് ആഖ്യാനത്തിന്റെ 'സ്വാഭാവിക'ഗതി തകര്‍ക്കുക.
മൂന്ന്) നാടകീയ സംഭാഷണത്തിന്റെ രൂപത്തിലുള്ള ആഖ്യാനം.
ഭൂതഭാവികളുടെ സങ്കലനം കഥാപാത്രങ്ങളുടെ വിഹ്വലനിമിഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് കോവിലന്‍ അവതരിപ്പിക്കുന്നത്. മധുവെന്ന വധുവിനെ കാത്തുനിന്നമ്പരന്ന കിഷന്‍ അമ്മയെ സ്മരിക്കുന്നു. ഗ്രാമത്തിലെ ഭൂതകാലവിയോഗങ്ങള്‍ അവനെ തഴുകിപ്പോകുന്നു.

അന്ന് അവന്‍ വിഷജ്വരം പിടിപെട്ട് കിടപ്പായിരുന്നു. നിമിഷങ്ങളില്‍ ദിനരാത്രങ്ങളും ഋതുപരിവര്‍ത്തനങ്ങളും കണ്ടുമടുത്തപ്പോള്‍ അമ്മ വെറും വെള്ളം കൊണ്ടുവന്നു.

അമ്മ വെള്ളത്തിനു പോയി, എത്ര ജന്മങ്ങള്‍ കഴിഞ്ഞു. പെട്ടെന്ന് അവന്റെ കണ്ണുകളില്‍ എന്തോ മിന്നി. മധു വാതില്‍ നിറഞ്ഞുനിന്നു.
സംശയാസ്​പദമായ രീതിയില്‍ മരണമടഞ്ഞ യാഗേശ്വര്‍ പ്രസാദിന്റെ ആത്മാവ് ഭരതനോട് തന്റെ ജീവിതകഥ വിവരിക്കുന്ന ഭാഗത്ത് നൈരന്തര്യം തകര്‍ത്തുകൊണ്ട് ആഖ്യാനം മുന്നോട്ട് പോകുന്നതുകാണാം.

സംഭാഷണമില്ലാത്ത സംഭാഷണം ഒരു ആഖ്യാനസങ്കേതമാണ്. (narrative technique) കോവിലനും വി.കെ.എന്നുമാണ് ഈ സങ്കേതത്തെ- റൃമാമശേര dialogue as narration-സ്വാഭാവികമാക്കി വികസിപ്പിച്ചത്. ഒരു ഉദാഹരണം നോക്കുക:
'എങ്കില്‍ യാഗേശ്വരന്‍ പ്രസാദിനെ എന്തിന് കൊല ചെയ്തു?
എനിക്ക്-എനിക്കൊന്നും-എനിക്കൊട്ടും മനസ്സിലാകുന്നില്ല,
കാമിനി മൂലം?
അറിഞ്ഞുകൂടാ.
മിസ്റ്റര്‍ ഭരതന്‍, നിങ്ങള്‍ എപ്പോഴെങ്കിലും ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ?
അറിഞ്ഞുകൂടാ.
...
വിയര്‍ക്കുന്നുണ്ടോ?
ഇല്ല.
പ്ഫ, പട്ടി, നീ വിയര്‍ക്കുന്നില്ലേ?
ഉണ്ട്.
യാഗേശ്വര്‍ പ്രസാദ് മരിച്ചു കിടക്കുന്നത് നീ കണ്ടില്ലേ?
ഇല്ല.
മിസ്റ്റര്‍ ഭരതന്‍, ആ കാഴ്ച ഒന്നു കാണേണ്ടതായിരുന്നു...'
ഉദ്ധരണികളില്ലായ്മ മാത്രമല്ല ഈ സംഭാഷണരീതിയുടെ സവിശേഷത. ഇത് ശൈലീകൃത സംഭാഷണമാകുന്നു. സംഭവത്തെ ആന്തരികസംഭവമാക്കുന്നതും, സാധാരണത്വത്തെ ഒരു ദാര്‍ശനികമായ ഏറ്റുമുട്ടലുണ്ടാക്കുന്നതുമാണ് ഈ സംഭാഷണങ്ങള്‍.

