Thursday, September 8, 2011

DEMOക്രസി

ഓരോ തിരഞ്ഞെടുപ്പിനൊടുവിലും

മൂലക്കുരു പൊട്ടിയൊലിക്കുന്നതുപോലെ

മഷിയൊലിക്കുന്ന  വിരല്‍

കര്‍മ്മഫലമെന്ന് വിധിച്ച്
ഓരോ വീതം വെക്കലിനും ശേഷം
ഞാന്‍ കൂരയിലേക്ക് മടങ്ങുന്നു.

എന്റെ രാഷ്ട്രീയം മാരത്തോണില്‍
വീണുപോയ ഓട്ടക്കാരന്റെതുപോലെ
ഒറ്റക്കാലനും ഏറെ മുന്നിലെത്തിയിരിക്കുന്നു

ആസനത്തില്‍ ആല്‍ മുളച്ചവരെ കണ്ടു
അവര്‍ അതിന്റെ തണലില്‍
ചെറുകാറ്റിന്റെ ഊഷ്മളതയിൽ

എന്നാലും ചിരിക്കുന്നില്ലെങ്കിലും
ചിരിച്ചെന്നുവരുത്താനുള്ള
എന്റെ അവകാശം ഞാന്‍ ഇഷ്ടപ്പെടുന്നു

എന്നാലും എന്റെ വാക്കുകള്‍
വാക്കുകളായി ശേഷിക്കുന്നതിനാല്‍
ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു


Sunday, August 14, 2011

സ്വാതന്ത്ര്യമേ...

പടിയിറക്കപ്പെട്ട എന്നെ  തിരിച്ചു വിളിക്കുക..
കാലം മുറിപ്പെടുത്തിയതെല്ലാം നമുക്ക് മറക്കാം
മുറിപ്പാടുകളിൽ നിന്ന് ഇറ്റിവീഴുന്ന ചോരത്തുള്ളികൾ
നമ്മുടെ പ്രണയത്തെ ഓർമ്മപ്പെടുത്തട്ടെ

വെടിയൊച്ചകൾ മുഴങ്ങുന്ന തെരുവുകൾ
രക്തം അഴുക്കായി മാറിയ ചാലുകൾ
കത്തിയമരുന്ന കുടിലുകൾ
അർബുദം ബാധിച്ച മനസ്സുകൾ

നമ്മുക്ക് മഴ കാണാം
അതിലെ ഓരോ തുള്ളിയും എത്ര കണിശം
നമുക്ക് അവ വേർതിരിക്കുന്നില്ല
ഒരേ ദാഹം ഒരേ ശമനം

നമുക്ക് വേനൽ കാണാം
അതിന്റെ ചൂട് നമുക്ക് തുല്യം
നമുക്ക് അവ വേർതിരിക്കുന്നില്ല
ഒരേ തീ ഒരേ വരൾച്ച

ഇനി നിനക്ക് എന്നെ കാണാം
നിനക്കായ് കരുതിവെച്ച കറുത്ത പൊട്ട്
അശാന്തി പൂക്കുന്നത് ഭയന്ന്
ഞാൻ സ്വയം അടച്ച മനസ്സ്

എന്റെ വാക്കുകൾ ശ്രവിക്കുന്നില്ല
എന്റെ മനം അറിയുന്നില്ല
നിങ്ങൾ എന്റെ ജാതകം നോക്കുന്നു
ഭ്രഷ്ടനാക്കുന്നു, പടിയടക്കുന്നു

എങ്കിലും കത്തിയമരുന്നതിനുമുൻപ്
ഒരു പിടി ചാരം കയ്യിലുയർത്തി
ഇതാ എന്റെ മണ്ണ് എന്ന്
എനിക്കു വിളിച്ചുപറയാന്‍ കഴിയണമേ..