ഇത്തരം ഫാന്റസി തുടിക്കുന്ന നാടകീയ സംഭാഷണങ്ങളിലൂടെ നോവലിസ്റ്റ് ഒരു കഥാപാത്രത്തെ മറ്റു കഥാപാത്രങ്ങളുമായുള്ള മാനസികസംഘര്‍ഷങ്ങളിലൂടെ മനസ്സിലാക്കുകയാണ്. കോവിലന്‍ വെളിപ്പെടുത്തുന്ന മനുഷ്യമനസ്സ്, ഒരിക്കലും ഒരു താവളത്തിലിരിക്കുന്നില്ല; അത് നിരന്തരമായി മറ്റ് മനുഷ്യമനസ്സുകളുമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു. പീഡനത്തിന്റെ ഫലമല്ല, പീഡനം തന്നെയാണ് കോവിലനവതരിപ്പിക്കാനുള്ളത്. കലാപത്തിന്റെ പരിണതിയല്ല, കലാപം തന്നെയാണ് കോവിലന് താല്പര്യം. സംഘര്‍ഷങ്ങളുടെ നാടകീയതയിലൂടെ സാമൂഹ്യപ്രശ്‌നങ്ങളുടെ സമീപനം ഈ നോവലിസ്റ്റ് തേടുന്നു. ഭരതനിലെ എല്ലാ സാമൂഹ്യപ്രശ്‌നങ്ങളും അങ്ങനെ പുരോരംഗതലത്തിലേക്കു വരികയും വായനക്കാരന്റെ മാനവികബോധത്തെ സ്​പര്‍ശിക്കുകയും ചെയ്യുന്നു. ഓര്‍മകളും സംഭാഷണവും കൂട്ടിക്കുഴയ്ക്കുകയും, പല കഥാപാത്രങ്ങളുടെയും അവസ്ഥാന്തരങ്ങളിലേക്ക് പെട്ടെന്നു പെട്ടെന്നു പാളി വീഴുകയും ചെയ്ത്, കലാസൃഷ്ടിയുടെ ആഭ്യന്തരഘടനയുടെ ഇഴകള്‍ മുറുക്കിവയ്ക്കുന്നു കോവിലന്‍.

മനുഷ്യന്റെ അനാഥത്വം അല്ലെങ്കില്‍ നിസ്സാരത കോവിലന്റെ മാനവികതയെ ഉദ്ദീപിപ്പിക്കുന്ന ഒരു ഘടകമാകുന്നു. താന്‍ ആരുമല്ലെന്നു ചിന്തിക്കുന്ന കഥാപാത്രങ്ങള്‍ വളരെയുണ്ട് ഭരതനിലും. ഐ.ഐ.റ്റി. എന്ന ബൃഹത്തായ സ്ഥാപനത്തിന്റെ ലൈന്‍ബസ്സില്‍ കണ്ടക്ടറായി പണിയെടുക്കുന്ന ഭരതന്‍ അനാഥത്വത്തിന്റെ പീഡാനുഭവത്തിലൂടെ സഞ്ചരിക്കുകയാണ് ഈ നോവലില്‍. സ്വര്‍ഗസുഖങ്ങള്‍ നഷ്ടപ്പെട്ട മനുഷ്യനെക്കുറിച്ചുള്ള പരാമര്‍ശം തൊട്ട് അസംബന്ധമായ കേസുവിചാരണവരെയുള്ള രംഗങ്ങളില്‍ ഭരതന്‍ ഒരനാഥമനുഷ്യനായി ഐ.ഐ.റ്റിയെന്ന ആധുനിക സ്ഥാപനത്തിലലയുകയാണ്. എല്ലായിടത്തും അടിസ്ഥാനപ്രശ്‌നമായി കഥാകൃത്ത് കാണുന്നത് ആഹാരമാണ്. തൊഴില്‍, തൊഴില്‍സ്ഥാപനം, ഉദ്യോഗം, ഇതെല്ലാം ആഹാരത്തിന്റെ പ്രശ്‌നമാണ്.