Thursday, June 2, 2011

വിശുദ്ധയായ അഭയ

അടിവയറിലെ വേദന ശീതീകരണിയുടെ തണുപ്പ്
കുരിശിലേറ്റപ്പെട്ടപോല്‍ ത്രേസ്യാമകിടന്നു
അകലെ പള്ളിമണിയുടെ ആരവങ്ങള്‍
മുറിയില്‍ പുകകലര്‍ന്ന മദ്യഗന്ധം

അന്തര്‍ചോദനയാല്‍ അന്നേ ദിവസം
ത്രേസ്യാമക്ക് ഒരു ഉള്‍വിളിയുണ്ടായി
സ്വപനദര്‍ശനത്തില്‍ മാതാവ് അവളില്‍ വന്നു
അവള്‍ അഭയമാതാവിനെ അറിഞ്ഞു

ത്രേസ്യാമ്മ മാതാവിന്റെ കാല്‍പാദം മുത്തി
മാതാവിന് രക്തഗന്ധമെന്ന് തിരിച്ചറിഞ്ഞു
ത്രേസ്യാമ്മ ഉലക്കണ്ഠപ്പെടുന്നുവെന്നറിഞ്ഞ്
മാതാവ് സാത്വികമായ ചിരിയാല്‍ മൊഴിഞ്ഞു

എന്റേതല്ലാത്ത എന്റെ രക്തമാകുന്നു
നിന്നിലേക്കും നിന്റെ തലമുറയിലേക്കും പകരും
എന്നിൽ ആര്‍ക്കുവേണ്ടീയോ ചീന്തിയ രക്തം
ആര്‍ക്കോവേണ്ടി തകര്‍ത്തെറിഞ്ഞ മാംസം

മാതാവിന്റെ മുഖത്ത് ചുംബനം അര്‍പ്പിച്ചു
കണ്ണീര്‍ തുള്ളികളാല്‍ സ്നാനപ്പെടുത്തി
അര്‍പ്പിക്കപ്പെട്ട മാസത്താല്‍, രക്തത്താല്‍
ത്രേസ്യാമ്മ അഭയമാതാവിനെ വിശുദ്ധയാക്കി

Tuesday, May 10, 2011

ഒരു കേശ കഥ

ഒരു കേശ കഥ പറയുമ്പോള്‍
നിങ്ങള്‍ എന്നെ തൂക്കിലേറ്റരുത്
നാളെ ചന്ദനവും കളഭവുമായി
നാല്പാത്കോടിപ്പള്ളിയിലെത്തും
ചില്ല് കൂടിനകത്ത് ഒരു മൈര്
അതില്‍ തൊട്ടുവണങ്ങുന്ന മുല്ലമാര്‍.....
ജീവനില്‍ കൊതിയുള്ളതിനാല്‍
ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കാം,
നിങ്ങളോട് മാപ്പുചോദിക്കയാല്‍
ഉടയതമ്പുരാന്‍ എനിക്ക് മാപ്പ് തരില്ല
ഒരു ദൈവദാസന്റെ രോമം
എങ്ങിനെയാണ് പൂജനീയമാകുന്നത്
അങ്ങിനെയെങ്കില്‍, ചിത്രകാരാ
രോമത്തിന്‍റെ ഉടമയുടെ ചിത്രം വരക്കൂ
അതില്‍ പൂക്കള്‍ വര്‍ഷിക്കാമല്ലൊ
എന്നും പാലും തേനും ഒഴുക്കാമല്ലൊ
അതല്ലെ ഇതിനേക്കാള്‍ പുണ്ണ്യം

Tuesday, May 3, 2011

പ്രണയം





പ്രണയം
നിങ്ങൾ
ഇരുവരുടെ
മാത്രം കരാറില്‍
ഒതുങ്ങുന്നു
ആനന്ദമാണ്
പക്ഷെ
ബന്ധനമാണ്
നിങ്ങളെ
ഭൂമിയിൽ നിന്ന്
അദൃശ്യമാക്കുന്നു.
മലമുകളിലേക്ക്
പോകുംവരെ
മാത്രം
മുകളില്‍
ഏകാന്തത
ശൂന്യത
പക്ഷെ
വഴിയിൽ
ഉയർത്തിവിട്ട
കൊടുകാറ്റുകളെയും
പ്രളയത്തേയും
മഹാമാരികളെയും
നിങ്ങൾ
അറിയാതെ പോയി.