കോവിലന്റെ മനുഷ്യവീക്ഷണത്തെ പരിമിതപ്പെടുത്തുന്ന ഒരു ധാരണയാണിത്. എന്നാല്‍ ആ പരിമിതിയില്‍ വന്നുകൊണ്ട് അതിശക്തമായി പ്രതികരിക്കാന്‍ ഈ എഴുത്തുകാരന് കഴിയുന്നു. ആഹാരമന്വേഷിച്ച്, തൊഴിലന്വേഷിച്ച് കൊച്ചു ജീവിതസൗഖ്യങ്ങളന്വേഷിച്ച് അലയുന്ന ഇന്ത്യാക്കാരനെ ഭരതന്‍ എന്ന പേരിന് അത്തരമൊരര്‍ത്ഥമാനം കഥാകൃത്ത് കല്‍പിക്കുന്നുമുണ്ട്-കോവിലന്‍ കാണുന്നു. ഈ മനുഷ്യന്‍ അനാഥനാണ്. ഈ അനാഥത്വം ഒരു മിത്തിന്റെ പ്രാചീനത ഇവിടെ ഉള്‍ക്കൊള്ളുന്നു.

'നിങ്ങളുടെ പേര്‍ ഭരതന്‍. ഒരിക്കല്‍ ഈ മഹാരാജ്യത്തില്‍ ഭരതന്‍ എന്നൊരു ചക്രവര്‍ത്തിയും ഉണ്ടായിരുന്നു... ഭരതന്‍ എന്ന ഒരു പൗരന്‍- ശകുന്തള പെറ്റെടുത്തുവളര്‍ത്തിയ ഭരതന്‍-ഈ മഹാരാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലും എത്തി. ശകുന്തള അനാഥയായിരുന്നു. അച്ഛനായ വിശ്വാമിത്രന്‍ അവളെ കയ്യൊഴിഞ്ഞു. അമ്മ അവളെ ഉപേക്ഷിച്ചു... നിങ്ങളുടെ പേര്‍ ഭരതന്‍, നിങ്ങളും ഒരു മനുഷ്യന്‍, ഒരു പൗരന്‍. നിരവധി പട്ടികളില്‍ ഒരു പട്ടിയെ തിരിച്ചറിയാന്‍ അതിനൊരു പേരു വെയ്ക്കുന്നതുപോലെ നിങ്ങള്‍ക്കും ഒരു പേരുണ്ടെന്നല്ലാതെ ഭാരതീയ സാങ്കേതിക കലാശാലയില്‍ ഭരതന്‍ യാതൊന്നുമല്ല, നിങ്ങള്‍ ഒരു കണ്ടക്ടര്‍ പോലും അല്ല.'
ഇനി:
'കോളാമ്പി എന്നാല്‍ കമ്മോഡ്. കമ്മോഡിന്റെ സ്ഥാനത്ത് കേരളീയര്‍ ഉപയോഗിക്കുന്ന സര്‍വസാധാരണമായ ഒരു ഉപകരണമാകുന്നു കോളാമ്പി. കാറിത്തുപ്പാനും മുറുക്കിത്തുപ്പാനും രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കാനും ചിലപ്പോള്‍ വിസര്‍ജനത്തിനും കോളാമ്പി ഉപയോഗിക്കുന്നു. കോളമ്പിപ്പൂ പോലും കേരളത്തില്‍ ഉണ്ട്. പ്രതി, മാടായില്‍ ഗോവിന്ദന്‍ ഭരതന്‍ അല്ല, കോളാമ്പി ഭരതന്‍ ആകുന്നു... കോടതി മുഴുക്കെച്ചിരിച്ചു. കോളാമ്പി, ഓ ഓ കോളാമ്പി.'

അധികാരത്തിന്റെയും വരുമാനത്തിന്റെയും പേരില്‍ വിഭക്തമായ ഒരു ആധുനിക നഗരഖണ്ഡത്തില്‍ മനുഷ്യത്വത്തെ കരിച്ചുകളയുന്ന സംഭവങ്ങള്‍ നിരവധി നടക്കുന്നു. ധര്‍മസങ്കടങ്ങളെ നേരിടുന്നതില്‍ പരാജയപ്പെടുന്ന മനുഷ്യര്‍ ശിക്ഷിക്കപ്പെടുന്ന സ്ഥിതി കോവിലന്റെ പല നോവലുകളിലുമുണ്ട്. ഭരതനില്‍ ഈ സ്ഥിതിയുടെ അംശങ്ങള്‍ അവയുടെ അടിസ്ഥാന രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പട്ടിണി, പിരിച്ചുവിടല്‍, ശിക്ഷ, അപരിചിതത്വം എന്നിങ്ങനെയുള്ള വ്യത്യസ്തമായ അനുഭവങ്ങളുടെ നേര്‍ത്ത ചിത്രങ്ങള്‍ ഇവിടെ കൂടിക്കുഴയുകയും മനുഷ്യനെതിരായ ഒരു ഭീകരമായ ഗൂഢാലോചനയെന്നപോലെ ഐ.ഐ.റ്റി.യിലെ ജീവിതം ചുരുള്‍നിവര്‍ക്കുകയും ചെയ്യുന്നു. സംഭവങ്ങളെ മിത്താക്കി മാറ്റുന്ന ഒരു മാന്ത്രികത-കാവ്യാത്മകത-ഭരതനില്‍ നിറഞ്ഞുനില്‍ക്കുന്നു. 'തോറ്റങ്ങളി' ല്‍ സംഭവങ്ങളുടെ ഏകതാനത, കൃതിയുടെ സമഗ്രശോഭയെ നേര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭരതനില്‍ ജീവിതത്തിന്റെ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ-ധാര്‍മികാംശങ്ങള്‍ ഒരു വിചിത്രമായ ഗൗരവത്തോടെ യോജിച്ചു നില്‍ക്കുന്നതു കാണാം. ഈ യോജിപ്പു വരുന്ന ചില സവിശേഷസന്ദര്‍ഭങ്ങളില്‍ ആഖ്യാനരീതി സാമാന്യയുക്തിയെ അതിലംഘിക്കുകയും ഫാന്റസി സൃഷ്ടിക്കുകയും ചെയ്യുന്നു. അതിലൊന്നാണ് കോടതിരംഗം. ഒരു അസംബന്ധമായ നാടകത്തിന്റെ സ്വരച്ഛായയിലുള്ള ഈ രംഗം ഇതിന് മുമ്പ് ഈ നോവലില്‍ നടക്കുന്ന എല്ലാ സംഭവങ്ങളുടെയും സത്ത ആവാഹിക്കുന്ന ഒന്നാണ്. ഇവിടെ നിരപരാധിയായ ഭരതനെ കുറ്റവാളിയാക്കി ശിക്ഷിക്കുന്ന കോടതി, സ്വയം ഒരു കളി കളിക്കുകയാണ്. കോടതിയില്‍ ചോദിക്കുന്നതും വാദിക്കുന്നതും മൊഴി കൊടുക്കുന്നതും തന്റെ പരിചയക്കാര്‍ തന്നെ. ഈ പരിചയക്കാരിലൂടെ പരിചിതമായ ഐ.ഐ.റ്റി. തന്നെ. ഐ.ഐ.റ്റി.യുടെ യന്ത്രസ്വഭാവത്തിലൂടെ അഭിവ്യഞ്ജിപ്പിക്കപ്പെടുന്ന ആധുനിക ഭാരതീയ ഭരണവ്യവസ്ഥ തന്നെ. ഈ അര്‍ത്ഥത്തില്‍ ഭരതന്‍ ഒരു രാഷ്ട്രീയ ഫാന്റസിയാണ്.

കോവിലന്റെ നോവലില്‍ പ്രതിബിംബിക്കുന്ന മനുഷ്യന്‍ ഇന്ത്യാക്കാരനെന്ന സ്വത്വം കൂടിയുള്ള മനുഷ്യനാണ്. പട്ടാളക്കാഥികനെന്ന് ഒഴുക്കന്‍ മട്ടില്‍ വിലയിരുത്തപ്പെട്ടിരുന്ന കോവിലനെ പട്ടാളക്കഥാകാരന്മാരില്‍ നിന്നു മാറ്റിനിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രമുഖം ഈ ഭാരതീയ സ്വത്വമാണ്. ഹിമാലയം എന്ന നോവലില്‍ ഈ സ്വത്വം ഒരു ആത്മീയ കാവ്യാനുഭവമായി മാറുന്നുണ്ട്. ഭരതനില്‍ ഭരതനെന്ന ഇന്ത്യക്കാരന്‍, ഒരു സാമൂഹ്യരാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ഇതാണ്, സമാനമായ പ്രമേയം കൈക്കൊണ്ടിട്ടുള്ള കാക്കനാടന്റെ 'ആരുടെയോ ഒരു നഗരം', വിജയന്റെ 'അരിമ്പാറ', 'പരീക്ഷ', 'എണ്ണ' തുടങ്ങിയ അലിഗറികളില്‍ നിന്ന് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. അടിയന്തരാവസ്ഥയോ അതിലേക്ക് നയിക്കുന്ന രാഷ്ട്രീയ സാമൂഹ്യസാഹചര്യങ്ങളോ ആണ് ഭരതന്‍ ഉള്‍പ്പെടെയുള്ള ഇത്തരം രചനകളെ പരോക്ഷമായി പ്രചോദിപ്പിച്ചിട്ടുള്ളത്. ആനന്ദിന്റെയും എം. സുകുമാരന്റെയും അലിഗറികളുടെ രചനാ പശ്ചാത്തലവും ഇതുതന്നെ. ഇവയ്‌ക്കെല്ലാം ആദിമ പ്രഭവമായി നില്‍ക്കുന്ന കാഫ്കയുടെ നോവലുകള്‍ നമ്മുടെ സെന്‍സിബിലിറ്റിയില്‍ പ്രസക്തി നേടിയതും ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.

എന്നാല്‍ ഒരു രാഷ്ട്രീയ അലിഗറി എന്ന നിലയില്‍ ഈ നോവല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നു പറഞ്ഞുകൂടാ. ചോദ്യം ചെയ്യലിന്റെയും തെളിവന്വേഷണത്തിന്റെയും രംഗങ്ങളില്‍ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയഭീകരത ധ്വനിക്കുന്നുണ്ടെങ്കില്‍ത്തന്നെ, അത് നോവലിന്റെ ആന്തരികഘടനയുടെ ഭാഗമായി മാറിയിട്ടുണ്ടെന്ന് പറയാന്‍ പ്രയാസം. എങ്കില്‍കൂടി ഏകാധിപത്യത്തിന്റെ ഭരണസംവിധാനത്തിനെതിരെ ചാട്ടുളി എയ്യുവാനും ചതച്ചരയ്ക്കപ്പെടുന്ന മനുഷ്യനുവേണ്ടി അമര്‍ഷം കൊള്ളുവാനുമാണ് ഈ നോവല്‍ യത്‌നിക്കുന്നതെന്ന പ്രതീതി ഒരു ഇടിമിന്നല്‍ പോലെ ഈ കൃതി വായിക്കുന്ന ആളിന്റെ മേല്‍ പതിക്കാതിരിക്കുകയില്ല.

കാവ്യാത്മകത മുറ്റിയ ചെറുനോവലുകള്‍ നമ്മുടെ-മലയാളത്തിന്റെ-ഏറ്റവും വലിയ മുതല്‍ക്കൂട്ടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. 'ഓടയില്‍ നിന്ന്', 'മഞ്ഞ്', 'മരണസര്‍ട്ടിഫിക്കറ്റ്' തുടങ്ങിയ ചെറുനോവലുകളുടെ സവിശേഷമായ ഒരു പാരമ്പര്യം ഇവിടെ വേരുപിടിച്ചു വരുന്നു. ഈ പാരമ്പര്യത്തിലാണ് കോവിലന്റെ ഭരതന്‍ ഉള്‍പ്പെടുന്നത്.